നിതീഷ് കുമാറിന്റെ കൂടുമാറ്റം

ബിഹാറില്‍ ബി ജെ പിക്കുള്ള അപ്രതീക്ഷിതമായ ആഘാതമാണ് എന്‍ ഡി എ സഖ്യത്തില്‍ നിന്നുള്ള ജെ ഡി യുവിന്റെ പിന്‍മാറ്റവും മഹാസഖ്യത്തിന്റെ തിരിച്ചു വരവും. മാസങ്ങളായി ജെ ഡി യു. ബി ജെ പിയുമായി അകല്‍ച്ചയിലായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജെ ഡി യുവും ബി ജെ പിയും വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും ചേര്‍ന്ന എന്‍ ഡി എ സഖ്യമാണ് വിജയിച്ചത്. എങ്കിലും അന്ന് സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖ ശക്തിയായിരുന്ന ജെ ഡി യു 45 സീറ്റുമായി രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും 77 സീറ്റുമായി ബി ജെ പി മുഖ്യകക്ഷിയായി മാറുകയും ചെയ്തു. ലോക്ജന്‍ ശക്തി നേതാവ് ചിരാഗ് പാസ്വാനെ ഉപയോഗിച്ച് ബി ജെ പി നടത്തിയ കളിയാണ് ജെ ഡി യുടെ ഈ പിന്നോട്ടടിക്ക് പിന്നിലെന്ന് അന്ന് തന്നെ നിതീഷ് കുമാറിനും പാര്‍ട്ടി നേതൃത്വത്തിനും അഭിപ്രായമുണ്ടായിരുന്നു.

എങ്കിലും നിതീഷ് കുമാറിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ ബി ജെ പി സന്നദ്ധമായതോടെ തത്കാലം ഈ അസ്വാരസ്യം മറന്നു മുന്നോട്ടു പോകാന്‍ ജെ ഡി യു തയ്യാറായി. അതിനിടെ നിതീഷ് സര്‍ക്കാറിനെ നിരന്തരം വിമര്‍ശിക്കുന്ന സ്പീക്കറുടെ നിലപാട്, രണ്ട് കേന്ദ്രമന്ത്രി സ്ഥാനം വേണമെന്ന ജെ ഡി യുടെ ആവശ്യം ബി ജെ പി നിരസിച്ചത്, ബി ജെ പി മാത്രമേ നിലനില്‍ക്കൂ; പ്രാദേശിക പാര്‍ട്ടികള്‍ അപ്രത്യക്ഷമാകുമെന്ന ബി ജെ പി അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ പ്രസ്താവന, കേന്ദ്ര മന്ത്രിസഭയിലെ ഏക ജെ ഡി യു മന്ത്രിയായിരുന്ന ആര്‍ സി പി സിംഗിന്റെ ബി ജെ പിയിലേക്കുള്ള ചേക്കേറ്റം, മഹാരാഷ്ട്രയില്‍ ശിവസേനയെ പിളര്‍ത്തി ബി ജെ പി ആധിപത്യം നേടിയത് തുടങ്ങിയ സംഭവങ്ങള്‍ പിന്നെയും നിതീഷ് കുമാറിനെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു.
രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും പ്രധാനമന്ത്രി വിളിച്ച നിതി ആയോഗ് യോഗത്തില്‍ നിന്നും മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പ്രധാനമന്ത്രി നല്‍കിയ വിരുന്നില്‍ നിന്നും നിതീഷ് കുമാര്‍ വിട്ടുനിന്നത് ഇതിന്റെ പ്രതിഫലനമായിരുന്നു. ആഗസ്റ്റ് 13 മുതല്‍ 15 വരെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് അമിത് ഷാ വിളിച്ച യോഗത്തിലും നിതീഷ് കുമാര്‍ പങ്കെടുത്തിരുന്നില്ല. പല ദേശീയ വിഷയങ്ങളിലും ബി ജെ പിക്കെതിരായ നിലപാടാണ് ഇക്കാലയളവില്‍ ജെ ഡി യു സ്വീകരിച്ചിരുന്നത്. ദേശീയതലത്തില്‍ ജാതി സെന്‍സസില്ലെങ്കിലും സംസ്ഥാനത്ത് ഇത് നടപ്പാക്കുമെന്ന നിതീഷിന്റെ പ്രസ്താവന ഉദാഹരണം. ബിഹാറില്‍ ജെ ഡി യുവിനെ ദുര്‍ബലപ്പെടുത്താന്‍ ബി ജെ പി കരുക്കള്‍ നീക്കുന്നതായി ബോധ്യപ്പെട്ടതോടെയാണ് അദ്ദേഹം എന്‍ ഡി എ ബന്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ആലോചിച്ചത്. അതിനിടെ ബി ജെ പിയുമായുള്ള ബന്ധം അവസാനിപ്പിച്ചാല്‍ ജെ ഡി യുമായി സഖ്യമാകാമെന്ന ആര്‍ ജെ ഡിയുടെയും നിരുപാധികം പിന്തുണ നല്‍കാമെന്ന കോണ്‍ഗ്രസ്സിന്റെയും എച്ച് എ എം ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ചയുടെയും സി പി എമ്മിന്റെയും നിലപാടും നിതീഷിനു പ്രചോദനമായി.

