വെള്ളിയാഴ്ചത്തെ പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ സംബന്ധിച്ച് രൂക്ഷമായ പ്രതികരണമാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്. ഹര്‍ത്താലില്‍ കെ എസ് ആര്‍ ടി സിക്കുണ്ടായ നഷ്ടവും ബസുകള്‍ നന്നാക്കാനുള്ള ചെലവുകള്‍ക്ക് പുറമെ സര്‍വീസ് മുടങ്ങിയതിനെ തുടര്‍ന്നുണ്ടായ വരുമാന നഷ്ടവും ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍ നിന്നും ഈടാക്കണമെന്നാണ് കോടതി ഉത്തരവ്. മിന്നല്‍ ഹര്‍ത്താലിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഈ ഉത്തരവ്.
ശബരിമല സന്നിധാനത്തില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതിനെ ചൊല്ലി കേരളത്തില്‍ 2019 ജനുവരി രണ്ടിനും മൂന്നിനും സംഘ്്പരിവാർ സംഘടനകൾ ഹര്‍ത്താലും അക്രമവും നടത്തിയപ്പോള്‍ അതിനെതിരെ രൂക്ഷമായി പ്രതികരിച്ചവരാണ് പോപുലര്‍ ഫ്രണ്ടുകാര്‍. അന്നത്തെ സംഘ്പരിവാര്‍ അക്രമത്തെ കടത്തിവെട്ടുന്ന അഴിഞ്ഞാട്ടമാണ് വെള്ളിയാഴ്ചത്തെ ഹര്‍ത്താലില്‍ നടന്നത്. നിരവധി സ്ഥലങ്ങളില്‍ കടകള്‍ നിര്‍ബന്ധപൂര്‍വം അടപ്പിച്ചു. വാഹനങ്ങള്‍ക്കു നേരേ കല്ലേറും പെട്രോള്‍ ബോംബ് ആക്രമണവും നടത്തി. കണ്ണൂരില്‍ മില്‍മ ടീസ്റ്റാള്‍ അടിച്ച് തകര്‍ക്കുകയും കടയിലെ ജോലിക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയെ ഇരുന്പുവടി ഉപയോഗിച്ച് തലക്കടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു. സംസ്ഥാനത്തെമ്പാടും കെ എസ് ആര്‍ ടി സി ബസുകള്‍ തകര്‍ത്തു.
നേതാക്കളെ എന്‍ ഐ എ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍. തീവ്രവാദത്തിന് സാമ്പത്തിക സഹായം, തീവ്രവാദ ക്യാമ്പുകള്‍ സംഘടിപ്പിക്കല്‍, തീവ്രവാദ സംഘടനകളിലേക്ക് ആളെച്ചേര്‍ക്കല്‍ തുടങ്ങിയ ആരോപണങ്ങള്‍ നേരിടുന്നവരെ ലക്ഷ്യമാക്കി രാജ്യവ്യാപകമായി നടന്ന റെയ്ഡിന്റെ ഭാഗമായാണ് കേരളത്തില്‍ നിന്ന് പി എഫ് ഐ ദേശീയ ചെയര്‍മാന്‍ ഒ എം എ സലാം, ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരം അടക്കമുള്ള നേതാക്കളെ എന്‍ ഐ എ അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതി ഇവരെ പതിനൊന്ന് ദിവസത്തെ എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
ഹൈക്കോടതി ഉത്തരവിന്റെ നഗ്നമായ ലംഘനമാണ് വെള്ളിയാഴ്ചത്തെ ഹര്‍ത്താല്‍. മിന്നല്‍ ഹര്‍ത്താലും പണിമുടക്കും നടത്തരുതെന്നും ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നവര്‍ ഏഴ് ദിവസം മുമ്പെങ്കിലും നോട്ടീസ് നല്‍കണമെന്നുമാണ് 2019 ജനുവരിയിലെ കോടതി ഉത്തരവ്. ഹര്‍ത്താലിനോടും സമരത്തിനുള്ള ആഹ്വാനങ്ങളോടും വിയോജിപ്പുള്ളവര്‍ക്ക് കോടതിയെ സമീപിക്കാനും നിയമസാധുത പരിശോധിക്കാനും അതുവഴി പൗരന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കാനുമാണ് കോടതി ഏഴ് ദിവസത്തെ സമയ പരിധി വെച്ചത്. ഈ ഉത്തരവ് കാറ്റില്‍ പറത്തിയ നടപടി കോടതിയലക്ഷ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി.
