യുവത്വം നവ ഇന്ത്യയുടെ നിർമിതിക്കായി കൈകോർക്കണം: ഡോ. അബ്ദുൽ ഹക്കീം അസ്‌ഹരി

നോളജ് സിറ്റി | നവ ഇന്ത്യയുടെ നിർമിതിക്കായി കൈക്കോർക്കുമെന്നതാണ് യുവത്വം സ്വാതന്ത്ര്യദിനത്തിൽ എടുക്കേണ്ട പ്രതിജ്ഞയെന്ന് മർകസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. അബ്ദുൽ ഹക്കീം അസ്‌ഹരി. മർകസ് നോളജ് സിറ്റിയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. യുവാക്കളുടെ ഊർജം വളരെ പ്രധാനമാണ്. ഇന്ത്യയിലെ യുവ ജനങ്ങൾ പുതിയ ഇന്ത്യ നിർമിക്കുന്നതിനുള്ള കഠിനാധ്വാനത്തിൽ മുഴുകാൻ പ്രാപ്തരാകണമെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതിക വികസനത്തിൻറെ സാധ്യതകൾ ദേശ നിർമിതിക്ക് വേണ്ടിയാണ് ഉപയോഗപ്പെടുത്തേണ്ടത്. രാജ്യത്തിൻ്റെ ബഹുസ്വരതയും വൈവിധ്യവും നിലനിർത്തുമെന്നാണ് ഈ ദിനത്തിൽ തീരുമാനമെടുക്കേണ്ടത്. വിവിധ മതങ്ങളും വിഭാഗങ്ങളും ദേശങ്ങളും ഭാഷകളും ഉൾകൊള്ളുന്ന വൈവിധ്യത്തോടൊപ്പം ഇന്ത്യ എന്ന വികാരം നമ്മെ മുന്നോട്ടുനയിക്കണം. വിവിധ സമൂഹങ്ങളുടെ സ്‌നേഹ- സമന്ന്വയ പൂർണമായ ജീവിതത്തിലൂടെ സാധിച്ചെടുക്കുന്ന സാംസ്‌കാരിക സ്വത്വമാണ് ഇന്ത്യയുടെ ആത്മാവ്. കൊണ്ടും കൊടുത്തും സംസ്കാരങ്ങളെ സ്വീകരിച്ചും പകർന്ന് നൽകിയും വളർത്തിയെടുത്തതാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മർകസ് നോളജ് സിറ്റിയിലെ കൾച്ചറൽ സെന്ററിന്റെ സമീപം തയ്യാറാക്കിയ വേദിയിലാണ് വിപുലമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. നോളജ് സിറ്റിയിലെ വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപങ്ങളിലെയും മറ്റു വാണിജ്യ സ്ഥാപനങ്ങളിലെയും മേധാവികൾ, ജീവനക്കാർ, വിദ്യാർഥികൾ, താമസക്കാർ, നാട്ടുകാർ ആഘോഷ പരിപാടികളിൽ പങ്കെടുത്തു. ഡോ. അമീർ ഹസൻ, അഡ്വ. തൻവീർ ഉമർ, ഡോ. ശാഹുൽ ഹമീദ്, ഡോ. ശംസുദ്ദീൻ, ഡോ.അബ്ദുർറഊഫ്, അബ്ദുർറഹ്മാൻ ചാലിൽ, ഹിബത്തുല്ല, ശൌക്കത്ത്, ഹബീബ് കോയ സംബന്ധിച്ചു.



source https://www.sirajlive.com/youth-should-join-hands-to-build-a-new-india-dr-abdul-hakeem-azhari.html

Post a Comment

أحدث أقدم