ഇന്ത്യക്ക് 40 റണ്‍സിന്റെ ജയം; പൊരുതി ഹോങ്ക്‌കോംഗ്

ദുബൈ | ഏഷ്യാകപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് 40 റണ്‍സിന്റെ വിജയം. അതേസമയം, ഹോങ്ക്‌കോംഗിന്റെ പോരാട്ടം ശ്രദ്ധേയമായി. ഹോങ്കോംഗിന് മുന്നില്‍ 193 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയിരുന്നത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ റണ്‍സ് ഹോങ്ക്കോംഗ് 152 അടിച്ചുകൂട്ടി. നാല് പോയിന്റോടെ ഇന്ത്യ സൂപ്പര്‍ ഫോറിലെത്തി.

ഹോങ്ക്‌കോംഗ് ബാറ്റിംഗ് നിരയില്‍ ബാബര്‍ ഹയാത് 41 റണ്‍സെടുത്ത് ടോപ്‌സ്‌കോററായി. കിഞ്ചിത് ഷാ 30ഉം സീഷന്‍ അലി 26ഉം റണ്‍സെടുത്തു. ഇന്ത്യന്‍ ബോളിംഗ് നിരയില്‍ ഭുവനേശ് കുമാര്‍, അര്‍ശ്ദീപ് സിംഗ്, രവീന്ദ്ര ജഡേജ, ആവേശ് ഖാന്‍ എന്നിവര്‍ ഒന്നുവീതം വിക്കറ്റെടുത്തു.

വിരാട് കോലിയും സൂര്യകുമാർ യാദവും അര്‍ധ സെഞ്ചുറി നേടി. സൂര്യകുമാറിൻ്റെ വെടിക്കെട്ട് ബാറ്റിംഗിനാണ് ദുബൈ സ്റ്റേഡിയം സാക്ഷിയായത്. ടോസ് നേടിയ ഹോങ്ക്‌കോംഗ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 192 റണ്‍സെടുത്തത്.

സ്‌കോര്‍ 38ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. 13 ബോളില്‍ 21 റണ്‍സാണ് ക്യാപ്റ്റന്റെ സംഭാവന. കെ എല്‍ രാഹുല്‍ 39 ബോളില്‍ 36 റണ്‍സെടുത്തു. സൂര്യകുമാര്‍- കോലി മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് സ്‌കോര്‍ബോര്‍ഡ് വേഗത്തില്‍ ചലിപ്പിച്ചത്. കോലി 44 ബോളില്‍ 59 റണ്‍സും സൂര്യകുമാര്‍ യാദവ് 26 ബോളില്‍ 68 റണ്‍സുമെടുത്തു. ഹോങ്കോംഗിന് വേണ്ടി ആയുഷ് ശുക്ല, മുഹമ്മദ് ഗസന്‍ഫാര്‍ ഒന്നുവീതം വിക്കറ്റ് വീഴ്ത്തി.



source https://www.sirajlive.com/india-bags-huge-victory.html

Post a Comment

أحدث أقدم