സ്ത്രീത്വത്തെ അപമാനിച്ചാകരുത് ദേഹപരിശോധനകള്‍

പ്രാകൃതവും സ്ത്രീത്വത്തിനു നെരേയുള്ള കടന്നുകയറ്റവും സി ബി എസ് സിക്കും നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ ടി എ)ക്കും രാജ്യത്തിനു തന്നെയും കടുത്ത നാണക്കേടുമാണ് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രമഴിപ്പിച്ച് പരീക്ഷക്കിരുത്തിയ സംഭവം. കൊല്ലം ആയൂര്‍ മാര്‍ത്തോമ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിഷ്‌കൃത സമൂഹത്തിന് ഒട്ടും നിരക്കാത്ത ഈ നടപടി. പരീക്ഷ എഴുതാനായി സെന്ററിന്റെ ഗേറ്റ് കടന്ന വിദ്യാര്‍ഥിനിയെ പരീക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനക്ക് വിധേയയാക്കുകയും “ബീപ്’ ശബ്ദം കേട്ടപ്പോള്‍ അടിവസ്ത്രത്തില്‍ ലോഹക്ലിപ്പ് ഉണ്ടെന്നും അത് ഊരിവെക്കണമെന്നാവശ്യപ്പെടുകയുമായിരുന്നു. ജീവനക്കാരുടെ മുമ്പില്‍ നിന്ന് അടിവസ്ത്രം മാറ്റാനുള്ള നാണത്താല്‍ അമ്മയെ വിളിച്ച് ഷാള്‍ എത്തിച്ച ശേഷം അതിന്റെ മറവിലാണ് വിദ്യാര്‍ഥിനി വസ്ത്രം മാറിയത്. അടിവസ്ത്രം അഴിക്കാന്‍ വിദ്യാര്‍ഥിനി വിമുഖത കാണിച്ചപ്പോള്‍ “സ്വന്തം ഭാവിയാണോ അടിവസ്ത്രമാണോ വലുത്’ എന്ന് ചോദിച്ചുവത്രെ ഉദ്യോഗസ്ഥ. അടിവസ്ത്രം അഴിച്ചു മാറ്റിയപ്പോള്‍ ഷാളും മാറ്റാന്‍ ആവശ്യപ്പെട്ടുവെന്നും തുടര്‍ന്ന് മുടി മുന്നില്‍ താഴ്ത്തിയിട്ടാണ് പരീക്ഷയെഴുതിയതെന്നും വിദ്യാര്‍ഥിനി പറയുന്നു. ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത് ഒരു വിദ്യാര്‍ഥിയാണെങ്കിലും നിരവധി വിദ്യാര്‍ഥിനികള്‍ക്ക് പരിശോധകരില്‍ നിന്ന് മോശം അനുഭവം ഉണ്ടായതായാണ് വിവരം.

കേരളത്തില്‍ നിന്നുള്ള എം പിമാരുടെ ഇടപെടലിനെ തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അടിയന്തരാന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇതുസംബന്ധിച്ച് എം പിമാരായ ഹൈബി ഈഡനും കെ മുരളീധരനും ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നു. അതേസമയം ആയൂര്‍ മാര്‍ത്തോമ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടന്നിട്ടില്ലെന്നും ഇതുസംബന്ധിച്ച് രേഖാമൂലം പരാതി ലഭിച്ചില്ലെന്നുമാണ് നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി അധികൃതര്‍ പറയുന്നത്.

കേരളത്തില്‍ ഇതാദ്യത്തെ അനുഭവമല്ല. 2017 മെയില്‍ നടന്ന നീറ്റ് പരീക്ഷയില്‍ കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലം കൊവ്വപ്പുറം ടിസ്‌ക് സ്‌കൂളില്‍ നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിപ്പിക്കുകയും ചുരിദാറിന്റെ കൈ മുറിച്ചു മാറ്റുകയും ചെയ്തിരുന്നു. പരിശോധനയില്‍ വിദ്യാര്‍ഥിനിയുടെ ബ്രായുടെ ലോഹക്കൊളുത്ത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്നും അടിവസ്ത്രം അഴിച്ചു മാറ്റാന്‍ ആവശ്യപ്പെട്ടത്. അത് മാറ്റിക്കഴിഞ്ഞപ്പോള്‍ മേല്‍ വസ്ത്രത്തിന്റെ പിറകിലെ പോക്കറ്റിലും ലോഹമുണ്ടെന്നും അതും അഴിച്ചുമാറ്റണമെന്നായി പരിശോധകര്‍. ഇതോടെ കുട്ടിയുടെ പിതാവ് ദൂരെയുള്ള ഒരു വസ്ത്രക്കടയില്‍ ചെന്ന് ലെഗ്ഗിന്‍സ് വാങ്ങിയ ശേഷം അത് ധരിച്ചാണ് വിദ്യാര്‍ഥിനി പരീക്ഷയെഴുതിയത്. സംഭവം വന്‍ വിവാദമായതോടെ അന്ന് സി ബി എസ് ഇ ഖേദം പ്രകടിപ്പിക്കുകയും വിദ്യാര്‍ഥിനികളോട് നിരുപാധികം മാപ്പ് പറയാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

