ഈ ന്യായാധിപനെ ചരിത്രം അടയാളപ്പെടുത്തുന്നത്

റസ്റ്റ് ശിക്ഷാമുറയാകുന്ന വിധം അധികാര ദുര്‍വിനിയോഗം നടക്കുന്നെന്നും രാജ്യത്തെ ക്രിമിനല്‍ നീതിന്യായ സംവിധാനം തന്നെ ശിക്ഷയാകുകയാണെന്നും പരമോന്നത നീതിപീഠം തന്നെ പരിദേവനം പറഞ്ഞുകൊണ്ടിരിക്കുന്ന സവിശേഷ സാഹചര്യത്തിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ വകുപ്പിന്‍മേല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ശക്തമായ അധികാരങ്ങള്‍ നല്‍കുന്ന സുപ്രീം കോടതി മൂന്നംഗ ബഞ്ചിന്റെ വിധി വരുന്നത്. റെയ്ഡിനും അറസ്റ്റിനും സ്വത്ത് കണ്ടുകെട്ടാനും വലിയ അധികാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വകവെച്ചു നല്‍കുന്നു പ്രസ്തുത വിധി. കുറ്റക്കാരനെന്ന് തെളിയിക്കേണ്ട പ്രോസിക്യൂഷന്റെ ഉത്തരവാദിത്വത്തെ കുറ്റം ചെയ്തിട്ടില്ലെന്ന് കുറ്റാരോപിതന്‍ തെളിയിക്കേണ്ട വിധം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം പ്രതിചേര്‍ക്കപ്പെടുന്നവര്‍ക്ക് മുമ്പില്‍ നീതിദീക്ഷയില്ലാത്ത കടമ്പകള്‍ സൃഷ്ടിക്കപ്പെടുന്നു. ഒപ്പം, കര്‍ക്കശ ജാമ്യ മാനദണ്ഡങ്ങളും ചേരുമ്പോള്‍ ഒരു കരിനിയമത്തിന്റെ ലക്ഷണങ്ങളാണ് പ്രസ്താവിത നിയമം പ്രകടിപ്പിക്കുന്നത്.

ഇ ഡി ഉദ്യോഗസ്ഥര്‍ പോലീസ് ഓഫീസര്‍മാരല്ലെന്നും അവര്‍ രേഖപ്പെടുത്തുന്ന മൊഴി ഭരണഘടനയുടെ അനുഛേദം 20(3), 21 എന്നിവയെ ബാധിക്കുന്നതല്ലെന്നും സുപ്രീം കോടതി പറയുമ്പോള്‍ തന്നെ പ്രയോഗ തലത്തില്‍ അങ്ങനെയല്ലല്ലോ കാര്യങ്ങള്‍. മേധാശക്തിയുള്ള അധികാര പ്രയോഗമാണ് അടുത്ത കാലത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ പ്രതിയോഗികളെ നിരന്തരം വേട്ടയാടുക വഴി ഭരണകൂട പിന്തുണയോടെ അമിതാധികാരം കൈവശപ്പെടുത്തുകയായിരുന്നു ഇ ഡി. അത്തരമൊരു ഘട്ടത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ മുമ്പില്‍ നിര്‍ത്തി കേന്ദ്ര ഭരണം കൈയാളുന്നവര്‍ രാജ്യത്താകമാനം നടത്തിക്കൊണ്ടിരിക്കുന്ന ജനാധിപത്യഹത്യക്ക് കരുതലാകുന്ന വിധിയായിപ്പോയി പരമോന്നത നീതിപീഠത്തിന്റേത് എന്ന വിമര്‍ശം പല കോണുകളില്‍ നിന്നും ഉയര്‍ന്നുകേട്ടിരുന്നു. പ്രസ്തുത വിധി പുറപ്പെടുവിച്ച മൂന്നംഗ സുപ്രീം കോടതി ബഞ്ചിന് നേതൃത്വം നല്‍കിയത് കഴിഞ്ഞ ദിവസം വിരമിച്ച ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കറായിരുന്നു. ആറ് വര്‍ഷം നീണ്ട അദ്ദേഹത്തിന്റെ സുപ്രീം കോടതി കരിയറിലെ അവസാന നാളുകളിലെ പ്രധാന വിധികളിലൊന്നാണിത്. പരമോന്നത നീതിപീഠത്തില്‍ നിന്ന് സീനിയോരിറ്റിയില്‍ രണ്ടാമനായിരിക്കെ വിരമിച്ച ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കറെ അടയാളപ്പെടുത്താല്‍ പാകമുള്ള വിധി തന്നെയാണിതെന്ന് പറയാം.

