സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹം

പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫുമായിരുന്ന കെ എം ബഷീറിന്റെ മരണത്തിനു കാരണക്കാരനും കൊലക്കേസ് പ്രതിയുമായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടര്‍ പദവിയില്‍ നിന്ന് നീക്കിയ സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണ്. തെറ്റ് ബോധ്യപ്പെട്ടാല്‍ തിരുത്താനാണ് ജനാധിപത്യ വ്യവസ്ഥിതി ഭരണകൂടത്തോട് ആവശ്യപ്പെടുന്നത്. ആ കടമ നിര്‍വഹിച്ച സര്‍ക്കാര്‍ അഭിനന്ദനമര്‍ഹിക്കുന്നു. കൊലക്കേസില്‍ കോടതിയില്‍ വിചാരണ നേരിടുന്ന പ്രതി എത്ര ഉന്നതനായാലും ജില്ലാ കലക്ടറായി നിയമിതനാകുന്നത് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കാന്‍ ഇടയാക്കും. കളങ്കിതരല്ലാത്ത വ്യക്തികളാണ് ഇത്തരം പദവികളില്‍ നിയമിക്കപ്പെടേണ്ടത്. സമൂഹത്തിനു മാതൃകയാകേണ്ടവരാണ് ഉദ്യോഗസ്ഥര്‍. കലക്ടര്‍ പോലുള്ള ഉയര്‍ന്ന പദവിയിലിരിക്കുന്നവര്‍ വിശേഷിച്ചും.

ശ്രീറാമിനെ മജിസ്റ്റീരിയല്‍ അധികാരമുള്ളതും ജനങ്ങളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നതുമായ പദവിയില്‍ നിയമിച്ചതിനെതിരെ ഒരാഴ്ചയായി കടുത്ത പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം അരങ്ങേറിയത്. വിശിഷ്യാ കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് കൂട്ടായ്മ ശനിയാഴ്ച നടത്തിയ ഐതിഹാസിക കലക്ടറേറ്റ് മാര്‍ച്ചുകളാണ് സര്‍ക്കാറിന്റെ കണ്ണു തുറപ്പിച്ചതും തെറ്റ് തിരുത്താന്‍ പ്രേരിപ്പിച്ചതും. സുന്നി പ്രസ്ഥാനത്തിന്റെയും ജനാധിപത്യ കേരളത്തിന്റെയും ആവശ്യത്തോട് സര്‍ക്കാര്‍ പുറംതിരിഞ്ഞു നിന്നാല്‍ വോട്ട് ബേങ്കിലൂടെ പ്രതിരോധിക്കുമെന്ന് പ്രതിഷേധ യോഗങ്ങളില്‍ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കലക്ടര്‍ സ്ഥാനത്തു നിന്ന് ശ്രീറാമിനെ മാറ്റുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും പ്രഖ്യാപിച്ചിരുന്നു.

കേരളീയ സമൂഹത്തിന് ഒരു പുതിയ അനുഭവമായിരുന്നു കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചുകള്‍. തെറിവിളികളില്ല, വിദ്വേഷ പരാമര്‍ശങ്ങളില്ല, ആക്രോശങ്ങളില്ല. തികഞ്ഞ അച്ചടക്കം. ഓരോ ജില്ലയിലും പതിനായിരങ്ങള്‍ ഒഴുകിയെത്തിയിട്ടും നിയന്ത്രിക്കാന്‍ നിയമപാലകർക്ക് ഇടപെടേണ്ടി വന്നില്ല. എവിടെയും ലാത്തിപ്രയോഗം ആവശ്യമായില്ല. നീതിബോധത്തെ വെല്ലുവിളിച്ചുള്ള നിയമനത്തിനെതിരായ രോഷപ്രകടനം മാത്രമാണ് മാര്‍ച്ചുകളില്‍ കണ്ടത്. എങ്കിലും സുന്നി പ്രസ്ഥാനത്തിന്റെ ശക്തി ബോധ്യപ്പെടാനും പ്രസ്ഥാനത്തെ അവഗണിച്ചാല്‍ രാഷ്ട്രീയമായി തിരിച്ചടി നേരിടേണ്ടി വരുമെന്ന് തിരിച്ചറിയാനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം ഇതവസരമൊരുക്കി. പ്രസ്ഥാനത്തിന് അഭിമാനിക്കാനും കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോകാനും പ്രചോദനമാണ് സമര വിജയം. കേരളത്തിലെ മാധ്യമപ്രവര്‍ത്തക കൂട്ടായ്മയും കോണ്‍ഗ്രസ്സ്, മുസ്‌ലിം ലീഗ് തുടങ്ങിയ രാഷ്ട്രീയ സംഘടനകളും ഇടതുപക്ഷത്തിലെ തന്നെ ചില നേതാക്കളും ശ്രീറാമിന് കലക്ടര്‍ പദവി നല്‍കിയതിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്ന കാര്യം കൂട്ടത്തില്‍ നന്ദിപൂര്‍വം സ്മരിക്കേണ്ടതുണ്ട്.
ചട്ടപ്രകാരം ഒരു ഐ എ എസ് ഉദ്യോഗസ്ഥന് രണ്ട് വര്‍ഷമെങ്കിലും കലക്ടര്‍ പദവി നല്‍കേണ്ടതുണ്ട്. അതനുസരിച്ചുള്ള ഒരു സ്വാഭാവിക നടപടി മാത്രമാണ് ശ്രീറാമിന്റെ കലക്ടര്‍ നിയമനമെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഉദ്യോഗസ്ഥന് കേസ് തീര്‍പ്പായി നിരപരാധിത്വം തെളിയിക്കപ്പെടുന്നത് വരെ ഉന്നത പദവികളിലേക്ക് സ്ഥാനക്കയറ്റം നല്‍കരുതെന്നാണ് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള പേഴ്സണല്‍ മന്ത്രാലയം അംഗീകരിച്ച ചട്ടങ്ങളില്‍ നിഷ്‌കര്‍ഷിക്കുന്നത്. മാത്രമല്ല, 2020ല്‍ ഒഡീഷയില്‍ ജില്ലാ കലക്ടറായിരുന്ന മനീഷ് അഗര്‍വാളിനെ, അദ്ദേഹത്തിന്റെ പേരില്‍ കൊലക്കുറ്റം ചുമത്തപ്പെട്ടതോടെ മണിക്കൂറുകള്‍ക്കകം കലക്ടര്‍ പദവയില്‍ നിന്ന് മാറ്റിയ ചരിത്രവും മുമ്പിലുണ്ട്. ഇത്തരം ചട്ടങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും നഗ്നമായ ലംഘനമായിരുന്നു ശ്രീറാമിന്റെ നിയമനം.

