വാട്‌സ് ആപ് ചാറ്റ് പുറത്തായ സംഭവത്തില്‍ യൂത്ത്‌കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര കലഹം

തിരുവനന്തപുരം | വിമാനത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിക്കണമെന്ന് കെ എസ് ശബരീനാഥനടക്കമുള്ളവര്‍ വാട്‌സ് അപ് ഗ്രൂപ്പില്‍ പറഞ്ഞത് പുറത്തായ സംഭവത്തില്‍ യൂത്ത്‌കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര കലഹം. ഔദ്യോഗിക വാട്‌സ് ആപ് പുറത്തായതില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ തയ്യാറാകുന്നില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. സംഘടനയുടെ പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കുന്നതാണ് ഇത്തരം ഒറ്റലുകളെന്നും ഇവര്‍ പറയുന്നു. നടപടി ആവശ്യപ്പെട്ട് 12 ഓളം സംസ്ഥാന നേതാക്കള്‍ യൂത്ത്‌കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റിന് കത്തയച്ചിട്ടുണ്ട്. നേരത്തെയും സമാന ചോര്‍ച്ച ഉണ്ടായിട്ടും നടപടി എടുക്കാത്തതാണ് സംഭവം ആവര്‍ത്തിക്കാന്‍ കാരണമെന്ന് ഇവര്‍ പറയുന്നു.

അതിനിടെ യൂത്ത്‌കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഗ്രൂപ്പിലെ വാട്‌സ് ആപ് ചാറ്റ് ചോര്‍ത്തിയതില്‍ പ്രതിഷേധം അറിയിച്ച് ശബരീനാഥന്‍ രംഗത്തെത്തി. ചോര്‍ത്തല്‍ സംഘടനക്ക് ഭൂഷണമല്ല. സംഘടനക്കുള്ളില്‍ എന്തെങ്കിലും അഭിപ്രായ വിത്യാസം ഉണ്ടെങ്കില്‍ പരിഹരിക്കും. ഷാഫി പറമ്പിലിനെതിരെ സംഘടനക്കുള്ളില്‍ എന്തെങ്കിലും എതിര്‍പ്പുള്ളതായി തോന്നുന്നില്ലെന്നും ശബരീനാഥന്‍ ചാനലുകളോട് പ്രതികരിക്കവെ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിക്കാനുള്ള ആശയം തന്റേ തന്നെയാണെന്ന് ശബരീനാഥന്‍ സമ്മതിച്ചു.

അതേ സമയം കേസില്‍ ജാമ്യം ലഭിച്ച കെ എസ് ശബരീനാഥന്‍ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് ന്നില്‍ ഹാജരാകും. ഇന്നു മുതല്‍ മൂന്ന് ദിവസം ഹാജരാകണം എന്ന വ്യവസ്ഥയില്‍ ആണ് ജാമ്യം കിട്ടിയത്. ജാമ്യ വ്യവസ്ഥ പ്രകാരം ഫോണ്‍ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു.



source https://www.sirajlive.com/internal-conflict-within-youth-congress-over-whatsapp-chat-leak.html

Post a Comment

أحدث أقدم