ഇതിനിടെ ഒരു പ്രഭാഷണ പരിപാടിയില്‍, റോഡുകളില്‍ ഗതാഗത തടസ്സം സൃഷ്ടിക്കുമെന്നാക്ഷേപിച്ച് ഇടയാക്കുന്ന നബിദിന ഘോഷയാത്രയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു പോപുലര്‍ ഫ്രണ്ട് നേതാവും അവരുടെ പോഷക സംഘടനയായ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ആൾ. ഇവര്‍ തന്നെയാണിപ്പോള്‍ മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരേ വ്യാപക ആക്രമണം നടത്തിയത്. അല്ലെങ്കിലും യാത്രക്കാര്‍ക്കോ വാഹനങ്ങള്‍ക്കോ പ്രയാസം സൃഷ്ടിക്കുന്ന തരത്തില്‍ സംസ്ഥാനത്തെവിടെയും നബിദിന പരിപാടി സംഘടിപ്പിക്കാറില്ലെന്നതാണ് വസ്തുത. വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സൗകര്യം ചെയ്ത് മാത്രമാണ് നബിദിന ഘോഷയാത്രകള്‍ നടത്താറുള്ളത്. ഇക്കാര്യത്തില്‍ സുന്നി സംഘടനാ നേതൃത്വങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
സമരമുറകളില്‍ ഏറ്റവും ക്രൂരവും ജനവിരുദ്ധമാണ് ഹര്‍ത്താല്‍. സഞ്ചാര സ്വാതന്ത്ര്യം, തൊഴിലെടുക്കാനും കച്ചവടം ചെയ്യാനുമുള്ള സ്വാതന്ത്ര്യം തുടങ്ങി ജനങ്ങളുടെ മൗലികാവകാശങ്ങള്‍ക്കു നേരെയുള്ള കടന്നുകയറ്റമാണത്. ഹര്‍ത്താല്‍ പ്രതിഷേധിക്കാനുള്ള അവകാശമാണെന്നാണ് അതിനു ആഹ്വാനം ചെയ്യുന്നവരുടെ ന്യായീകരണം. തങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുള്ളതു പോലെ അതുമായി സഹകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ മറ്റുള്ളവർക്കും അവകാശമുണ്ടെന്ന കാര്യം അവര്‍ മനഃപൂര്‍വം വിസ്മരിക്കുന്നു. ജനങ്ങളുടെ മൗലികാവകാശങ്ങള്‍ നിഷേധിച്ചു കൊണ്ടാകരുത് ഒരു പ്രതിഷേധവും. വെള്ളിയാഴ്ച കാണപ്പെട്ടതുപോലെ ജനങ്ങളെ ഭീഷണിപ്പെടുത്തിയും അക്രമം അഴിച്ചുവിട്ടുമാണ് പ്രസ്ഥാനങ്ങള്‍ ഹര്‍ത്താല്‍ വിജയിപ്പിക്കുന്നത്. ഹര്‍ത്താലിനോടോ അതിന് അടിസ്ഥാനമായി മുന്‍വെക്കുന്ന കാരണങ്ങളോടോ യോജിപ്പുള്ളതു കൊണ്ടല്ല, ഹര്‍ത്താലനുകൂലികളുടെ അക്രമവും നിഷ്ഠൂരതയും ഭയന്നാണ് ആളുകള്‍ അന്ന് വാഹനങ്ങള്‍ പുറത്തിറക്കാത്തതും കച്ചവട സ്ഥാപനങ്ങള്‍ അടച്ചിടുന്നതും.
നേരത്തേ ബന്ദ് എന്ന പേരിലാണ് ഈ “സമരമുറ’ അറിയപ്പെട്ടിരുന്നത്. ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന വസ്തുത കണക്കിലെടുത്ത് 1997ല്‍ ജസ്റ്റിസുമാരായ ജെ ബി കോശി, കെ ജി ബാലകൃഷ്ണന്‍, പി കെ ബാലസുബ്രഹ്‌മണ്യം എന്നിവരടങ്ങിയ ഹൈക്കോടതി ബഞ്ച് ബന്ദ് നിരോധിച്ചതോടെ നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടാനായി ഹര്‍ത്താല്‍ എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു രാഷ്ട്രീയ, തൊഴിലാളി പ്രസ്ഥാനങ്ങള്‍. ഫലത്തില്‍ രണ്ടും ഒന്നു തന്നെ. ജനാധിപത്യാവകാശങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവര്‍ തന്നെയാണ് ഈ ജനാധിപത്യവിരുദ്ധ സമരമുറക്ക് ആഹ്വാനം ചെയ്യുന്നതെന്നതാണ് വിരോധാഭാസം. പ്രതിഷേധ, സമരമുറകളിലും വേണം നൈതികതയും ജനാധിപത്യ മൂല്യങ്ങളും. സമരമുറകള്‍ അടിച്ചേല്‍പ്പിക്കുന്നത് തനി ഫാസിസമാണ്. കോടതി നിര്‍ദേശിച്ചതുപോലെ കെ എസ് ആര്‍ ടി സി ഉള്‍പ്പെടെ ഹര്‍ത്താലിന്റെ പേരില്‍ നശിപ്പിക്കപ്പെട്ട പൊതുസ്വത്തിന് അതിനാഹ്വാനം ചെയ്തവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ ശക്തമായ നടപടി കൈക്കൊള്ളേണ്ടതാണ്.
source https://www.sirajlive.com/court-said-in-hartal.html
إرسال تعليق