നേരത്തേ ശിരോവസ്ത്രം, ഹിജാബ്, കൃപാണം എന്നിവക്ക് വിലക്കുണ്ടായിരുന്നു “നീറ്റി’ല്‍. 2020ലെ പരീക്ഷ മുതല്‍ കേന്ദ്ര മാനവ വിഭവ മന്ത്രാലയം വിലക്ക് നീക്കുകയായിരുന്നു. 2019ലെ പരീക്ഷയില്‍ ശിരോവസ്ത്രത്തിന് പല കേന്ദ്രങ്ങളിലും വിലക്കേര്‍പ്പെടുത്തിയതിനെതിരെ കടുത്ത പ്രതിഷേധം ഉയരുകയും ചിലര്‍ കോടതിയെ സമീപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇവ ധരിക്കാന്‍ അനുവാദം നല്‍കിയത്. എങ്കിലും ഈ വര്‍ഷവും രാജസ്ഥാനിലെ കോട്ടയിലും മഹാരാഷ്ട്രയിലെ വഷീമിലും ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ നീറ്റ് പരീക്ഷാ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരും പോലീസും തടയുകയും ഹിജാബ് അഴിച്ചു മാറ്റാന്‍ ആവശ്യപ്പെടുകയുമുണ്ടായി. ഇതേത്തുടര്‍ന്ന് പരീക്ഷാര്‍ഥികളും പോലീസും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായതിനു പിന്നാലെ പരീക്ഷാ നിരീക്ഷകര്‍ ഇടപെട്ടാണ് വിദ്യാര്‍ഥിനികളെ അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചത്.

പരീക്ഷാ നടത്തിപ്പിനുള്ള മാനദണ്ഡങ്ങളില്‍ വസ്ത്രത്തിന് നീളമുള്ള കൈ പാടില്ലെന്നും മുഖം വ്യക്തമായി കാണണമെന്നും പറഞ്ഞതല്ലാതെ വസ്ത്രത്തിന്റെ കാര്യത്തില്‍ മറ്റു നിബന്ധനകളൊന്നും നിഷ്‌കര്‍ഷിച്ചിട്ടില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വിശദമാക്കുന്നത്. കൊല്ലം ആയൂര്‍ മാര്‍ത്തോമ ഇന്‍സ്റ്റിറ്റ്യൂട്ടിലല്ലാതെ കേരളത്തിലെ മറ്റൊരു പരീക്ഷാ കേന്ദ്രത്തിലും വിദ്യാര്‍ഥികള്‍ക്ക് ഇത്തരമൊരു അനുഭവമുണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. ചില കേന്ദ്രങ്ങളില്‍ ദേഹപരിശോധനക്കിടെ വസ്ത്രങ്ങളില്‍ അനുവദനീയമല്ലാത്ത ഘടകങ്ങള്‍ കണ്ടെത്തിയപ്പോള്‍ അവ ഇളക്കി മാറ്റാന്‍ ആവശ്യപ്പെടുകയല്ലാതെ വസ്ത്രം അഴിച്ചു മാറ്റാന്‍ നിര്‍ദേശിച്ചിരുന്നില്ല.

അമിതാധികാര പ്രയോഗമാണ് പരീക്ഷാര്‍ഥികളെ അപമാനിക്കുന്ന തരത്തിലുള്ള ആയൂര്‍ മാര്‍ത്തോമ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരീക്ഷാ ഉദ്യോഗസ്ഥരുടെ നടപടികള്‍. സുതാര്യമായി പരീക്ഷ നടത്താന്‍ അത്യാധുനിക സംവിധാനങ്ങള്‍ ലഭ്യമായിരിക്കെയാണ്, ഈ പ്രാകൃത രീതി തുടരുന്നത്. ഇത്തരം നടപടികള്‍ പരീക്ഷക്കെത്തുന്ന വിദ്യാര്‍ഥികളെ മാനസികമായി തളര്‍ത്തുകയും അവരുടെ പ്രകടനത്തെ തന്നെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. കൊല്ലത്ത് അധികൃതരുടെ പീഡനത്തിനിരയായ വിദ്യാര്‍ഥിനിക്ക്, നേരത്തേയുള്ള തയ്യാറെടുപ്പിനനുസരിച്ച് എഴുതാന്‍ സാധിച്ചില്ലെന്ന് അവര്‍ തന്നെ വ്യക്തമാക്കുകയുണ്ടായി. വര്‍ഷങ്ങള്‍ നീണ്ട ശ്രമകരമായ തയ്യാറെടുപ്പിനു ശേഷം വലിയ പ്രതീക്ഷകളോടെയാണ് ഓരോ വിദ്യാര്‍ഥിയും നീറ്റ് പരീക്ഷക്കെത്തുന്നത്. അവരുടെ പ്രതീക്ഷകളെയാണ് ഇത്തരം ഉദ്യോഗസ്ഥര്‍ തല്ലിക്കെടുത്തുന്നത്. പരീക്ഷാ ഏജന്‍സികള്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ പരിചയക്കുറവും പരീക്ഷാ നിയമങ്ങളെക്കുറിച്ചുള്ള വിവരക്കേടുമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് പരിഹരിക്കാന്‍ സി ബി എസ് സിയും മാനവ വിഭവ മന്ത്രാലയവുമാണ് നടപടി സ്വീകരിക്കേണ്ടത്. അല്ലെങ്കില്‍ രാജ്യം ഇനിയും ഇത്തരം നാണക്കേടിനു സാക്ഷിയാകേണ്ടിവരും.



source https://www.sirajlive.com/body-examinations-should-not-be-an-insult-to-womanhood.html

Post a Comment

Previous Post Next Post