ഹുബ്ബള്ളി ഈദ്ഗാഹിൽ ഗണേശോത്സവം നടത്താൻ കര്‍ണാടക ഹൈക്കോടതിയുടെ അനുമതി

ബെംഗളൂരു | കര്‍ണാടകയിലെ ഹുബ്ബള്ളി ഈദ്ഗാഹില്‍ ഗണേശ ചതുര്‍ഥി ഉത്സവം നടത്താൻ അനുമതി നൽകി ഹൈക്കോടതി. രാത്രി 11.30ഓടെയാണ് ഇതുസംബന്ധിച്ച ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്. രാത്രി പത്ത് മണിക്കാണ് ഹൈക്കോടതി വാദംകേട്ടത്. ജസ്റ്റിസ് അശോക് എസ് കിനാഗിയുടെ ചേംബറിലായിരുന്നു വാദംകേള്‍ക്കല്‍.

ഈദ് ഗാഹില്‍ ഗണേശോത്സവത്തിന് തദ്ദേശ സ്ഥാപനം അനുമതി നല്‍കിയതോടെയാണ് സംഭവം ഹൈക്കോടതിയിലെത്തിയത്. തുടര്‍ന്ന് ഇന്ന് പകല്‍ ഹൈക്കോടതി അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍, ബെംഗളൂരു ഈദ്ഗാഹില്‍ ഗണേശോത്സവം പാടില്ലെന്നും തത്സ്ഥിതി പാലിക്കണമെന്നുമുള്ള സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വഖഫ് ബോര്‍ഡ് ഹൈക്കോടതിയെ സമീപിക്കുകയും രാത്രി പത്ത് മണിക്ക് കോടതി ചേരുകയുമായിരുന്നു.

ബെംഗളൂരു ചാംരാജ്പേട്ട് ഈദ്ഗാഹില്‍ ഗണേശോത്സവം നടത്തുന്നതിനുള്ള അനുമതി ഇന്ന് സുപ്രീം കോടതി നിഷേധിച്ചിരുന്നു. ബെംഗളൂരുവിൽ നിന്ന് 400 കി മീ അകലെയാണ് ഹുബ്ബള്ളി. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് വഖഫ് ബോർഡ് സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് സൂചന.



source https://www.sirajlive.com/karnataka-high-court-allows-ganesha-festival-at-hubballi-eid-ghah.html

Post a Comment

أحدث أقدم