പൗരാവകാശങ്ങളില്‍ നീതിന്യായ പുനഃപരിശോധനക്ക് പരമോന്നത നീതിപീഠം സമീപ വര്‍ഷങ്ങളില്‍ സന്നദ്ധമാകേണ്ടിവന്ന പല വേളകളിലും സുപ്രീം കോടതിയിലെ മുതിര്‍ന്ന ന്യായാധിപന്‍ എന്ന നിലയില്‍ ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ നിര്‍വഹിച്ച ഭരണഘടനാ ദൗത്യം പരിശോധിക്കപ്പെടേണ്ടതുണ്ട്. ഒരു ജനാധിപത്യ പൗരസമൂഹത്തിന്റേത് എന്ന നിലയില്‍ മൗലികാവകാശ പ്രധാനമായ നമ്മുടെ ഭരണഘടനയുടെ പൊരുളുള്‍കൊണ്ട് പ്രവര്‍ത്തിക്കാന്‍ ന്യായാധിപ പ്രമുഖന് എത്രത്തോളം കഴിഞ്ഞിട്ടുണ്ടെന്ന ചോദ്യം വലിയ ഉത്തരങ്ങളിലേക്കാണ് വാതില്‍ തുറക്കുന്നത്. നിര്‍ണായക നിയമ വ്യവഹാരങ്ങളില്‍ കൃത്യമായ ന്യായവാദങ്ങള്‍ ചൂണ്ടിക്കാട്ടാനില്ലാതെ ഭരണകൂട നിലപാടിനെ ശരിവെക്കുന്ന വിധിതീര്‍പ്പുകളാണ് പലപ്പോഴും അദ്ദേഹം പുറപ്പെടുവിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ കാര്‍ഷിക നിയമങ്ങള്‍ ചോദ്യം ചെയ്യുന്ന ഹരജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ രാജ്യതലസ്ഥാനത്തടക്കം കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ വമ്പിച്ച പ്രതിഷേധങ്ങള്‍ നടന്നു. കാര്‍ഷിക നിയമങ്ങളുടെ നീതിന്യായ പുനഃപരിശോധന കോടതിയില്‍ നടന്നുകൊണ്ടിരിക്കെ സമരം നടത്താനാകില്ലെന്ന് 2021 ഒക്ടോബറില്‍ കേസ് കേള്‍ക്കവെ ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ വാക്കാല്‍ നിരീക്ഷിച്ചത് നിയമ, രാഷ്ട്രീയ രംഗങ്ങളില്‍ നിശിത വിമര്‍ശങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. അങ്ങനെ സമരം നടത്താനാകുമോയെന്ന് പരിശോധിക്കാന്‍ കോടതി തീരുമാനിച്ച വിധിയും അദ്ദേഹം പുറപ്പെടുവിച്ചു. ഭരണഘടനയുടെ 19ാം അനുഛേദത്തിന്റെ ഭാഗമായി ലഭ്യമായ സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരാവകാശത്തെ, മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടത് പുനഃസ്ഥാപിക്കാന്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ അവസരം നല്‍കുന്ന 32ാം അനുഛേദത്തെ മുന്‍നിര്‍ത്തി എങ്ങനെ ഇല്ലാതാക്കുമെന്ന ചോദ്യമാണ് വ്യാപകമായി ഉയര്‍ന്നു കേട്ടത്. മാത്രമല്ല, വിഷയം കോടതിയുടെ പരിഗണനയിലിരിക്കെയും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ ചീഫ് ജസ്റ്റിസ് മറ്റൊരു ഘട്ടത്തില്‍ അംഗീകരിച്ചിരുന്നു. നീതിന്യായ പുനഃപരിശോധന നടന്നുകൊണ്ടിരിക്കെ സമരമാകാമെന്ന് മറ്റൊരു ബഞ്ച് പിന്നീട് നിരീക്ഷിക്കുകയും ചെയ്തിരുന്നു.

