കോഴിക്കോട് | തീരദേശ മേഖലയില്‍ കനത്ത കാറ്റും മഴയും തുടരുന്നതിനിടെ കോഴിക്കോട് തോണി മറിഞ്ഞ് ഒരു മത്സ്യ തൊഴിലാളി മരിച്ചു. മാവൂര്‍ ചാലിപ്പാടത്ത് തോണിമറിഞ്ഞ് മലപ്രം സ്വദേശി ഷാജുവാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കൊല്ലം ശക്തിക്കുളങ്ങരയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് രണ്ട് മത്സ്യ തൊഴിലാളികളെ കാണാതായി. ശക്തിക്കുളങ്ങര സ്വദേശികളായ ഇസ്‌തേവ്, ആന്റോ എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് മത്സ്യ തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു. ശക്തമായ കാറ്റിലും തിരിയിലുംപ്പെട്ടാണ് വള്ളം മറിഞ്ഞതെന്ന് രക്ഷപ്പെട്ടവര്‍ പ്രതികരിച്ചു.
വടക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴ തുടരുകയാണ്. വ്യാപക നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാവൂരില്‍ കാര്‍ വെള്ളക്കെട്ടില്‍ മുങ്ങി. യാത്രക്കാരെ രക്ഷപ്പെടുത്തി. കക്കയം ഡാമിന്റെ ഷട്ടര്‍ 45 സെന്റിമീറ്ററായി ഉയര്‍ത്തി. കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് നാല് വീടുകള്‍ ഭാഗീകമായി തകര്‍ന്നു. വയനാട്, കാസര്‍കോട് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെ 11 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ ജൂലൈ 14 വരെ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ജൂലൈ 14 വരെ ആന്ധ്രാ പ്രദേശ് തീരം, അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് കിഴക്കന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളിലും മുന്നറിയിപ്പുള്ള മറ്റ് പ്രദേശങ്ങളിലും ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് മുന്നറിയിപ്പ്.
source https://www.sirajlive.com/kozhikode-canoe-overturns-one-dead-two-fishermen-missing-in-kollam.html
إرسال تعليق