ബി ജെ പിയുമായി പിരിഞ്ഞ് മഹാസഖ്യത്തിന്റെ ബാനറില്‍ നിതീഷ് ഇന്നലെ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും ഈ സഖ്യം എത്രനാള്‍ എന്ന ചോദ്യം ഉയര്‍ത്തുന്നുണ്ട് രാഷ്ട്രീയ കേന്ദ്രങ്ങള്‍. അധികാരത്തിനായി ആരുമായും കൂട്ടുകൂടുകയും യാതൊരു രാഷ്ട്രീയ മര്യാദയും പാലിക്കാതെ കാലുമാറുകയും ചെയ്യുന്ന പ്രകൃതക്കാരനാണ് അദ്ദേഹം. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ അഞ്ചാമത്തെ കാലുമാറ്റമാണിപ്പോഴത്തേത്. 1994ല്‍ ജനതാദളിലായിരിക്കെ ലാലു പ്രസാദ് യാദവിനെതിരെ കലാപക്കൊടി ഉയര്‍ത്തി ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ സമതാ പാര്‍ട്ടിക്കൊപ്പം ചേര്‍ന്നതായിരുന്നു തുടക്കം. 1998ല്‍ ബി ജെ പിയുമായി സഖ്യത്തിലാകുകയും മുഖ്യമന്ത്രി പദത്തിലെത്തുകയും ചെയ്തു. എന്നാല്‍ 2013ല്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെ പ്രഖ്യാപിച്ച ബി ജെ പി നടപടിയില്‍ പ്രതിഷേധിച്ച് അവരുമായി ബന്ധം വിഛേദിച്ചു. മതേതര മുഖമുള്ള നേതാവായിരിക്കണം എന്‍ ഡി എയെ നയിക്കേണ്ടതെന്ന് അഭിപ്രായപ്പെട്ട നിതീഷ് ഇനി ഒരിക്കലും ബി ജെ പിയുമായി സഖ്യം സ്ഥാപിക്കില്ലെന്ന് ആണയിടുകയും ചെയ്തു അന്ന്. അങ്ങനെയാണ് 2015ലെ തിരഞ്ഞെടുപ്പില്‍ ആര്‍ ജെ ഡിയുമായും കോണ്‍ഗ്രസ്സുമായും സഹകരിച്ച് മഹാസഖ്യം രൂപവത്കരിച്ചതും നിതീഷ് മുഖ്യമന്ത്രിയായതും. ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവായിരുന്നു ഉപ മുഖ്യമന്ത്രി. എന്നാല്‍ ഐ ആര്‍ ടി സി കേസില്‍ തേജസ്വി യാദവിന്റെ പേര് ഉയര്‍ന്നതോടെ അദ്ദേഹത്തോട് രാജിവെക്കാന്‍ നിതീഷ് ആവശ്യപ്പെട്ടു. ആര്‍ ജെ ഡി ഇത് നിഷേധിച്ചു. ഈ അവസരം ഉപയോഗപ്പെടുത്തി അദ്ദേഹം മഹാസഖ്യം ഉപേക്ഷിച്ച് ബി ജെ പി പാളയത്തിലേക്ക് തന്നെ തിരികെ പോകുകയും അവരുടെ പിന്തുണയോടെ മുഖ്യമന്ത്രി പദത്തില്‍ തുടരുകയുമായിരുന്നു. ആര്‍ ജെ ഡി നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങള്‍ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് അറിയാത്തയാളല്ല നിതീഷ്. മാത്രമല്ല, ലാലു പ്രസാദ് യാദവിന്റെയും മക്കളുടെയും പേരില്‍ അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കെ തന്നെയാണ് തിരഞ്ഞെടുപ്പില്‍ നിതീഷ് അവരുമായി സഖ്യം സ്ഥാപിച്ചതും.

ആദര്‍ശ രാഷ്ട്രീയം അധികാര രാഷ്ട്രീയത്തിനു വഴി മാറിയതാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിനു സംഭവിച്ച ഏറ്റവും വലിയ അപച്യുതി. പ്രാദേശിക പാര്‍ട്ടികളുടെ ആധിപത്യത്തിലുള്ള സംസ്ഥാനങ്ങളെ വരുതിയിലാക്കാന്‍ ബി ജെ പിക്ക് സഹായകമാകുന്നത് ഈ അപച്യുതിയാണ്. കുതിരക്കച്ചവടവും അവസരവാദ രാഷ്ട്രീയവും കളിക്കുമ്പോഴും ബി ജെ പി അവരുടെ വര്‍ഗീയ രാഷ്ട്രീയത്തില്‍ ഉറച്ചു നില്‍ക്കുന്നുണ്ട്. തങ്ങളുടെ വര്‍ഗീയ അജന്‍ഡകള്‍ ആരുടെ മുമ്പിലും അടിയറ വെക്കുന്നില്ല. എന്നാല്‍ അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി മതേതര രാഷ്ട്രീയം വലിച്ചെറിയാനും ബി ജെ പിക്കു മുമ്പില്‍ അടിയറ വെക്കാനും മതേതരത്വം അവകാശപ്പെടുന്ന കക്ഷികള്‍ക്കൊന്നും മനഃസ്സാക്ഷിക്കുത്തില്ല. നിലവില്‍ ബിഹാറില്‍ നിതീഷ് കുമാര്‍ എന്‍ ഡി എ സഖ്യം വിട്ടത് വര്‍ഗീയ രാഷ്ട്രീയത്തോടുള്ള വിയോജിപ്പു കൊണ്ടല്ല, ബി ജെ പി ബന്ധം ജെ ഡി യുവിന്റെ നിലനില്‍പ്പിനെ ബാധിക്കുമോയെന്ന ശങ്ക കൊണ്ടു മാത്രമാണ്.



source https://www.sirajlive.com/nitish-kumar-39-s-change-of-nest.html

Post a Comment

أحدث أقدم