കോടതിക്ക് ഒരു ശല്യമായിരിക്കുന്നു അഭിഭാഷകനും ബി ജെ പി നേതാവുമായ അശ്വനി ഉപാധ്യായ. സ്ഥിരമായി കോടതിയിൽ പൊതുതാത്പര്യ ഹരജികൾ സമർപ്പിക്കുന്നതിന് അദ്ദേഹത്തിനെതിരെ രൂക്ഷമായ വിമർശമാണ് വെള്ളിയാഴ്ച സുപ്രീം കോടതിയിൽ നിന്നുണ്ടായത്. “നിങ്ങൾ എല്ലാ ദിവസവും പൊതുതാത്പര്യ ഹരജി സമർപ്പിക്കാറുണ്ടോ? പലയാവർത്തി ഇത് ആവർത്തിക്കരുതെന്ന താക്കീത് നൽകിയതാണ്. ഇങ്ങനെ ഹരജി സമർപ്പിക്കാനാണെങ്കിൽ ഞങ്ങൾ പുതിയ കോടതി നിർമിക്കേണ്ടി വരു’മെന്നായിരുന്നു ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കും വിദ്യാർഥികൾക്കും ഒരേ യൂനിഫോം നടപ്പാക്കണമെന്നും മൂന്ന് മാസത്തിനകം ഇക്കാര്യത്തിൽ തീർപ്പ് കൽപ്പിക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയുടെ പരിഗണനാ വേളയിലായിരുന്നു കോടതിയുടെ വിമർശം. ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് താൻ സമർപ്പിച്ച ഹരജികൾക്കൊപ്പം ഈ ഹരജിയും പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു അശ്വിനി ഉപാധ്യായ. തത്കാലം ഹരജി പരിഗണിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം.
വർഷങ്ങളായി വിവിധ ആവശ്യങ്ങളുന്നയിച്ചു കോടതികളിൽ പൊതുതാത്പര്യ ഹരജികൾ സമർപ്പിച്ചു വരികയാണ് അശ്വിനി ഉപാധ്യായ. വന്ദേമാതരത്തെ ദേശീയഗാനമായ ജനഗണമനയുടെ അതേ പദവിയിലേക്ക് ഉയർത്തണം, ഹിന്ദുക്കൾ കുറവുള്ള സംസ്ഥാനങ്ങളിൽ അവർക്ക് ന്യൂനപക്ഷ പദവി നൽകണം, രാജ്യത്തെ സ്‌കൂൾ പാഠ്യപദ്ധതിയിൽ യോഗ നിർബന്ധമാക്കണം, മതപരിവർത്തനം തടയണം തുടങ്ങി ഹിന്ദുത്വർ മുന്നോട്ടു വെക്കുന്ന ആവശ്യങ്ങളാണ് അദ്ദേഹത്തിന്റെ ഹരജിയിൽ ഭൂരിഭാഗവും. ഏക സിവിൽ കോഡ് ആവശ്യപ്പെട്ട് ഡൽഹിയിൽ മാർച്ച് സംഘടിപ്പിക്കുകയും ചെയ്തിരുന്നു. കൊളോണിയൽ കാലഘട്ടത്തിലെ നിയമങ്ങൾക്കെതിരെ ഡൽഹിയിലെ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ മുസ്‌ലിംവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചതിന് അറസ്റ്റിലായിട്ടുമുണ്ട് അശ്വിനി ഉപാധ്യായ.
സാമ്പത്തികമോ മറ്റ് വ്യക്തിപരമായതോ ആയ നേട്ടത്തിന് വേണ്ടിയല്ലാതെ സമൂഹത്തിന്റെ പൊതുവായ നന്മ ഉദ്ദേശിച്ചോ നീതി നിഷേധിക്കപ്പെട്ട ഒരു വിഭാഗത്തിന് വേണ്ടിയോ ഒരു വ്യക്തി കോടതിയിൽ നൽകുന്ന ഹരജികളെയാണ് പൊതുതാത്പര്യ ഹരജിയെന്ന് പൊതുവെ വിവക്ഷിക്കുന്നത്. സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരുടെ ഊന്നുവടിയെന്നാണ് പൊതുതാത്പര്യ ഹരജികൾ വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യൻ നീതി ഭരണ വ്യവസ്ഥ ഇത്തരം വ്യവഹാരങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. പോസ്റ്റ് കാർഡിൽ അയച്ച ഒരു പരാതിയിന്മേൽ വരെ അന്വേഷിച്ചു നടപടിയെടുത്ത ചരിത്രവും പൊതുതാത്പര്യ ഹരജികളുടെ ഗണത്തിലുണ്ട്. കൃഷ്ണയ്യർ കേരളാ ഹൈക്കോടതി ജഡ്ജിയായിരിക്കെ പത്രറിപോർട്ടുകൾ സ്വമേധയാ ഹരജിയായി സ്വീകരിച്ചു സുപ്രധാനമായ വിധിന്യായങ്ങൾ പുറപ്പെടുവിച്ച ചരിത്രവുമുണ്ട.് പൊതുതാത്പര്യങ്ങൾ മുൻനിർത്തിയുള്ളതായിരുന്നു അക്കാലത്തെ വിധികളെല്ലാം. അധികാര കേന്ദ്രങ്ങളിൽ നിന്ന് മാറ്റിനിർത്തപ്പെട്ട സാധാരണക്കാർക്ക് പലപ്പോഴും സഹായകമായിട്ടുണ്ട് ഇത്തരം ഹരജികളും വിധികളും.
