പ്രതിപക്ഷ എതിര്‍പ്പിനിടെ ലോകായുക്ത നിയമ ഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍

തിരുവനന്തപുരം | ലോകായുക്താ നിയമ ഭേദഗതി ബില്‍ ഇന്ന് നിയമസഭ പരിഗണനക്കെടുക്കും. സിപിഐയുടെ ഭേദഗതി നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാകും ബില്‍ പാസാക്കുകയെന്നാണ് സൂചന. അതേസമയം, നിയമഭേദഗതിക്കെതിരെ സഭക്കുള്ളില്‍ പ്രതിപക്ഷം ശക്തമായി പ്രതിഷേധിക്കും. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരവും സഭയെ ഇന്ന് ചൂടുപിടിപ്പിക്കും.

1999ലെ ലോകായുക്ത നിയമത്തിലെ 14 ആം വകുപ്പിലാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രധാന ഭേദഗതി വരുന്നത്. അധികാരസ്ഥാനത്തിരിക്കുന്ന പൊതുപ്രവര്‍ത്തകന്‍ അഴിമതി നടത്തിയെന്ന് തെളിഞ്ഞാല്‍ അയാള്‍ സ്ഥാനത്ത് നിന്ന് മാറണമെന്ന് ലോകായുക്തയ്ക്ക് വിധിക്കാം. ആ വിധി കോംപിറ്റന്റ് അതോറിറ്റിയായ ഗവര്‍ണറോ, മുഖ്യമന്ത്രിയോ സംസ്ഥാന സര്‍ക്കാരോ അതേപടി അംഗീകരിക്കണമെന്ന വ്യവസ്ഥയാണ് ഭേദഗതിയിലൂടെ എടുത്തു കളയുന്നത്.അധികാരസ്ഥാനത്തിരിക്കുന്നയാളിന് ഒരു ഹിയറിങ് നടത്തി ലോകായുക്താ വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഭേദഗതി.

ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഈ നിര്‍ദേശത്തിനെതിരെയാണ് പ്രതിപക്ഷവും ഭരണകക്ഷിയായ സിപിഐയും രംഗത്ത് എത്തിയത്. സിപിഐയുടെ ഭേദഗതി നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാകും ബില്‍ നിയമസഭ പാസാക്കുക. സി പി ഐയുടെ ദേഭഗതി നിര്‍ദേശങ്ങള്‍ പരിശോധിക്കാന്‍ നിയമവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

 



source https://www.sirajlive.com/lokayukta-act-amendment-bill-in-assembly-today-amid-opposition-opposition.html

Post a Comment

أحدث أقدم