പ്ലസ് ടുവിനൊപ്പം ലേണേഴ്‌സ് ലൈസന്‍സ്; പദ്ധതിയുമായി ഗതാഗത വകുപ്പ്

തിരുവനന്തപുരം|  സംസ്ഥാനത്ത് പ്ലസ് ടു പഠനത്തിനൊപ്പം ഡ്രൈവിങ് ലേണേഴ്സ് ലൈസന്‍സും നല്‍കാന്‍ പദ്ധതി. പ്ലസ് ടു പാസാകുന്നവര്‍ക്ക് ലേണേഴ്‌സ് ലൈസന്‍സ് നല്‍കാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പാണ് രംഗത്തെത്തിയിരിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി പാഠ്യ പദ്ധതിയില്‍ ലേണേഴ്‌സ് ലൈസന്‍സിനുള്ള പാഠഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്താനാണ് ശിപാര്‍ശ. ഇതുസംബന്ധിച്ച് മോട്ടോര്‍ വാഹനവകുപ്പ് തയാറാക്കിയ കരിക്കുലം വിദ്യാഭ്യാസ വകുപ്പിന് ഈ മാസം 28ന് കൈമാറും. സര്‍ക്കാര്‍ അംഗീകരിച്ചാല്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രത്തെ സമീപിക്കാനാണ് തീരുമാനം. എന്നാല്‍ 18 വയസ്സ് തികഞ്ഞാല്‍ മാത്രമാകും വാഹനം ഓടിക്കാന്‍ അനുവാദം ലഭിക്കുക

സംസ്ഥാനത്ത് പ്ലസ്ടു പാസാകുന്ന ഏതൊരാള്‍ക്കും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിനൊപ്പം ലേണേഴ്‌സ് സര്‍ട്ടിഫിക്കറ്റും നല്‍കാനാണ് പദ്ധതി. ഇതിനുവേണ്ടി പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ റോഡ് നിയമവും ഗതാഗത നിയമവും ഉള്‍പ്പെടെ ലേണേഴ്‌സ് സര്‍ട്ടിഫിക്കറ്റിന് ആവശ്യമായ കാര്യങ്ങളെല്ലാം പഠിപ്പിക്കും.ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ പ്രധാനമായും രണ്ടു നേട്ടങ്ങളാണ് വകുപ്പ് കാണുന്നത്. റോഡ് നിയമങ്ങളെ കുറിച്ച് വിദ്യാര്‍ഥികളെ ബോധവാന്‍മാരാക്കുക, ലേണേഴ്‌സ് സര്‍ട്ടിഫിക്കറ്റ് നേടുന്നതില്‍ നിലവിലുള്ള ക്രമക്കേടുകള്‍ അവസാനിപ്പിക്കുക എന്നിവയാണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കൗമാരക്കാരിലാണ് ഗതാഗത നിയമലംഘനങ്ങള്‍ കൂടുതലായും കണ്ടെത്തുന്നത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം. പരീക്ഷ പാസായാല്‍ 18 വയസ് തികഞ്ഞ് ലൈസന്‍സിന് അപക്ഷിക്കുന്ന സമയത്ത് ലേണേഴ്സ് ടെസ്റ്റ് പ്രത്യേകമായി എഴുതേണ്ടി വരില്ല.വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും ലേണേഴ്സ് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കുക. ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് കരിക്കുലം തയാറാക്കിയത്. ഇത് ഗതാഗതമന്ത്രി ആന്റണി രാജു ഈ 28ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് കൈമാറും.



source https://www.sirajlive.com/learner-39-s-license-with-plus-two-department-of-transport-with-the-project.html

Post a Comment

Previous Post Next Post