പൊതുതാത്പര്യ ഹരജികളിലൂടെ പ്രശസ്തരായ പല സാമൂഹിക പ്രവർത്തകരുമുണ്ട്. ഈ ഗണത്തിൽപ്പെടുന്നു നവാബ് രാജേന്ദ്രൻ. സർക്കാറിനും മന്ത്രിമാർക്കും മറ്റ് പ്രമുഖർക്കുമെതിരെയുള്ളവയായിരുന്നു അദ്ദേഹത്തിന്റെ ഹരജികൾ നല്ലൊരു പങ്കും. ഇതേത്തുടർന്ന് അദ്ദേഹത്തിന്റെ ഹരജികൾ പരിഗണിക്കരുതെന്നു കാണിച്ച് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയുണ്ടായി. കോടതിയുടെ വിലപ്പെട്ട സമയം വെറുതേ കളയുന്ന കേസുകളാണ് നവാബിന്റേതെന്നായിരുന്നു സർക്കാർ വാദം. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. പ്രാധാന്യമുള്ള കേസുകളാണ് നവാബ് രാജേന്ദ്രൻ ശ്രദ്ധയിൽ കൊണ്ടുവരുന്നതെന്നും സമൂഹത്തിന് ഇത്തരം ആളുകൾ ആവശ്യമുണ്ടെന്നുമായിരുന്നു കോടതിയുടെ പ്രതികരണം. എങ്കിലും സമീപ കാലത്ത് ഭരണകൂട നയങ്ങൾക്കും കോർപറേറ്റുകൾക്കുമെതിരായ പൊതുതാത്പര്യ ഹരജികളോട് കോടതികൾ പൊതുവെ വിമുഖത കാണിക്കുകയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിന് പകരം ബാലറ്റ് പേപ്പർ ഉപയോഗിക്കണം, ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തിൽ പ്രത്യേക അന്വേഷണം വേണം, കൊവിഡ് വാകസീനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള ഹരജികളും കശ്മീരിന്റെ പ്രത്യേകാധികാരങ്ങൾ റദ്ദാക്കിയതിനെതിരെയുള്ള ഹരജികളും അടക്കം പല സുപ്രധാന പൊതുതാത്പര്യ ഹരജികളും കോടതികൾ നിരാകരിക്കുകയാണുണ്ടായത്. സുപ്രീം കോടതിയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്നാണ് ജസ്റ്റിസ് ലോയയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി തള്ളിയതിനോട് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പ്രതികരിച്ചത്.
പൊതുതാത്പര്യ ഹരജികളുടെ പ്രാധാന്യം അംഗീകരിക്കുമ്പോൾ തന്നെ, അവയെ ദുരുപയോഗം ചെയ്യുന്ന പ്രവണതയെ നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്. വാർത്താ പ്രാധാന്യത്തിനും കക്ഷിരാഷ്ട്രീയ താത്പര്യങ്ങൾക്കും നിക്ഷിപ്ത താത്പര്യങ്ങൾക്കും പൊതുതാത്പര്യ ഹരജിയെ ഉപയോഗപ്പെടുത്തുന്നുണ്ട് ഇന്ന് പലരും. അശ്വനി ഉപാധ്യായയുടെ പല ഹരജികൾക്കും പിന്നിൽ ഹിന്ദുത്വ രാഷ്ട്രീയ താത്പര്യമാണെന്നാണ് നിയമവൃത്തങ്ങളുടെ വിലയിരുത്തൽ. കേസുകൾ വൻ തോതിൽ കെട്ടിക്കിടക്കുകയാണ് രാജ്യത്തെ കോടതികളിലെല്ലാം. നീതി നിഷേധിക്കപ്പെട്ട സാധാരണക്കാരുടെ ജീവിതങ്ങളാണ് ഈ കേസുകളിൽ കുരുങ്ങിക്കിടക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ കേവല പ്രശ്‌സതിക്കോ കക്ഷിരാഷ്ട്രീയ താത്പര്യങ്ങൾക്കോ കോടതിയുടെ വിലപ്പെട്ട സമയം കവർന്നെടുക്കുന്നത് അംഗീകരിക്കാവതല്ല. 2021 ഫെബ്രുവരിയിൽ, തമിഴ്നാട്ടിലെ ഡോ. അംബേദ്കർ നിയമ സർവകലാശാലയുടെ ബിരുദദാന സമ്മേളനത്തെ അഭിസംബോധന ചെയ്യവെ പൊതുതാത്പര്യ ഹരജികളെ സ്വകാര്യ താത്പര്യ വ്യവഹാരമാക്കി മാറ്റുന്നതിനെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രൂക്ഷമായി വിമർശിച്ചിരുന്നു. സഹജീവി സ്‌നേഹവും സാമൂഹികമായ കർത്തവ്യ ബോധവുമായിരിക്കണം പൊതുതാത്പര്യ ഹരജികൾക്ക് പ്രേരകം. ഈ വികാരത്തിൽ സമർപ്പിക്കപ്പെടുന്ന ഹരജികൾക്ക് അർഹിക്കുന്ന പരിഗണന ലഭ്യമാകേണ്ടതുമാണ്.
source https://www.sirajlive.com/public-interest-litigation-has-two-tiers.html
Post a Comment