ഭാരത് ജോഡോ യാത്ര ഇന്ന് കന്യാകുമാരിയിലെ അഗസ്തീശ്വരത്ത് നിന്ന് പുനരാരംഭിക്കും

കന്യാകുമാരി | രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഭാരത് ജോഡോ യാത്ര ഇന്ന് കന്യാകുമാരിയിലെ അഗസ്തീശ്വരത്ത് നിന്ന് പുനരാരംഭിക്കും. രാവിലെ ഏഴിന് ആരംഭിക്കുന്ന പദയാത്ര വൈകിട്ട് നഗര്‍കോവിലില്‍ സമാപിക്കും. മുന്നൂറോളം സ്ഥിരാംഗങ്ങള്‍ പദയാത്രയില്‍ പങ്കെടുക്കുന്നുണ്ട്.

ഇന്നലെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ദേശീയ പതാക കൈമാറിയതോടൊണ് ഭാരത് ജോഡോ യാത്രക്ക് തുടക്കമായത്. കന്യാകുമാരിയിലെ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ നിന്നാണ് പദയാത്ര ആരംഭിച്ചത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയാണ് 150 ദിവസം നീളുന്ന യാത്ര. 3,500ലധികം കിലോമീറ്ററാണ് രാഹുലും സംഘവും നടന്നു തീര്‍ക്കുക.

വിലക്കയറ്റം, തൊഴിലില്ലായ്മ, പണപ്പെരുപ്പം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് കൂടി ലക്ഷ്യമിട്ടാണ് യാത്ര. രാജീവ് ഗാന്ധിയുടെ രക്തം ചിന്തി ചുവന്ന ശ്രീ പെരുമ്പത്തൂരിലെ മണ്ണിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷമാണ് രാഹുല്‍ പദയാത്രക്ക് തുടക്കം കുറിച്ചത്.

യാത്രയുടെ ഉദ്ഘാടന വേളയില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. കേന്ദ്ര ഏജന്‍സികളെ വച്ച് പ്രതിപക്ഷത്തെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഐക്യം തകര്‍ക്കാനുള്ള ശ്രമം തടയേണ്ടതുണ്ട്. ദേശീയ പതാകയെ എന്തു വില കൊടുത്തും സംരക്ഷിക്കും. ജനങ്ങളെ കേള്‍ക്കാനാണ് യാത്രയെന്നും രാഹുല്‍ വ്യക്തമാക്കി.

 

 



source https://www.sirajlive.com/the-bharat-jodo-yatra-will-resume-today-from-agastheeswaram-in-kanyakumari.html

Post a Comment

Previous Post Next Post