മുസ്‌ലിംകളെ ശത്രുക്കളാക്കി ഭരണകൂട വികാരത്തെ വഴിതിരിച്ചുവിടുന്നു: സതീശൻ

കോഴിക്കോട് | മുസ്‌ലിംകളെയും മറ്റ് ന്യൂനപക്ഷങ്ങളെയും ശത്രുക്കളായി ചൂണ്ടിക്കാണിച്ച് ഭരണകൂടത്തിനെതിരായ പ്രതിഷേധത്തെ വഴിതിരിച്ചുവിടുകയെന്ന അജൻഡയാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. എസ് വൈ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സമ്മേളനം ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിറ്റ്‌ലർ അടക്കമുള്ള ഏകാധിപതികൾ പയറ്റിയ തന്ത്രം തന്നെയാണ് ഇവിടേയും നടപ്പാക്കുന്നത്. രാജ്യത്തെ സാമ്പത്തിക മാന്ദ്യവും കർഷകരുടെ പ്രതിസന്ധിയും രൂപയുടെ മൂല്യത്തകർച്ചയുമൊന്നും വിഷയമേ അല്ലാത്ത അവസ്ഥയിലാണ്. പകരം അയോധ്യയിൽ ക്ഷേത്രം പണിയുന്നതിനെക്കുറിച്ചും ഗ്യാൻവാപിയിലെ ശിവലിംഗവും ഹിജാബ് ധരിക്കലുമടക്കമുള്ള വൈകാരിക വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവന്ന് വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് കേന്ദ്ര സർക്കാർ മുതലെടുപ്പ് നടത്തുകയാണ്.

സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടീഷുകാരുമായി സന്ധി ചെയ്ത ആളുകളാണ് സ്വാതന്ത്ര്യത്തിന്റെ മഹത്വത്തെ പറ്റി നമ്മൾക്ക് ക്ലാസ്സ് എടുക്കാൻ വരുന്നത്. തന്റെ വിമർശകനായ ബി ആർ അംബേദ്കറെയാണ് നെഹ്‌റു ഭരണഘടന തയ്യാറാക്കാൻ നിയോഗിച്ചത്. ഈ കാലത്താണെങ്കിൽ അംബേദ്കറുടെ വീട്ടിൽ ഇ ഡി കയറിയിറങ്ങുന്ന അവസ്ഥ ഉണ്ടാകുമായിരുന്നുവെന്ന് സതീശൻ പരിഹസിച്ചു. ഫാസിസത്തിന്റേയും വർഗീയതയുടെയും ചങ്ങലയിൽ രാജ്യം അകപ്പെട്ടിരിക്കുകയാണ്. ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ എല്ലാവിധ പിന്തുണയും എസ് വൈ എസിനുണ്ടാകുമെന്നും നിങ്ങൾക്ക് പ്രയാസമുണ്ടാകുന്ന ഒരു നടപടിയും സ്വീകരിക്കില്ലെന്നും ഏത് പ്രതിസന്ധിയിലും ഒപ്പമുണ്ടാകുമെന്നും സതീശൻ വ്യക്തമാക്കി.



source https://www.sirajlive.com/state-diverts-sentiment-by-making-muslims-enemies-satishan.html

Post a Comment

أحدث أقدم