ഇന്നലെ വിടപറഞ്ഞ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ സാന്നിധ്യവും മാര്‍ഗനിര്‍ദേശവും കൊണ്ട് എന്റെ ജീവിതത്തില്‍ വലിയ ശക്തിയായി നിലകൊണ്ട വ്യക്തിത്വമായിരുന്നു. മര്‍കസ് വൈസ് പ്രസിഡന്റും സുന്നി മാനേജ്മെന്റ് അസ്സോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റും അഹ്‌ലുബൈത്തിലെ കാരണവരും മര്‍ഹൂം സയ്യിദ് അബ്ദുര്‍റഹ്‌മാന്‍ ബാഫഖി തങ്ങളുടെ മകനുമാണ് അദ്ദേഹം. മലേഷ്യയിലെ പ്രവാസ ജീവിതം കഴിഞ്ഞു തിരിച്ചുവന്ന് കേരളത്തില്‍ സ്ഥിരതാമസം തുടങ്ങിയത് മുതല്‍, മര്‍കസിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടെ ഞാനുമുണ്ടെന്ന് പറഞ്ഞ് സജീവ ശ്രദ്ധ പുലര്‍ത്തുകയും ചെയ്ത വ്യക്തിത്വമായിരുന്നു. ഓരോ ദിവസവും മര്‍കസിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി മുന്നിലുണ്ടാകും. യോഗങ്ങളിലും പൊതു പരിപാടികളിലുമൊക്കെ നിറസാന്നിധ്യമായി നിലകൊണ്ടു. യാതൊരു മടിയുമില്ലാതെ തന്നെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും മുന്‍നിരയില്‍ നില്‍ക്കാന്‍ അദ്ദേഹം സന്മനസ്സ് കാണിച്ചു. ദീര്‍ഘകാലം മലേഷ്യയിലായിരുന്നു അദ്ദേഹം. കുടുംബം താമസിച്ചിരുന്നത് കൊയിലാണ്ടിയിലാണ്. അവിടെ നിന്ന് തിരൂരിലേക്കാണ് അദ്ദേഹം താമസം മാറ്റിയത്. അതിനെക്കുറിച്ച് ഒരിക്കല്‍ ചോദിച്ചപ്പോള്‍, തിരൂരില്‍ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ പ്രവര്‍ത്തനത്തിന് മുന്‍നിരയില്‍ നില്‍ക്കാന്‍ ആരുമില്ലാത്തത് കണ്ടുകൊണ്ടാണ് എന്നാണ് പറഞ്ഞത്. അത് യാഥാര്‍ഥ്യവുമായിരുന്നു. അദ്ദേഹത്തിന്റെ ശ്രമഫലമായി തിരൂരിലെയും പരിസരങ്ങളിലെയും ആളുകള്‍ക്ക് ദീന്‍ പഠിക്കാനും അതിന്റെ പ്രചാരണം നടത്താനുമൊക്കെ മദ്‌റസ ഉള്‍പ്പെടെയുള്ള വലിയ സ്ഥാപനം നിര്‍മിച്ചു നല്‍കിയത് അദ്ദേഹമാണ്.
കേരളത്തിലെ മുസ്‌ലിം സമൂഹത്തിന് ആത്മീയവും സംഘടനാപരവുമായ നേതൃത്വം നല്‍കിയ സയ്യിദ് അബ്ദുര്‍റഹ്‌മാന്‍ ബാഫഖി തങ്ങളുടെ മകനായ അദ്ദേഹം പിതാവിന്റെ ഗുണഗണങ്ങള്‍ കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു. ആരെയും ആകര്‍ഷിക്കുന്ന മുഖപ്രസാദത്തോടെയാണ് അദ്ദേഹം ആളുകളെ സ്വീകരിച്ചത്. യമനില്‍ നിന്ന് കേരളത്തിലെത്തിയ ബാഫഖി കുടുംബം പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് കേരളത്തില്‍ സ്ഥിരതാമസമാക്കിയത്. കോഴിക്കോട് നഗരത്തിലെ പ്രമുഖ വ്യവസായ കുടുംബമായിരുന്നു അവരുടേത്. രണ്ട് നിലക്കുമുള്ള പാരമ്പര്യം കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു സൈനുല്‍ ആബിദീന്‍ തങ്ങള്‍.
സയ്യിദ് അലി ബാഫഖി തങ്ങള്‍, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ എന്നിവര്‍ സയ്യിദ് അബ്ദുർറഹ‌്മാൻ ബാഫഖി തങ്ങളുടെ പെണ്‍മക്കളെ കല്യാണം കഴിച്ചവരാണ്. അല്ലാഹു സയ്യിദരുടെ സത്കര്‍മങ്ങള്‍ സ്വീകരിക്കുകയും പരലോക ജീവിതം സന്തോഷകരമാക്കുകയും ചെയ്യട്ടെ.
source https://www.sirajlive.com/a-gentle-presence.html
إرسال تعليق