സ്വത്ത് തട്ടിയെടുക്കാന്‍ മാതാവിനെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസ്; മകളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

തൃശൂര്‍ |  സ്വത്ത് തട്ടിയെടുക്കുന്നതിനായി കുന്നംകുളത്ത് അമ്മയെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മകളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കിഴൂര്‍ കാക്കത്തുരുത്ത് സ്വദേശി ചൂഴിയാട്ടില്‍ വീട്ടില്‍ ചന്ദ്രന്റെ ഭാര്യ രുഗ്മിണി(58) കൊല്ലപ്പെട്ട സംഭവത്തില്‍ മകള്‍ ഇന്ദുലേഖയെ ഇന്നലെ പോലീസ് പിടികൂടിയിരുന്നു. സ്വത്തിന് വേണ്ടി ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്ന് പോലീസ് വ്യക്തമാക്കി.

ഈ മാസം പതിനെട്ടിനാണ് രുഗ്മണിയെ അവശനിലയില്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മൂത്തമകള്‍ ഇന്ദുലേഖ തന്നെയാണ് രുഗ്മണിയെ ആശുപത്രിയിലെത്തിച്ചത്. തുടക്കത്തില്‍ ഭക്ഷ്യ വിഷബാധയെന്നായിരുന്നു സംശയം. പിന്നീട് കുന്നംകുളത്തെ തന്നെ സ്വകാര്യ ആശുപത്രിയിലും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ എലിവിഷത്തിന്റെ അംശം ശരീരത്തില്‍ കണ്ടെത്തിയിരുന്നു. 22ന് രുഗ്മണി മരിച്ചു

മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തില്‍ മരണകാരണം വിഷം ഉള്ളില്‍ച്ചെന്നാണെന്ന് വ്യക്തമായി. രുഗ്മണി ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും മകളെ സംശയുമുണ്ടെന്നുമുള്ള പിതാവ് ചന്ദ്രന്റെ മൊഴിയാണ് നിര്‍ണായകമായത്. ഇന്ദുലേഖയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഭക്ഷണത്തില്‍ എലിവിഷം നല്‍കിയാണ് കൊലയെന്നത് വ്യക്തമായത്. ഇന്ദുലേഖക്ക് എട്ട് ലക്ഷത്തോളം രൂപയുടെ കടമുണ്ട്.

ഇതേത്തുടര്‍ന്ന് ഇന്ദുലേഖ രുഗ്മണിയോട് സ്വത്ത് ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാത്തതിലുള്ള വിദ്വേഷമാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്. രുഗ്മണിക്കും ചന്ദ്രനും ഏറെ നാളുകളായി ഭക്ഷണത്തില്‍ ഗുളികകള്‍ ചേര്‍ത്ത് നല്‍കുന്നുണ്ടെന്നും ഇന്ദുലേഖയുടെ മൊഴിയുണ്ട്. ശരീരത്തെ ബാധിക്കുന്ന വിഷം ഏതെല്ലാമെന്ന് ഫോണില്‍ തിരഞ്ഞതിന്റെ സെര്‍ച്ച് ഹിസ്റ്ററിയും പോലീസ് കണ്ടെത്തിയിരുന്നു.



source https://www.sirajlive.com/case-where-mother-was-poisoned-and-killed-to-steal-property-daughter-39-s-arrest-will-be-recorded-today.html

Post a Comment

أحدث أقدم