സിവിക് ചന്ദ്രന് ജാമ്യം: ആദ്യ ഉത്തരവിലെ പരാമർശവും വിവാദത്തിൽ

കോഴിക്കോട് | ലൈംഗികാതിക്രമ കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയ ആദ്യ ഉത്തരവിലെ പരാമർശങ്ങളും വിവാദത്തിൽ. പരാതിക്കാരിയെ കയറിപ്പിടിച്ച് ചുംബിച്ചുവെന്ന ആദ്യ കേസിലാണ് കോടതിയുടെ നിരീക്ഷണങ്ങൾ. പട്ടികജാതിക്കാരിയാണെന്ന അറിവോടെയുള്ള ലൈംഗികാതിക്രമമാണെങ്കിൽ മാത്രമേ പട്ടിക ജാതി പട്ടിക വർഗ അതിക്രമ നിരോധന നിയമ പ്രകാരമുള്ള കേസ് നിലനിൽക്കൂ എന്നാണ് കോടതി ഉത്തരവ്. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നിരിക്കെ പട്ടികജാതി അതിക്രമ നിരോധന നിയമപ്രകാരം പ്രതിക്കെതിരെയുള്ള പരാതി നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.

സിവിക് ചന്ദ്രൻ എസ് എസ് എൽ സി ബുക്കിൽ ജാതിക്കോളം രേഖപ്പെടുത്തിയിട്ടില്ലെന്ന് മാത്രമല്ല, ജാതി വ്യവസ്ഥക്കെതിരെ എഴുതുന്നയാളാണെന്നും ഇതിന്റെ അടിസ്ഥാനത്തിൽ പ്രതി ഇത്തരത്തിലുള്ള കുറ്റം ചെയ്തുവെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നും പരാതിക്കാരി കാര്യബോധമുള്ള 42കാരിയാണെന്നും ഉത്തരവിലുണ്ട്. നിരവധി മുൻകാല കോടതി ഉത്തരവുകൾ പരാമർശിച്ചുകൊണ്ടാണ് മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയുടെ വിധി പ്രസ്താവം. സ്വന്തമായി നിൽക്കാൻ പോലും കഴിയാത്ത പ്രതി തന്നേക്കാൾ പൊക്കവും ശരീര കനവുമുള്ള സ്ത്രീയെ ഇത്തരത്തിൽ ലൈംഗികാതിക്രമം കാണിച്ചുവെന്ന് പറയുന്നത് വിശ്വസിക്കാനാകില്ലെന്നതുൾപ്പെടെയുള്ള പ്രതിഭാഗം അഭിഭാഷകരായ പി വി ഹരിയുടെയും എം സുഷമയുടെയും വാദങ്ങൾ അംഗീകരിച്ചാണ് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്.

ശാരീരിക അസ്വസ്ഥതകളോടെ വിവിധ പരിപാടികളിൽ സിവിക് ചന്ദ്രൻ പങ്കെടുത്തതിന്റെ ഫോട്ടോകളും പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. പരാതിക്കാരിയുടെ എഴുത്തുകൾ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിയുമായി ചില തർക്കങ്ങൾ ഉണ്ടായിരുന്നതായും പ്രതി ഭാഗം കോടതിയെ ബോധിപ്പിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14 ചൂണ്ടിക്കാട്ടിയാണ് കോടതി നിരീക്ഷണം. ആർട്ടിക്കിൾ 14 പ്രകാരം നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ ഉന്നതിക്കായാണ് ആർട്ടിക്കിൾ 14. ഇതു പ്രകാരം പിന്നാക്ക വിഭാഗത്തിന് വിദ്യാഭ്യാസ പ്രവേശനത്തിന് പരിരക്ഷയുണ്ട്. ജാതിരഹിത സമൂഹമാണ് നമ്മുടെ ലക്ഷ്യം. ഭരണഘടനാ ശിൽപ്പികൾ പ്രതീക്ഷിച്ചതുപോലെ ജാതിരഹിതമായൊരു സമൂഹം ഉണ്ടാകണമെന്നും എസ് സി/ എസ് ടിയെന്നോ ഒ ബി സിയെന്നോ ഇല്ല. എല്ലാവരും ഭരണഘടനക്ക് മുമ്പിൽ തുല്യരാണെന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് ഉത്തരവിൽ പറയുന്നത്.

കോഴിക്കോട് ചാലപ്പുറം സ്വദേശിനിയായ 42കാരി നൽകിയ പരാതിയെ തുടർന്ന് സിവിക് ചന്ദ്രൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയുടെ ഉത്തരവിലാണ് കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയുടെ വിവാദ പരാമർശങ്ങൾ. ഇതേ കോടതിയിൽ നിന്ന് അദ്ദേഹത്തിന് മുൻകൂർ ജാമ്യമനുവദിച്ചു കൊണ്ടുള്ള രണ്ടാമത്തെ കേസിലെ ഉത്തരവ് വിവാദമായിരുന്നു. കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 50,000 രൂപയുടെ രണ്ടാൾ ജാമ്യത്തിലാണ് സിവിക് ചന്ദ്രന് രണ്ട് കേസിലും മുൻകൂർ ജാമ്യമനുവദിച്ചത്.



source https://www.sirajlive.com/bail-for-civic-chandran-the-reference-in-the-first-order-is-also-in-controversy.html

Post a Comment

أحدث أقدم