ഭീമ കൊറേഗാവ് കേസില്‍ കോടതി മേല്‍നോട്ടത്തിലുള്ള എസ് ഐ ടി അന്വേഷണം തള്ളി 2018 സെപ്തംബറില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ന്യൂനപക്ഷ വിധിന്യായത്താലാണ് ശ്രദ്ധേയമായത്. മഹാരാഷ്ട്ര പോലീസിന്റെ പക്ഷപാതപരമായ ഇടപെടലുകളില്‍ പ്രത്യേക അന്വേഷണം വേണമെന്നായിരുന്നു ന്യൂനപക്ഷ വിധി. രാഷ്ട്രീയ വിയോജിപ്പുകളെ വേട്ടയാടുന്നതിന്റെ ഭാഗമാണ് ഭീമ കൊറേഗാവിലെ കേസും അറസ്റ്റുമെന്ന് വിലയിരുത്തിയ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കേസന്വേഷണത്തിലെയും അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടികളിലെയും ശരികേടുകള്‍ തുറന്നുകാട്ടി. അന്വേഷണ ഉദ്യോഗസ്ഥന്‍ വാര്‍ത്താ സമ്മേളനം നടത്തിയതില്‍ തുടങ്ങി സുപ്രധാന വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതും കുറ്റാരോപിതരെ അറസ്റ്റ് ചെയ്തതിലെ നിയമപരമായ നടപടിക്രമങ്ങളുടെ ലംഘനവുമടക്കം വിധി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ന്യൂനപക്ഷ വിധി മുന്നോട്ടുവെച്ച പ്രശ്‌നങ്ങളില്‍ തൊടാതെ കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം വേണ്ടെന്ന തീര്‍പ്പിലെത്തുകയായിരുന്നു ഭൂരിപക്ഷ വിധിയെഴുതിയ ഖാന്‍വില്‍ക്കര്‍.

യു എ പി എ നിയമത്തിലെ 43 ഡി (അഞ്ച്) വകുപ്പ് ഏറെ വിമര്‍ശങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്. യു എ പി എ പ്രകാരം കുറ്റം ചുമത്തപ്പെട്ടവര്‍ക്ക് ജാമ്യം നിഷേധിക്കുന്ന പൗരാവകാശ നിഷേധവും ജനാധിപത്യവിരുദ്ധവുമായ കാര്‍ക്കശ്യം പുലര്‍ത്തുന്ന വകുപ്പാണിത്. 2020ലെ വതാലി കേസില്‍ പ്രസ്തുത വകുപ്പിന് എ എം ഖാന്‍വില്‍ക്കര്‍ നല്‍കിയ വ്യാഖ്യാനം യു എ പി എ പ്രകാരം കുറ്റം ചുമത്തപ്പെടുന്നവരുടെ മൗലികാവകാശം നിഷേധിക്കപ്പെടുന്ന അവസ്ഥക്ക് കനം കൂട്ടുന്നതായി. യു എ പി എ കേസില്‍ ജാമ്യം പരിഗണിക്കുമ്പോള്‍ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുമോ എന്നറിയാന്‍ വസ്തുതകളുടെ വിശദ പരിശോധന നടത്താന്‍ കോടതിക്കാകില്ല. തെളിവുകളുടെ പൊതുവായ പരിശോധനയും കുറ്റം ചെയ്തിരിക്കാനുള്ള സാധ്യതയും മാത്രമേ നോക്കാനാകുകയുള്ളൂ. തെളിവുകളുടെ സ്വീകാര്യതയോ വൈരുധ്യങ്ങളുമായി ബന്ധപ്പെട്ടതോ ആയ ചോദ്യങ്ങള്‍ പരിഗണിക്കാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിധിതീര്‍പ്പ്. തുടര്‍ന്ന് ഇതൊരു കീഴ്‌വഴക്കമാകുക വഴി യു എ പി എ കേസുകളിലെ കുറ്റാരോപിതരുടെ ജാമ്യം ദുര്‍ഘടമായിത്തീര്‍ന്നു.

2021 ജനുവരിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ സെന്‍ട്രല്‍ വിസ്ത പദ്ധതി ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികള്‍ സുപ്രീം കോടതി തള്ളിയപ്പോള്‍ മൂന്നംഗ ബഞ്ചിന്റെ അധ്യക്ഷന്‍ ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കറായിരുന്നു. മൂന്നില്‍ രണ്ടിന്റെ ഭൂരിപക്ഷ വിധിയില്‍ ഭിന്ന വിധി രേഖപ്പെടുത്തി ജസ്റ്റിസ് സഞ്ജീവ് ഖന്ന. കാര്യകാരണബന്ധ പരാമര്‍ശമില്ലാത്ത ഒരുത്തരവിലൂടെയാണ് ഭരണകൂടം സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് അംഗീകാരവും പാരിസ്ഥിതിക അനുമതിയും നല്‍കിയിരിക്കുന്നത്. അതിന് മുമ്പ് പൊതുജനാഭിപ്രായം തേടിയില്ലെന്നതായിരുന്നു ന്യൂനപക്ഷ വിധിയുടെ വിശദാംശങ്ങളിലൊന്ന്. എന്നാല്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചത് മതി പൊതുജനാഭിപ്രായത്തിനെന്ന ദുര്‍ബല നിരീക്ഷണമായിരുന്നു ഖാന്‍വില്‍ക്കറിന്റേത്.

