കൊച്ചി | മോന്‍സൺ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്രൈം ബ്രാഞ്ചിന്റെ ക്ലീന്‍ ചിറ്റ്. ഇതുവരെ നടന്ന അന്വേഷണത്തില്‍ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാകുന്ന ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നത്. മോന്‍സൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പടക്കമുള്ള കേസുകളിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയമിച്ച് ഐ ജി ലക്ഷ്മണയടക്കമുളളവരെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ടുളള ഹരജിയിലാണ് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തട്ടിപ്പില്‍ നേരിട്ട് പങ്കുള്ളതായി തെളിവില്ലെന്നാണ് റിപോര്‍ട്ട്.
സി ഐ അനന്തലാല്‍ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ മോന്‍സൺ മാവുങ്കലില്‍ നിന്ന് പണം വാങ്ങിയത് കടമായിട്ടാണ്. മുന്‍ ഡി ഐ ജി. എസ് സുരേന്ദ്രനും കുടുംബത്തിനും മോന്‍സണുമായി വലിയ അടുപ്പമുണ്ടായിരുന്നു. എന്നാല്‍ തട്ടിപ്പില്‍ പ്രതിയാക്കാന്‍ തെളിവില്ല. അതിനാലാണ് സസ്‌പെന്‍ഷനും വകുപ്പുതല അന്വേഷണവും തുടരുന്നത്. മോന്‍സണിന്റെ കൊച്ചിയിലെ വീട്ടില്‍ പട്രോളിംഗ് ബുക്ക് വെച്ചത് സാധാരണ നടപടി മാത്രമാണെന്നുമാണ് ക്രൈം ബ്രാഞ്ചിന്റെ വിശദീകരണം.
പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ അന്വേഷണം തുടരുകയാണെന്നും ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. സുധാകരന്റെ സാന്നിധ്യത്തിലാണ് പരാതിക്കാരനായ അനൂപ് 25 ലക്ഷം രൂപ മോന്‍സണിന് കൈമാറിയതെന്ന് പരാതിയുണ്ട്. എന്നാല്‍ ഇതുവരെയും സുധാകരനെ ചോദ്യംചെയ്യാനായിട്ടില്ലെന്നും ക്രൈം ബ്രാഞ്ച് റിപോര്‍ട്ടിലുണ്ട്. അന്വേഷണം ശരിയായ രീതിയില്‍ വേണമെന്നാവശ്യപ്പെട്ട് പരാതിക്കാരനായ എം ടി ശമീര്‍ നല്‍കിയ ഹരജി ജസ്റ്റിസ് സിയാദ് റഹ്മാന്‍ ഇന്ന് പരിഗണിക്കും.
source https://www.sirajlive.com/no-evidence-in-monson-case-clean-chit-for-police-officers.html
إرسال تعليق