നിഴല്‍ യുദ്ധം ചെയ്യുന്ന ഗവര്‍ണര്‍ പദവിയുടെ മഹത്വം കളഞ്ഞുകുളിക്കുന്നു; വിമര്‍ശവുമായി സിപിഐ മുഖപത്രം

കോഴിക്കോട്  | ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാറും തമ്മിലുള്ള പോര് പുതിയ തലത്തിലെത്തി നില്‍ക്കെ ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശവുമായി സിപിഐ മുഖപത്രം. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ നടത്തിയ വിവാദ പ്രസ്താവന ഉള്‍പ്പെടെ ഉര്‍ത്തിയാണ് ജനയുഗം പത്രം ഗവര്‍ണറെ കടന്നാക്രമിക്കുന്നത്. ഗവര്‍ണറുടെ നിലപാടുകള്‍ താന്‍പ്രമാണിത്തത്തോടെയുള്ളതാണെന്ന് ജനയുഗം മുഖപ്രസംഗം വിമര്‍ശിക്കുന്നു.

കേരള, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്കെതിരെ ഗവര്‍ണര്‍ നിഴല്‍യുദ്ധം നടത്തുകയാണ്. അന്ധമായ രാഷ്ട്രീയ മനസാണ് ഗവര്‍ണറുടേത്. നിഴലിനോട് യുദ്ധം ചെയ്ത് ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ പദവിയുടെ മഹത്വം കളഞ്ഞുകുളിക്കുന്നുവെന്നും ഗവര്‍ണറുടെ നിഴല്‍ യുദ്ധം എന്ന തലക്കെട്ടിലുള്ള ജനയുഗത്തിന്റെ എഡിറ്റോറിയലില്‍ പറയുന്നു. ഓര്‍ഡിനന്‍സുകല്‍ ഒപ്പുവയ്ക്കാതെ ഗവര്‍ണര്‍ ഭരണ നടപടികളെ പ്രതിസന്ധിയിലാക്കുന്ന നിലപാട് സ്വീകരിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ അടിയന്തരമായി സഭ വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ ഗവര്‍ണര്‍ സ്വയം പരിഹാസ്യനായെന്ന് സിപിഐ മുഖപത്രം വിമര്‍ശിച്ചു.

താന്‍ നിയമിച്ച വൈസ് ചാന്‍സലര്‍മാരേയും താന്‍ ചാന്‍സലറായിരിക്കുന്ന സര്‍വകലാശാലകളേയും രാജ്യാന്തര തലത്തില്‍ പോലും അപഹസിക്കുന്ന പ്രസ്താവനകളാണ് ഗവര്‍ണറില്‍ നിന്നുമുണ്ടാകുന്നതെന്ന് എഡിറ്റോറിയല്‍ കുറ്റപ്പെടുത്തി. ചരിത്ര കോണ്‍ഗ്രസിനിടെ തനിക്കെതിരെ നടന്ന പ്രതിഷേധം വിസിയുടെ ഒത്താശയോടെയാണെന്ന വിലകുറഞ്ഞ പ്രസ്താവനയും ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടായി. ഇല്ലാത്ത അധികാരങ്ങള്‍ എടുത്തണിഞ്ഞ് ഗവര്‍ണര്‍ മേനി നടിക്കുകയാണെന്നും സിപിഐ ആക്ഷേപിച്ചു.

 



source https://www.sirajlive.com/the-shadow-washes-away-the-glory-of-warring-governorship-cpi-mouthpiece-with-criticism.html

Post a Comment

أحدث أقدم