കഴിഞ്ഞ ഏപ്രിലില്‍ 2020ലെ വിദേശ സംഭാവനാ നിയന്ത്രണ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ശരിവെച്ച സുപ്രീം കോടതി മൂന്നംഗ ബഞ്ചിന് നേതൃത്വം നല്‍കിക്കൊണ്ട് വിരമിച്ച ന്യായാധിപ പ്രമുഖന്‍ നടത്തിയ വിധിയും വിമര്‍ശങ്ങളൊഴിഞ്ഞതല്ല. പ്രസ്താവിത നിയമത്തിലെ ഏഴാം വകുപ്പിനെ കുറിച്ച് വലിയ വാദങ്ങളാണ് നടന്നത്. വിദേശ സംഭാവന സ്വീകരിച്ചത് മറ്റു സന്നദ്ധ സംഘടനക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നത് പൂര്‍ണമായും വിലക്കുന്നുണ്ട് പ്രസ്തുത വകുപ്പ്. പ്രവര്‍ത്തന വൈപുല്യമുള്ള വലിയ സന്നദ്ധ സംഘടനകള്‍ സ്വീകരിക്കുന്ന വിദേശ സംഭാവനകള്‍ ചെറിയ സംഘടനകള്‍ക്ക് കൈമാറ്റം ചെയ്താണ് താഴെത്തട്ടില്‍ അര്‍ഹരായ ആളുകള്‍ക്ക് സഹായം ലഭ്യമാക്കിയിരുന്നത്. അതില്ലാതാകുന്നതോടെ വിവിധ മേഖലകളില്‍ സഹായമാവശ്യമുള്ളവര്‍ വഴിയാധാരമാകുക മാത്രമല്ല ചെയ്യുന്നത്, താരതമ്യേന കുറഞ്ഞ പ്രവര്‍ത്തന പരിധി മാത്രമുള്ള എന്‍ ജി ഒകള്‍ ഇല്ലാതാകുകയും ചെയ്യും. വിദേശ സംഭാവനകളുടെ ട്രാന്‍സ്ഫര്‍ പൂര്‍ണമായും വിലക്കിയ ഭരണകൂട നടപടിയെ ആനുപാതിക സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കുകയായിരുന്നു ഭൂരിപക്ഷ വിധി ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അക്കാര്യം പരിഗണിക്കാതെ വിദേശ സംഭാവനാ നിയന്ത്രണ ഭേദഗതിക്ക് ഭരണഘടനാ സാധുത നല്‍കുകയായിരുന്നു ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍.

ഗുജറാത്ത് വംശഹത്യാ കേസില്‍ ഉന്നതതല ഗൂഢാലോചനയില്‍ എസ് ഐ ടി കണ്ടെത്തലിനെതിരെ സാകിയ ജാഫ്രി സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളുകയുണ്ടായി. പരാതിക്കാരിക്കൊപ്പം നിലകൊണ്ട ടീസ്റ്റ സെതല്‍വാദിനെയും ഗുജറാത്ത് മുന്‍ എ ഡി ജി പി. ആര്‍ ബി ശ്രീകുമാറിനെയും നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന തരത്തില്‍ വിധി പ്രഖ്യാപിച്ച ബഞ്ചിന്റെയും അധ്യക്ഷന്‍ ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കറായിരുന്നു. അങ്ങനെയിരിക്കെ ഭരണകൂടത്തിന്റെ ബോധപൂര്‍വമായ നടപടികളില്‍ ഭരണഘടന അസ്ഥിരപ്പെടുകയും ഇന്ത്യന്‍ ജനാധിപത്യം നാള്‍ക്കുനാള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പതിത കാലത്ത് ആര്‍ക്കൊപ്പമായിരുന്നു വിരമിച്ച ന്യായാധിപ പ്രമുഖനെന്ന് പറയുന്നുണ്ട് കൃത്യമായ ന്യായവിധികളല്ലാതെ മാറിയ അദ്ദേഹത്തിന്റെ വിധിതീര്‍പ്പുകളില്‍ പലതും. അടുത്ത കാലത്ത് പരമോന്നത നീതിപീഠത്തിന്റെ പടിയിറങ്ങിയ മുഖ്യ ന്യായാധിപരുടെ വഴിയാണ് കരണീയമെന്ന് അദ്ദേഹം കരുതിക്കാണണം. എങ്കില്‍ വൈകാതെ അടുത്തൂണ്‍ പറ്റുന്നത് കാണാനുള്ള യോഗം നമുക്കുണ്ടാകും.



source https://www.sirajlive.com/history-marks-this-judge.html

Post a Comment

Previous Post Next Post