സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച “ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിനിന്റെ ഭാഗമായി കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യത്തില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്‌റുവിനെയും ടിപ്പുസുല്‍ത്താനെയും ഒഴിവാക്കിയിരിക്കുകയാണ്. അതേസമയം എട്ട് തവണ ബ്രിട്ടീഷ് സര്‍ക്കാറിനു മാപ്പെഴുതി കൊടുക്കുകയും ജയിലില്‍ നിന്ന് മോചിതനായ ശേഷം ശിഷ്ടകാലം ബ്രിട്ടീഷുകാരുടെ പാദസേവകനായി പ്രവര്‍ത്തിക്കുകയും ചെയ്ത വി ഡി സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തുകയും ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി, ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ തുടങ്ങി നിരവധി പേര്‍ കര്‍ണാടക ബി ജെ പി സര്‍ക്കാറിന്റെ നടപടിയെ വിമര്‍ശിച്ച് രംഗത്തു വന്നിരിക്കുകയാണ്. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും ബ്രിട്ടീഷുകാരോട് പൊരുതി മരിച്ച ടിപ്പു സുല്‍ത്താനും സ്വാതന്ത്ര്യ സമര സേനാനികളല്ലേയെന്നാണ് മുഹമ്മദ് സുബൈറിന്റെ ചോദ്യം.
ജവഹര്‍ലാല്‍ നെഹ്‌റുവിനെയും ടിപ്പു സുല്‍ത്താനെയും തമസ്‌കരിക്കാനുള്ള ബി ജെ പി ശ്രമം ഇതാദ്യമല്ല. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ (ഐ സി എച്ച് ആര്‍) “ആസാദീ കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി പുറത്തിറക്കിയ ബ്രോഷറിലും വെബ്‌സൈറ്റിലും എട്ട് പ്രമുഖരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഒഴിവാക്കി. പകരം സവര്‍ക്കറുടേത് ഉള്‍പ്പെടുത്തുകയും ചെയ്തു. 2016ല്‍ രാജസ്ഥാനിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്കായി സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് പുറത്തിറക്കിയ എട്ടാം ക്ലാസ്സ് സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തിലും നെഹ്‌റു തഴയപ്പെട്ടു.
പ്രത്യയശാസ്ത്രപരമായ ഭിന്നതയാണ് നെഹ്‌റുവിനോടുള്ള ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും വിരോധത്തിനു പിന്നില്‍ മുഖ്യമായും. മതേതരവും ബഹുസ്വരവുമായ ഇന്ത്യയെ പടുത്തുയര്‍ത്താനാണ് നെഹ്‌റു ശ്രമിച്ചത്. അതേസമയം ഹിന്ദുരാഷ്ട്രമാണ് ആര്‍ എസ് എസ് അജന്‍ഡ. ഭരണഘടനാ വിദഗ്ധനും അഭിഭാഷകനുമായ എ ജി നൂറാനി എഴുതുന്നു- “ബഹുസ്വരതയിലും സഹിഷ്ണുതയിലും അടിയുറച്ച മതേതര, ജനാധിപത്യ രാഷ്ട്രമായിരുന്നു നെഹ്റുവിന്റെ സങ്കല്‍പ്പം. ആര്‍ എസ് എസിന്റെയും അതിന്റെ രാഷ്ട്രീയ ശിശുവിന്റെയും പ്രത്യയശാസ്ത്രത്തിന് കടകവിരുദ്ധമായ സങ്കല്‍പ്പമായിരുന്നു ഇത്. പല്ലും നഖവുമുപയോഗിച്ച് നെഹ്റു അവരെ എതിര്‍ത്തു. ആര്‍ എസ് എസ് ഏറ്റവും കൂടുതല്‍ വെറുത്ത ഒരു കോണ്‍ഗ്രസ്സുകാരന്‍ നെഹ്റുവായിരുന്നു. വിഭജനകാലത്ത് ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം സ്ഥാപിക്കണമെന്നതായിരുന്നു അവരുടെ താത്പര്യം’. ഒരിക്കലും പരസ്പരം കൂട്ടിമുട്ടാത്ത സമാന്തര രേഖകളായിരുന്നു നെഹ്‌റുവും ആര്‍ എസ് എസും.
നെഹ്‌റുവിനെ ഓര്‍മപ്പെടുത്തുന്ന എല്ലാത്തിനെയും തമസ്‌കരിക്കുക എന്ന നയമാണ് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം സംഘ്പരിവാര ശക്തികള്‍ രാജ്യത്ത് സ്വീകരിച്ചു പോന്നിട്ടുള്ളത്. നെഹ്‌റുവിന്റെ പേരില്‍ അറിയപ്പെടുന്ന അനവധി സര്‍ക്കാര്‍ പദ്ധതികളുടെ പേരുകള്‍ ഇതിനകം മാറ്റി. ഡല്‍ഹിയിലെ പ്രശസ്തമായ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ പേര് മാറ്റുക മാത്രമല്ല അതിന്റെ ഡയറക്ടറായിരുന്ന മഹേഷ് രംഗരാജനെ തത്്സ്ഥാനത്തു നിന്ന് നീക്കുകയും ചെയ്തു. കേന്ദ്ര യുവജനകാര്യ വകുപ്പിന്റെ കീഴിലുള്ള നെഹ്‌റു യുവകേന്ദ്രക്ക് ഇതേ ഗതി തന്നെയാണ് സംഭവിച്ചത്. ജനാധിപത്യത്തിനു തന്നെ ആപത്കരമാണ് നെഹ്‌റുവിനെയും അദ്ദേഹത്തിന്റെ ചിന്തകളെയും ബോധപൂര്‍വം തമസ്‌കരിക്കാന്‍ നടക്കുന്ന ഈ നീക്കങ്ങള്‍.
