ആരോഗ്യ മേഖല ഏറെ പിറകില്‍

ത്തര കന്നഡ ജില്ലയില്‍ ആധുനിക സൗകര്യങ്ങളുള്ള ഹോസ്പിറ്റല്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരിക്കുകയാണ് പ്രദേശത്തെ വിദ്യാര്‍ഥികള്‍. മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജില്ലയിലെ ഹൊന്നാവര്‍ സ്വദേശികളായ നാല് പേര്‍ മരണപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കര്‍വാറിലെ മഹാത്മാ ഗാന്ധി റോഡില്‍ തടിച്ചുകൂടി വിദ്യാര്‍ഥികള്‍ പ്രതിഷേധ സൂചകമായി രക്തം കൊണ്ടാണ് കത്തെഴുതിയത്. ഭൂമിശാസ്ത്രപരമായി വിസ്തൃതമായ ഉത്തര കന്നഡ ജില്ലയില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലോ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലോ ഇല്ല. അടിയന്തര ഘട്ടങ്ങളില്‍ ചികിത്സക്കായി ഗോവ, ഹുബ്ബള്ളി, ഉഡുപ്പി, മംഗളൂരു എന്നിവിടങ്ങളിലേക്ക് പോകേണ്ട സ്ഥിതിയാണ് ജില്ലക്കാര്‍ക്ക്.

മൂന്ന് വര്‍ഷം മുമ്പാണ് ബിഹാറിലെ മുസഫര്‍പൂരില്‍ സ്ഥലത്തെ ആശുപത്രികളില്‍ മതിയായ ചികിത്സാ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് പ്രദേശ വാസികള്‍ പ്രതിഷേധിച്ചത്. മുസഫര്‍പൂരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് 150ല്‍ പരം കുട്ടികള്‍ മരിച്ചതിനു പിന്നാലെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോഴായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ഉത്തര്‍ പ്രദേശിലെ ആശുപത്രികളില്‍ മതിയായ ചികിത്സയും സൗകര്യങ്ങളും ലഭിക്കാതെ രോഗികള്‍ മരണപ്പെടുകയും ദുരിതമനുഭവിക്കുകയും ചെയ്യുന്ന സംഭവങ്ങളും പലപ്പോഴായി പുറത്തു വരാറുണ്ട്.

ഇന്ത്യന്‍ ഗ്രാമങ്ങളിലെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയിലേക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്. സ്വാതന്ത്ര്യം നേടി എഴുപത്തഞ്ച് വര്‍ഷമായെങ്കിലും ആരോഗ്യ മേഖല ഏറെ പിറകിലാണ് രാജ്യത്ത്. വിശേഷിച്ചും ഗ്രാമങ്ങളില്‍. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമായ നിലവാരമുള്ള പൊതുജനാരോഗ്യ സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ രാജ്യത്തെ മാറിമാറി വന്ന ഭരണകൂടങ്ങള്‍ കടുത്ത പരാജയമാണ്. കൊവിഡ് വ്യാപന ഘട്ടത്തില്‍ ആരോഗ്യ മേഖലയിലെ ഈ അപര്യാപ്തത രാജ്യം, വിശേഷിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ നന്നായി അനുഭവിക്കുകയുണ്ടായി.

സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഹെല്‍ത്ത് ഇന്റലിജന്‍സിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലെയും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലെയും കിടക്കകളുടെ എണ്ണം ആറ് ലക്ഷത്തില്‍പരം മാത്രമാണ്. ആയിരം പേര്‍ക്ക് 0.7 ആശുപത്രി കിടക്കകളും 0.8 ഫിസിഷ്യനുമാണ് ഉള്ളത്. ഈ കാണിച്ച പരിമിത സൗകര്യങ്ങള്‍ തന്നെ നഗര കേന്ദ്രീകൃതവുമാണ്. ഗ്രാമങ്ങളില്‍ സ്ഥിതി ഇതിനേക്കാളേറെ മോശം. അതേസമയം ഇന്ത്യന്‍ ജനസംഖ്യയുടെ ഭൂരിഭാഗവും അധിവസിക്കുന്നത് ഗ്രാമങ്ങളിലും ചേരികളിലുമാണ്. 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യയുടെ 69 ശതമാനവും ഗ്രാമീണരാണ്. ആരോഗ്യ മേഖലയില്‍ ഇന്ത്യയില്‍ അസമത്വം വര്‍ധിക്കുകയും സാര്‍വത്രിക ആരോഗ്യ പരിരക്ഷയുടെ അഭാവം പാര്‍ശ്വവത്കരിക്കപ്പെട്ടവരെ തീര്‍ത്തും ദുരിതത്തിലാക്കുകയും ചെയ്യുന്നതായി 2020 ജൂലൈയില്‍ “ഓക്‌സ്ഫാം ഇന്ത്യ’ പുറത്തിറക്കിയ റിപോര്‍ട്ടില്‍ പറയുന്നുണ്ട്.

