കൊച്ചി | മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിന്റെ അന്വേഷണം സി ബി ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് തട്ടിപ്പിന് ഇരയായവർ മുഖ്യമന്ത്രിക്ക് പരാതി നൽകി. ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയ റിപോർട്ടിൽ കേസിലുൾപ്പെട്ട ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ് നൽകിയതടക്കം അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ആരോപിച്ച് കോഴിക്കോട് സ്വദേശി യാക്കൂബ് പുരയിലാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
തെളിവുകൾ പലതും അട്ടിമറിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കേസിൽ പ്രതികളാണ്. അതിനാൽ ക്രൈം ബ്രാഞ്ചിന് അന്വേഷണം നടത്താൻ പരിമിതികൾ ഉണ്ട്. യഥാർഥ പ്രതികളിൽ പലരും ഇപ്പോഴും പിടിയിലായില്ല. സംസ്ഥാനത്തിന് പുറത്തടക്കം നീണ്ടുനിൽക്കുന്നതാണ് തട്ടിപ്പ്. അതിനാൽ സി ബി ഐ അന്വേഷണം അനിവാര്യമാണെന്ന് പരാതിയിൽ പറയുന്നു.
കേസിൽ ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥരെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി രണ്ടാഴ്ചക്കുശേഷം പരിഗണിക്കാനിരിക്കെയാണ് പരാതിക്കാരുടെ ഈ നീക്കം. ശരിയായ രീതിയിലല്ല അന്വേഷണം നടക്കുന്നതെന്ന് ആരോപിച്ച് പരാതിക്കാരിൽ ഒരാളായ കോഴിക്കോട് സ്വദേശി ശമീർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹരജിക്ക് ക്രൈം ബ്രാഞ്ച് നൽകിയ മറുപടിയിൽ നിന്ന് കേസ് അട്ടിമറിക്കാനുള്ള ശ്രമം നടന്നുവെന്ന് മനസ്സിലായതിനാലാണ് സി ബി ഐക്ക് കേസ് ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചതെന്ന് പരാതിക്കാർ പറയുന്നു.
source https://www.sirajlive.com/scam-victims-to-hand-over-monson-case-to-cbi.html
إرسال تعليق