അതേസമയം ഇന്നത്തെ ബി ജെ പി നേതാക്കളില്‍ നിന്ന് ഏറെ വ്യത്യസ്തനായിരുന്നു മുന്‍ പ്രധാനമന്ത്രിയും ബി ജെ പി നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്്പെയ്. നെഹ്റുവിന്റെ നിശിത വിമര്‍ശകനായിരുന്നു അദ്ദേഹം. എങ്കിലും ആദ്യ പ്രധാനമന്ത്രി, രാജ്യത്തിന്റെ വളര്‍ച്ചയില്‍ മികച്ച പങ്കുവഹിച്ച ഭരണാധികാരി എന്നീ നിലകളില്‍ നെഹ്‌റുവിനോട് ആദരവ് പുലര്‍ത്തുകയും ചെയ്തിരുന്നു അദ്ദേഹം. 1977ല്‍ അധികാരത്തിലേറിയ ആദ്യത്തെ കോണ്‍ഗ്രസ്സിതര സര്‍ക്കാറില്‍ വിദേശകാര്യ മന്ത്രിപദം കൈകാര്യം ചെയ്തിരുന്നത് വാജ്്പെയ് ആയിരുന്നു. അധികാരമേറ്റ് സൗത്ത് ബ്ലോക്കിലെ തന്റെ ഓഫീസിലെത്തിയ വാജ്്പെയ് അവിടെ തൂക്കിയ നേതാക്കളുടെ ഫോട്ടോകളിലേക്ക് വെറുതെയൊന്നു കണ്ണോടിച്ചപ്പോള്‍ നെഹ്‌റുവിന്റെ പടം കണ്ടില്ല. നീണ്ട 18 വര്‍ഷത്തോളം രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയായി പ്രവര്‍ത്തിച്ച നെഹ്‌റുവിന്റെ ചിത്രം ഓഫീസില്‍ കാണാത്തതില്‍ അദ്ദേഹത്തിനു പ്രയാസം. “”എവിടെ പണ്ഡിറ്റ്ജിയുടെ പടം?”- വാജ്്പെയ് ചോദിച്ചു. ഉടനെ ബന്ധപ്പെട്ടവര്‍ നെഹ്‌റുവിന്റെ പടം തൂക്കുകയും ചെയ്തു. വിമര്‍ശനവും വിയോജിപ്പും ജനാധിപത്യത്തിന്റെ ഭാഗമാണെന്നും ഒരു ഛായാചിത്രം മാറ്റുന്നതുകൊണ്ട് ഇല്ലാതാക്കാവുന്ന വ്യക്തിത്വമല്ല നെഹ്റുവിന്റേതെന്നും തിരിച്ചറിയാന്‍ വാജ്്പെയ്ക്ക് കഴിയുമായിരുന്നു. ഇന്നത്തെ നേതാക്കള്‍ക്ക് ആ തിരിച്ചറിവില്ലാതെ പോയി.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പ്രേരകോര്‍ജമായും ആധുനിക ഭരണ പരിഷ്‌കാര്‍ത്താക്കളുടെ ഉപജ്ഞാതാവായും അടയാളപ്പെടുത്തപ്പെട്ട, ബ്രിട്ടീഷ് വിരുദ്ധ പോരാട്ട നായകരുടെ പട്ടികയില്‍ മുന്‍നിരയില്‍ സ്ഥലം പിടിച്ച ഭരണാധികാരിയാണ് ടിപ്പു സുല്‍ത്താന്‍. ചരിത്രത്തിന്റെ നിയോഗം ഏറ്റെടുത്ത ടിപ്പു സുല്‍ത്താന്‍ ഇന്ത്യയുടെ ആത്മാഭിമാനത്തിന്റെ പ്രകാശമായിരുന്നുവെന്നാണ് ചരിത്രകാരന്‍ കെ കെ എന്‍ കുറുപ്പ് (നവാബ് ടിപ്പു സുല്‍ത്താന്‍: ഒരു പഠനം) രേഖപ്പെടുത്തിയത്. മൈസൂര്‍ കേന്ദ്രീകരിച്ച് നീണ്ട 15 വര്‍ഷം ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം നയിച്ച ടിപ്പുവിനെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള സ്വാതന്ത്ര്യ സമര ചരിത്രം തീര്‍ത്തും അപൂര്‍ണമാണ്. അദ്ദേഹത്തിന്റെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെ മേല്‍, ഇല്ലാത്ത വര്‍ഗീയതയുടെ കള്ളക്കഥകള്‍ രചിച്ച് തെറ്റിദ്ധാരണ സൃഷ്ടിച്ചാണ് ബി ജെ പി ഭരണകൂടങ്ങള്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്യുന്നത്.
source https://www.sirajlive.com/there-is-no-history-of-freedom-struggle-without-nehru-and-tipu.html
إرسال تعليق