അത്യന്തം വര്‍ഗീയമാണ് ഈ വെട്ടിത്തിരുത്തലുകള്‍

ഴിഞ്ഞ എട്ട് വര്‍ഷക്കാലമായി ചരിത്രത്തെയും സംസ്‌കാരത്തെയും വിദ്യാഭ്യാസത്തെയും കാവിവത്കരിക്കാനുള്ള അത്യന്തം വിജ്ഞാനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നീക്കങ്ങളാണ് മോദി സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായി കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസത്തെയും പാഠ്യപദ്ധതികളെയും ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്ര ബോധനത്തിനുള്ള ഉപാധിയാക്കി മാറ്റുകയെന്നതാണ് സംഘ്പരിവാറിന്റെയും അവര്‍ നേതൃത്വം കൊടുക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെയും നയം. അതിനനുസൃതമായ രീതിയില്‍ അക്കാദമിക് സ്ഥാപനങ്ങളെയും എന്‍ സി ഇ ആര്‍ ടി ഉള്‍പ്പെടെയുള്ള പാഠ്യപദ്ധതി നിര്‍മാണ സംവിധാനങ്ങളെയും സംഘ്പരിവാര്‍ ഇതിനകം സജ്ജീകരിച്ചെടുത്തിരിക്കുന്നു. അക്കാദമിക് ലോകത്തെയും പാഠ്യപദ്ധതികളെയും സംഘ്പരിവാര്‍ സ്വാധീനത്തിലേക്കും വീക്ഷണത്തിലേക്കും കൊണ്ടുവന്നിരിക്കുകയാണ്. ഫെഡറല്‍ മൂല്യങ്ങളെയും സംസ്ഥാനങ്ങളുടെ അധികാരങ്ങളെയും അപ്രസക്തമാക്കി കൊണ്ടാണ് കണ്‍കറന്റ് ലിസ്റ്റിലുള്ള വിദ്യാഭ്യാസ രംഗത്ത് കൊവിഡ് സാഹചര്യത്തില്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയം പാര്‍ലിമെന്റില്‍ അവതരിപ്പിച്ച് നിയമമാക്കിയത്. അത്യന്തം കേന്ദ്രീകൃതവും വര്‍ഗീയവും വാണിജ്യവത്കരണം ലക്ഷ്യമിട്ടുള്ളതുമായ നയപരിപ്രേഷ്യമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടു വെക്കുന്നത്. അതിന്റെ ചുവടു പിടിച്ചാണ് എന്‍ സി ഇ ആര്‍ ടി പാഠ്യപദ്ധതികളിലെ ജനാധിപത്യത്തെയും ഭരണഘടനയെയും സംബന്ധിച്ച പാഠഭാഗങ്ങള്‍ വെട്ടിമാറ്റിയിരിക്കുന്നത്. സാമൂഹിക ശാസ്ത്രത്തില്‍ ഭരണഘടനയും ജനാധിപത്യവുമൊന്നും പഠിപ്പിക്കേണ്ടതില്ലെന്ന് പറഞ്ഞാണ് ആറാം ക്ലാസ്സിലെ ചരിത്രം, സോഷ്യല്‍ ആന്‍ഡ് പൊളിറ്റിക്കല്‍ ലൈഫ് പുസ്തകങ്ങളിലെ മേല്‍പറയപ്പെട്ട പാഠഭാഗങ്ങള്‍ വെട്ടിമാറ്റിയത്.

ഏഴാം ക്ലാസ്സിലെ പാഠഭാഗങ്ങളില്‍ നിന്ന് മുഗള്‍ ഭരണകൂടം, സമത്വത്തിനു വേണ്ടിയുള്ള സമരങ്ങള്‍, ഇന്ത്യന്‍ ഭരണഘടന, സ്വാതന്ത്ര്യാനന്തര ഇന്ത്യ എന്നിവയെല്ലാം വെട്ടിമാറ്റി. പത്താം ക്ലാസ്സിലെ ഡെമോക്രാറ്റിക പൊളിറ്റിക്സ് രണ്ടാം ഭാഗത്തിലെ പ്രധാനപ്പെട്ട ജനകീയ സമരങ്ങള്‍, നേപാളിലെയും ബൊളീവിയയിലെയും സമരങ്ങള്‍, മാവോയിസ്റ്റ് നിര്‍വചനം, സമരങ്ങളുടെ ചിത്രങ്ങള്‍ എന്നിവയെല്ലാം നീക്കം ചെയ്തിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ എന്ന അധ്യായം തന്നെ നീക്കം ചെയ്തു.

പതിനൊന്നാം ക്ലാസ്സിലെ ഇക്കോണമിക്‌സില്‍ നിന്ന് ദാരിദ്ര്യം പ്രതിപാദിക്കുന്ന പാഠഭാഗം ഒഴിവാക്കി. ചരിത്രത്തില്‍ നിന്ന് ഇസ്‌ലാമിക് ഹിസ്റ്ററിയും പൊളിറ്റിക്‌സ് തിയറിയില്‍ നിന്ന് പീസ് എന്ന ഭാഗവും വെട്ടിമാറ്റി. ഇതിനെല്ലാം പകരമായി നോളജ് ട്രഡീഷ്യന്‍സ് ആന്‍ഡ് പ്രാക്ടീസസ് ഓഫ് ഇന്ത്യ, ആന്‍ ഇന്‍ട്രൊഡക്ഷന്‍ ടു ഇന്ത്യന്‍ ആര്‍ട്ടും ചേര്‍ത്തു! അതായത് വേദങ്ങളും ഉപനിഷത്തു കളുമടങ്ങുന്ന വേദകാല പാരമ്പര്യമാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്.

