കോഴിക്കോട് നഗരത്തിൽ കൈയേറിയ വഖ്ഫ് കെട്ടിടം പൊളിച്ചുതുടങ്ങി

കോഴിക്കോട് | നഗരത്തിൽ അനധികൃത കൈയേറ്റത്തിനിരയായ വഖ്ഫ് കെട്ടിടം പൊളിച്ചുമാറ്റുന്ന നടപടി തുടങ്ങി. സെൻട്രൽ മാർക്കറ്റിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്ഥലത്തുള്ള കെട്ടിടമാണ് പൊളിച്ചുമാറ്റുന്നത്. നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം ജീർണാവസ്ഥയിലായതിനെ തുടർന്ന് ഉടൻ പൊളിച്ചുമാറ്റാൻ ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കലക്ടർ ഒരു വർഷം മുമ്പ് നിർദേശം നൽകിയിരുന്നു.

കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിഞ്ഞുവീണതിനെ തുടർന്നായിരുന്നു കോർപറേഷൻ സെക്രട്ടറിക്ക് ഇത് സംബന്ധിച്ച് ഉത്തരവ് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കെട്ടിടം നിലവിൽ അനധികൃതമായി കൈവശം വെച്ചുകൊണ്ടിരിക്കുന്ന നോർമൻ പ്രസ്സ് അധികൃതരായ കെ ടി സിക്ക് നഗരസഭ നിർദേശം നൽകുകയും ചെയ്തു. എന്നാൽ പലവട്ടം ആവശ്യപ്പെട്ടിട്ടും കെട്ടിടത്തിനകത്തുള്ള പ്രസ്സ് ഉൾപ്പെടെയുള്ള വസ്തുക്കൾ മാറ്റാൻ തയ്യാറാകാത്തതിനെ തുടർന്ന് കെട്ടിടം പൊളിച്ചുമാറ്റൽ വൈകുകയായിരുന്നു. കെട്ടിടം കൈവശം വെക്കാനാവശ്യമായ കോടതി ഉത്തരവ് തങ്ങൾക്കുണ്ടെന്നായിരുന്നു കെ ടി സി അധികൃതരുടെ നിലപാട്.

പുതിയറ മാളിയേക്കൽ മമ്മു ഹാജി വക വഖ്ഫ് കെട്ടിടമാണിത്. ഓടോട് കൂടിയ കെട്ടിടത്തിൽ പതിറ്റാണ്ടുകൾക്ക് മുമ്പാണ് കെ ടി സി യുടെ ഉടമസ്ഥതയിൽ പ്രസ്സ് നടത്താൻ വാടകക്ക് നൽകിയത്. എന്നാൽ പിന്നീട് ഇവർ ഒഴിയാൻ തയ്യാറായില്ലെന്നായിരുന്നു വഖ്ഫ് ചെയ്ത കുടുംബത്തിന്റെ പരാതി. ഒഴിപ്പിക്കുന്നതിന് അനുകൂല വിധി ഉണ്ടായിരുന്നുവെങ്കിലും വാടകക്കാർ വഖ്ഫ് ട്രൈബ്യൂണലിനെ സമീപിക്കുകയും പിന്നീട് കേസ്‌ ഹൈക്കോടതിയിലെത്തുകയുമായിരുന്നു.

കോടതി നടപടികളിൽ കുടുങ്ങിക്കിടക്കുന്നതിനിടെയാണ് ഒരു വർഷം മുമ്പ് കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിഞ്ഞുവീണത്. ഇതേ തുടർന്നാണ് കെട്ടിടം പൊളിച്ചുമാറ്റാൻ അനുമതി തേടി കോർപറേഷൻ, കലക്ടറെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് പെട്ടെന്ന് പൊളിച്ചുമാറ്റാൻ കലക്ടർ കോർപറേഷന് നിർദേശം നൽകിയത്. ഇതിന് ശേഷം പലവട്ടം കെട്ടിടം പൊളിക്കാൻ പോയെങ്കിലും കൈയേറ്റക്കാർ തടയുകയായിരുന്നു.

മേയറുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം നടന്ന ഹിയറിംഗിനെ തുടർന്ന് കെട്ടിടത്തിലുള്ള പ്രസ്സും അനുബന്ധ വസ്തുക്കളും മാറ്റാൻ കെ ടി സി അധികൃതർ തയ്യാറാകുകയായിരുന്നു. ഇന്നലെ പത്തോടെയാണ് നാല് ജീവനക്കാരുമായി കെട്ടിടം പൊളിച്ചുമാറ്റാൻ കോർപറേഷൻ ഉദ്യോഗസ്ഥരെത്തിയത്. പോലീസിന്റെയും ഫയർഫോഴ്‌സിസിന്റെയും സാന്നിധ്യത്തിലായിരുന്നു കെട്ടിടം പൊളിച്ചുമാറ്റുന്ന നടപടി ആരംഭിച്ചത്. ഉച്ചക്ക് ഒന്നേകാലോടെ കെട്ടിടം പൊളി നിർത്തി. ഇന്നും തുടരുമെന്ന് കോർപറേഷൻ അധികൃതർ പറഞ്ഞു. നഗരത്തിലെ കോടികളുടെ വഖ്ഫ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ കലക്ടർ ഉത്തരവ് നൽകിയ വാർത്ത നേരത്തേ സിറാജ് റിപോർട്ട് ചെയ്തിരുന്നു.



source https://www.sirajlive.com/demolition-of-encroached-waqf-building-in-kozhikode-city-has-started.html

Post a Comment

أحدث أقدم