കൊച്ചി | സ്ഥലം മാറ്റ ഉത്തരവ് ചോദ്യം ചെയ്ത് കോഴിക്കോട് മുൻ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി എസ് കൃഷ്ണകുമാർ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. കൊല്ലം ലേബർ കോടതിയിലേക്ക് സ്ഥലം മാറ്റിയ നടപടി ചോദ്യം ചെയ്തു സമർപ്പിച്ച ഹരജിയാണ് തള്ളിയത്. സ്ഥലംമാറ്റം ഡെപ്യൂട്ടേഷൻ തസ്തികയിലേക്കല്ലെന്നും ഉത്തരവിൽ അപാകതയില്ലെന്നും ജസ്റ്റിസ് അനു ശിവരാമൻ നിരീക്ഷിച്ചു.
മുൻകൂട്ടി അനുവാദം വാങ്ങാതെ സ്ഥലം മാറ്റിയ നടപടി ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജി സമർപ്പിച്ചത്. എന്നാൽ മുൻകൂർ അനുമതിയുടെ ആവശ്യമില്ലെന്നും കോടതി വിലയിരുത്തി. സിവിക് ചന്ദ്രന് എതിരായ ലൈംഗിക പീഡന കേസിലെ മുൻകൂർ ജാമ്യ ഉത്തരവിലെ വിവാദ പരാമർശത്തിന് പിന്നാലെയായിരുന്നു എസ് കൃഷ്ണകുമാറിനെ കൊല്ലം ലേബർ കോടതിയിലേക്ക് മാറ്റിയത്.
കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ആയ തന്നെ കൊല്ലം ലേബർ കോടതിയിൽ ഡെപ്യൂട്ടേഷൻ തസ്തികയിലേക്ക് മാറ്റിയത് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നായിരുന്നു കൃഷ്ണകുമാറിന്റെ ഹരജിയിലെ വാദം. അടുത്ത മെയ് 31 ന് വിരമിക്കാനിരിക്കുന്ന തനിക്ക് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിരിക്കാൻ അർഹതയുണ്ടെന്നും ഹരജിയിൽ ബോധിപ്പിച്ചിരുന്നു.
source https://www.sirajlive.com/controversial-remark-in-civic-case-no-defect-in-transfer-order-hc-rejects-judge-39-s-plea.html
Post a Comment