എന്‍ സി ഇ ആര്‍ ടി വിദ്യാഭ്യാസത്തിന്റെ കാവിവത്കരണ അജന്‍ഡയില്‍ നിന്നാണ് പാഠപുസ്തകങ്ങളില്‍ ഇത്തരം മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനനുസൃതമായ ചട്ടങ്ങളും നടപടികളും കേന്ദ്ര സര്‍ക്കാര്‍ രൂപവത്കരിച്ച് പ്രയോഗിച്ചു കൊണ്ടിരിക്കുകയാണ്. സമാന്തര വിദ്യാലയങ്ങള്‍ ആരംഭിക്കാമെന്ന നിര്‍ദേശത്തിന്റെ ഭാഗമായിട്ടാണ് 750 ഏകാധ്യാപക വിദ്യാലയങ്ങള്‍ക്കും ആയിരത്തിലധികം വരുന്ന സൈനിക വിദ്യാലയങ്ങള്‍ക്കും അനുമതി നല്‍കിയത്. വിദ്യാഭ്യാസത്തെ ആര്‍ എസ് എസ്. എന്‍ ജി ഒകളിലേക്ക് എത്തിക്കുന്ന നടപടികളാണിത്.

വിദ്യാഭ്യാസത്തിന്റെ ഘടനയും സ്വഭാവവും നിര്‍ണയിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങളെ കവര്‍ന്നെടുത്ത് തങ്ങളുടെ കേന്ദ്രീകരണത്തിലേക്കും വര്‍ഗീയവത്കരണത്തിലേക്കും കൊണ്ടുവരികയാണ് ഹിന്ദുത്വ വാദികളുടെ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായിട്ടാണല്ലോ സംസ്ഥാനങ്ങളോട് പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തുടര്‍ന്ന് കേന്ദ്രം നിശ്ചയിക്കുന്ന പാഠ്യപദ്ധതി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ബന്ധമാക്കാനുള്ള ഗൂഢാലോചനാപരമായ നീക്കങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. ഫെഡറലിസത്തിന് നേരേ ഭീഷണി ഉയര്‍ത്തുകയാണ് കേന്ദ്രം. കേരള സംസ്ഥാനം ശാസ്ത്രീയതക്കും മതനിരപേക്ഷതക്കും ലിംഗനീതിക്കും ഊന്നല്‍ നല്‍കുന്ന വിജ്ഞാനത്തിന്റെയും, സാങ്കേതിക വിദ്യകളുടെ സാധ്യത കൂടി ഉള്‍പ്പെടുത്തി കൊണ്ടുള്ള ഗുണമേന്മയുള്ള പാഠ്യപദ്ധതിയുടെയും രൂപവത്കരണ പ്രക്രിയയിലാണ്. ഇത് തീര്‍ച്ചയായും കാവിവത്കരണത്തിനെതിരായ പ്രതിരോധവും ബദല്‍ പാഠ്യപദ്ധതി പരിഷ്‌കരണവുമായിരിക്കും.

2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെയാണ്, ഹിന്ദു രാഷ്ട്ര നിര്‍മിതിക്കാവശ്യമായ ഒരു തലമുറയെ വാര്‍ത്തെടുക്കാനുതകുന്ന ദേശീയ വിദ്യാഭ്യാസ നയം രൂപവത്കരിക്കണമെന്നാവശ്യപ്പെട്ടത്. രാജ്യത്തിന്റെ വിദ്യാഭ്യാസ നയത്തിന്റെ ഗതി മാറ്റി, ദേശീയതയിലൂന്നുന്ന പരിഷ്‌കാരങ്ങള്‍ കൊണ്ടുവരണമെന്നാണ് ദീനനാഥ് ബത്രയെ പോലുള്ള ആര്‍ എസ് എസിന്റെ വിദ്യാഭ്യാസ വിചക്ഷണന്മാര്‍ ആവശ്യപ്പെട്ടത്. രാഷ്ട്രീയ മാറ്റത്തെ രാഷ്ട്രീയവും സാമൂഹികവുമായി പ്രതിഫലിപ്പിക്കാനുള്ള നടപടികളില്‍ പ്രധാനം ഹിന്ദു രാഷ്ട്രത്തിനാവശ്യമായ മത രാഷ്ട്രീയ അവബോധം സൃഷ്ടിക്കലാണെന്നാണ് ആര്‍ എസ് എസ് നിര്‍ദേശിച്ചത്. ചരിത്രത്തെയും സംസ്‌കാരത്തെയും വിദ്യാഭ്യാസത്തെയും പാഠ്യപദ്ധതികളെയും ഹിന്ദുത്വത്തിനാവശ്യമായ രീതിയില്‍ മാറ്റിയെടുക്കുക എന്നതാണ് മോദി സര്‍ക്കാറിന്റെ നയം.



source https://www.sirajlive.com/these-cuts-are-extremely-communal.html

Post a Comment

Previous Post Next Post