കെ എം ബഷീര്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് മൂന്നാണ്ട് തികയുകയാണ്. 2019 ആഗസ്റ്റ് രണ്ടിന് അര്‍ധരാത്രി ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ ഓടിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചാണ് ബഷീര്‍ മരണപ്പെട്ടത്. സിറാജ് കുടുംബത്തെ മാത്രമല്ല, കേരളത്തിലെ മാധ്യമ സുഹൃത്തുക്കളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ ഒരു വിയോഗമായിരുന്നു ബഷീറിന്റേത്. സൗമ്യതയോടെയും വിനയത്തോടെയും നിറഞ്ഞ പുഞ്ചിരിയോടെയും ആളുകളുമായി ഇടപഴകിയിരുന്ന ബഷീറിനെ ഒരിക്കല്‍ പരിചയപ്പെട്ടവര്‍ക്ക് പിന്നീട് മറക്കാനാകില്ല. പത്രപ്രവര്‍ത്തനത്തിന്റെ നൈതികത എല്ലായ്പ്പോഴും കാത്തുസൂക്ഷിച്ച, നിയമസഭാ റിപോര്‍ട്ടിംഗിലെ മികവിന് കേരള മീഡിയ അക്കാദമിയുടെ ആദരം ഏറ്റുവാങ്ങിയ ബഷീര്‍, മാധ്യമപ്രവര്‍ത്തന രംഗത്ത് മികവുറ്റ ഒരു പ്രതിഭയായിരുന്നു.

ശ്രീറാമിന്റെ നിയമനത്തില്‍ തെറ്റ് തിരുത്താന്‍ തയ്യാറായ പിണറായി സര്‍ക്കാര്‍ ഇനി വേണ്ടത് ബഷീര്‍ കൊല്ലപ്പെട്ട കേസ് അട്ടിമറിക്കപ്പെടാതിരിക്കാനും കേസ് നടപടികള്‍ സത്യസന്ധമായി മുന്നോട്ട് കൊണ്ടുപോകാനുമുള്ള നടപടികള്‍ സ്വീകരിക്കുകയാണ്. സംഭവത്തിലെ പ്രതി സിവില്‍ സര്‍വീസിലെ ഉന്നത ഉദ്യോഗസ്ഥനാണെന്ന് അറിഞ്ഞതു തൊട്ട് കേസിനു തുമ്പില്ലാതാക്കാന്‍ ശ്രമിച്ചു വരികയാണ് ഐ എ എസ് ലോബിയും പോലീസിലെ ചില ഉന്നതരും. ശ്രീറാമിന്റെ രക്തപരിശോധന വൈകിപ്പിച്ചതും സര്‍ക്കാര്‍ ആശുപത്രികളെ തഴഞ്ഞ് സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതും ബഷീറിന്റെ ഫോണ്‍ അപ്രത്യക്ഷമായതും ഇതിന്റെ ഭാഗമാണ്. മുമ്പ് പല കേസുകളെയും ഉദ്യോഗസ്ഥ ലോബിയും പോലീസും തകിടം മറിച്ച് നീതിയെ കുളിപ്പിച്ച് കിടത്തിയതും നീതിയുടെ കാവലാളാകേണ്ടവര്‍ നീതിനിഷേധത്തിനു കൂട്ടുനിന്നതുമായ ചരിത്രം മുമ്പിലുണ്ട്. ഇരക്ക് നീതി ലഭ്യമാക്കാന്‍ ശ്രമിക്കുന്നതിനു പകരം ഉദ്യോഗതലത്തിലെ വരേണ്യവര്‍ഗ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് പലപ്പോഴും പോലീസ് തിടുക്കം കാണിക്കാറുള്ളത്. ഈ കേസിന് അങ്ങനെ ഒരു ഗതി വരരുത്. തെളിവുകള്‍ നശിപ്പിച്ച് പ്രതിക്ക് രക്ഷപ്പെടാന്‍ അവസരം നല്‍കുമ്പോള്‍ സാധാരണക്കാര്‍ക്ക് നിയമവാഴ്ചയിലുള്ള വിശ്വാസം നഷ്ടമാകും. അത് നീതിയും ന്യായവും ഇനിയും ചോരവാര്‍ന്നൊലിക്കാന്‍ ഇടയാക്കുമെന്ന കാര്യം ബന്ധപ്പെട്ടവര്‍ ഓര്‍ക്കേണ്ടതുണ്ട്.



source https://www.sirajlive.com/government-action-is-welcome.html

Post a Comment

Previous Post Next Post