ആരോഗ്യ പരിചരണത്തിന്റെ ലഭ്യതയും ഗുണവും അടിസ്ഥാനമാക്കി 2017ല്‍ യു കെയിലെ മെഡിക്കല്‍ ജേര്‍ണലായ “ദി ലാന്‍സെറ്റ്’ തയ്യാറാക്കിയ പട്ടികയില്‍ 154ാം സ്ഥാനത്താണ് ഇന്ത്യ. ഏഷ്യന്‍ ഉപഭൂഖണ്ഡത്തില്‍ ഏറ്റവും പിന്നിലും. ഇന്ത്യയില്‍ ആര്യോഗ പരിചരണത്തിന്റെ സൂചിക 44.8 ആണ്. യഥാക്രമം 72.8, 51.7, 52.7, 50.8 എന്നിങ്ങനെയാണ് ശ്രീലങ്ക, ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍ രാജ്യങ്ങളിലെ ആര്യോഗ സൂചികകള്‍. ക്ഷയം, ഹൃദ്രോഗം എന്നിവ തടയുന്നതിലുള്ള പരാജയവും ഗര്‍ഭിണികളുടെയും ഗര്‍ഭസ്ഥ, നവജാത ശിശുക്കളുടെയും പരിചരണത്തിലുള്ള കുറവുമാണ് ഇന്ത്യ പിന്നിലായതിനുള്ള പ്രധാന കാരണമായി റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

2020 ജൂലൈയില്‍ ഐക്യരാഷ്ട്ര സഭ വെളിപ്പെടുത്തിയ കണക്ക് പ്രകാരം 18.92 കോടി പേര്‍ക്ക് രാജ്യത്ത് പോഷകാഹാരം ലഭിക്കുന്നില്ല. 2021 ഒക്ടോബര്‍ 14 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ 33 ലക്ഷത്തിലധികം കുട്ടികളും പോഷകാഹാരക്കുറവുള്ളവരാണെന്നാണ് പോഷകാഹാര വിതരണത്തിന്റെ നിരീക്ഷണത്തിനായി കേന്ദ്ര സര്‍ക്കാര്‍ വികസിപ്പിച്ച “പോഷണ്‍ ട്രാക്കര്‍’ പ്രകാരമുള്ള കണക്ക്. 17.76 ലക്ഷം കുട്ടികള്‍ ഗുരുതര പോഷകാഹാരക്കുറവുള്ളവരും 15.46 ലക്ഷം കുട്ടികള്‍ മിതമായ പോഷകാഹാരക്കുറവുള്ളവരുമണ്. മഹാരാഷ്ട്ര, ബിഹാര്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികളില്‍ പകുതിയിലേറെയും.

ആരോഗ്യ മേഖലയെ സര്‍ക്കാര്‍ വേണ്ട വിധം പരിഗണിക്കാത്തതാണ് ഈ രംഗത്തെ പിന്നോട്ടടിക്കു കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രാജ്യം കൊവിഡ് സൃഷ്ടിച്ച ആരോഗ്യ പ്രതിസന്ധിയിലൂടെ കടന്നു പോകവെ ഈ വര്‍ഷത്തെ ബജറ്റില്‍ 83,000 കോടി രൂപയാണ് ആരോഗ്യ മേഖലക്ക് കേന്ദ്രം വകയിരുത്തിയത്. 2020-21 കാലത്ത് 50,591.14 കോടി നീക്കിവെച്ചിരുന്നെങ്കിലും മഹാമാരിയുടെ ദുരിത കാലമായിട്ടും ചെലവാക്കിയത് 39,569.16 കോടിയാണ്. വികസിത രാജ്യങ്ങളില്‍ ജി ഡി പിയുടെ 21 ശതമാനമാണ് ആരോഗ്യ മേഖലയുള്‍പ്പെടെ സാമൂഹിക സുരക്ഷക്കു വേണ്ടി നീക്കിവെക്കുന്നതെങ്കില്‍ ഇന്ത്യയില്‍ കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയത് 8.6 ശതമാനമാണ.്

ആരോഗ്യ പരിപാലന വെല്ലുവിളികള്‍ പൂര്‍വോപരി വര്‍ധിച്ച സാഹചര്യത്തില്‍ ഈ മേഖലക്ക് കേന്ദ്രവും സംസ്ഥാനങ്ങളും കൂടുതല്‍ പരിഗണന നല്‍കേണ്ടതുണ്ട്. താങ്ങാനാവുന്ന ചികിത്സ കൂടി ഉള്‍പ്പെട്ടതാണ് ആരോഗ്യ അവകാശമെന്നത് സുപ്രീം കോടതി ഊന്നിപ്പറഞ്ഞതാണ്. അടിസ്ഥാന ആരോഗ്യ പരിപാലനം, നിരീക്ഷണ സംവിധാനങ്ങള്‍, പൊതുജനാരോഗ്യ പരിപാടികള്‍ എന്നിവക്ക് രാജ്യം കൂടുതല്‍ മുതല്‍ മുടക്കാന്‍ തയ്യാറായില്ലെങ്കില്‍ അതുണ്ടാക്കുന്ന ക്ഷതം വളരെ വലുതായിരിക്കുമെന്നും കൊവിഡ് 19 മഹാമാരിയുടെ ആഘാതങ്ങള്‍ ഇക്കാര്യത്തില്‍ സൂചകമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.



source https://www.sirajlive.com/the-health-sector-is-far-behind.html

Post a Comment

أحدث أقدم