തിരുവനന്തപുരം | രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര 100 കിലോമീറ്റർ ദൂരം പിന്നിട്ടു. ആറാം ദിവസമായ ഇന്നലെ തിരുവനന്തപുരം ജില്ലയിലെ നേമത്ത് നിന്ന് ആരംഭിച്ച യാത്ര കഴക്കൂട്ടത്ത് സമാപിച്ചു. രാവിലെ ഏഴിന് പുനരാരംഭിച്ച പദയാത്രയിൽ ആയിരങ്ങൾ രാഹുലിനൊപ്പം അണിചേർന്നു. തടിച്ചുകൂടിയ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തും സ്‌നേഹാദരങ്ങൾ ഏറ്റുവാങ്ങിയും രാഹുൽ പദയാത്ര നയിച്ചു.
രാഹുലിനെ അണിയിക്കാൻ പൊന്നാടയും പുഷ്പഹാരവുമായാണ് പലയിടങ്ങളിലും പ്രവർത്തകർ കാത്തുനിന്നത്. സമൂഹത്തിൽ ബി ജെ പി വെറുപ്പും വിദ്വേഷവും പടർത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒന്നിച്ച് നിൽക്കുന്ന ഇന്ത്യ മറ്റ് രാജ്യങ്ങൾക്ക് സന്ദേശമാകണം. അതാണ് ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മുതലപ്പൊഴി അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ കിള്ളിപ്പാലത്ത് വെച്ച് യാത്രയിൽ അണിചേർന്നു. അപകടമുണ്ടായ സാഹചര്യങ്ങളെപ്പറ്റി ബന്ധുക്കൾ രാഹുലിനോട് വിശദീകരിച്ചു. യാത്രയുടെ ഒന്നാംഘട്ടം തീരുന്നതുവരെ കുടുംബം രാഹുലിനൊപ്പമുണ്ടായിരുന്നു.
പാളയത്തെ രക്തസാക്ഷി മണ്ഡപത്തിൽ രാഹുൽ പുഷ്പാർച്ചന നടത്തി. പത്ത് മണിയോടെ പട്ടത്ത് യാത്രയുടെ ആദ്യഘട്ടത്തിന് സമാപനമായി. സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങൾക്കൊപ്പമായിരുന്നു ഉച്ചഭക്ഷണം. തുടർന്ന് ജവഹർ ബാൽ മഞ്ച് നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് രാഹുൽ സമ്മാനങ്ങൾ വിതരണം ചെയ്യുകയും ആശയവിനിമയം നടത്തുകയും ചെയ്തു. വൈകിട്ട് മൂന്നരയോടെ കണ്ണമൂല ചട്ടമ്പി സ്വാമികളുടെ ജന്മഗൃഹം സന്ദർശിച്ച രാഹുൽ ഉള്ളൂർ ജംഗ്ഷനിൽ നിന്ന് പദയാത്രയുടെ രണ്ടാംഘട്ടം ആരംഭിച്ചു. ഇവിടെ നിന്ന് എ ഐ സി സി പ്രവർത്തകസമിതിയംഗം എ കെ ആന്റണി പദയാത്രയിൽ ഒപ്പം ചേർന്നു.
തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകരോടൊപ്പം പത്തനംതിട്ട ജില്ലയിലെ നാല് നിയോജക മണ്ഡലങ്ങളിലെ പ്രവർത്തകരും യാത്രയിൽ പങ്കെടുത്തു. രാത്രി ഏഴോടെ യാത്ര കഴക്കൂട്ടത്ത് സമാപിച്ചു. തുടർന്ന് നടന്ന സമാപന പൊതുയോഗത്തിൽ ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുത്തു. ഇന്ന് കഴക്കൂട്ടത്ത് നിന്ന് പുനരാരംഭിച്ച് കല്ലമ്പലത്ത് യാത്ര സമാപിക്കും.
source https://www.sirajlive.com/bharat-jodo-yatra-completed-100-km.html
Post a Comment