സ്‌കൂള്‍ സമയമാറ്റം: ഖാദര്‍ കമ്മിറ്റി നിര്‍ദേശം തള്ളണം

ല്ലാ മേഖലയിലും ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമേ സ്‌കൂള്‍ സമയമാറ്റത്തില്‍ തീരുമാനമെടുക്കൂവെന്നും ഇക്കാര്യത്തില്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്നുമുള്ള സി പി എമ്മിന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. പ്രൈമറി സ്‌കൂള്‍ സമയം കാലത്ത് എട്ട് മുതല്‍ ഉച്ചക്ക് ഒരുമണി വരെയാക്കണമെന്ന ഖാദര്‍ കമ്മിറ്റി റിപോര്‍ട്ടിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ,് വിശദമായ ചര്‍ച്ചക്കു ശേഷമേ ഇത് നടപ്പാക്കുന്ന കാര്യം ആലോചിക്കുകയുള്ളൂവെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കിയത്. കേരള മുസ്‌ലിം ജമാഅത്ത് ഉള്‍പ്പെടെ വിവിധ മുസ്‌ലിം സംഘടനകള്‍ സമയമാറ്റത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

കേരളത്തിലെ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ടതാണ് ഡോ. എം എ ഖാദര്‍ അധ്യക്ഷനായുള്ള മൂന്നംഗ വിദഗ്ധ സമിതി. ജി ജ്യോതിചൂഢന്‍ (നിയമ വകുപ്പില്‍ നിന്ന് റിട്ടയര്‍ ചെയ്ത സ്‌പെഷ്യല്‍ സെക്രട്ടറി), ഡോ. സി രാമകൃഷ്ണന്‍ എന്നിവരാണ് മറ്റംഗങ്ങള്‍. സാമൂഹിക നീതി, അവസര തുല്യത, ഗുണമേന്മ എന്നിവ ഉറപ്പുവരുത്തി വിദ്യാഭ്യാസ മേഖല കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ സമിതിയോട് ആവശ്യപ്പെട്ടത്. പൊതു വിദ്യാഭ്യാസരംഗം ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണത്രെ സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടു പിടിച്ചാണ് ഖാദര്‍ കമ്മിറ്റി റിപോര്‍ട്ടിന്റെ രണ്ടാം ഭാഗത്തില്‍ സമയമാറ്റ നിര്‍ദേശം മുന്നോട്ടു വെച്ചത്. സ്‌കൂള്‍ സമയ മാറ്റത്തെക്കുറിച്ച് കമ്മിറ്റി റിപോര്‍ട്ടില്‍ പറയുന്നതിങ്ങനെ- “കേന്ദ്രീയ വിദ്യാലയങ്ങളിലും ദേശീയ പാഠ്യപദ്ധതി നടപ്പാക്കുന്ന വിദ്യാലയങ്ങളിലും സ്‌കൂള്‍ സമയം 7.30നും 8.30നും ഇടയിലാണ് ആരംഭിക്കുന്നത്. ഇതടിസ്ഥാനത്തില്‍ സംസ്ഥാനത്തും ഒന്ന് മുതല്‍ നാല് വരെ ലോവര്‍ പ്രൈമറി തലത്തില്‍ പഠനസമയം രാവിലെ എട്ട്മുതല്‍ ഉച്ചക്ക് ഒരുമണി വരെ ആക്കാവുന്നതാണ്. അഞ്ച് മുതല്‍ 12ാം ക്ലാസ്സ് വരെ പ്രായത്തിനനുസരിച്ച് പാഠ്യപദ്ധതി നിഷ്‌കര്‍ഷിക്കുന്ന ലക്ഷ്യങ്ങള്‍ നേടാനുതകുന്ന, പ്രധാനമായും പാഠപുസ്തകത്തില്‍ നിര്‍ദേശിച്ച പഠനവസ്തുതകള്‍ സ്വാംശീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കാലത്ത് എട്ട് മുതല്‍ ഉച്ചക്ക് ഒരുമണി വരെയുള്ള സമയം വിനിയോഗിക്കാം.’ ഉച്ചക്ക് ശേഷം രണ്ട് മുതല്‍ നാല് വരെ പഠന അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും കലാകായിക പരിശീലനത്തിനുമായി ഉപയോഗപ്പെടുത്തണമെന്നും തുടര്‍ന്നു പറയുന്നു. സ്‌കൂള്‍ പഠന സമയത്തില്‍ മാറ്റം സര്‍ക്കാര്‍ പരിഗണിച്ചു വരികയാണെന്ന് നേരത്തേ മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു.

സമയമാറ്റം മദ്‌റസാ പഠനത്തെ ബാധിക്കുമെന്നതാണ് മുസ്‌ലിം സമുദായത്തില്‍ നിന്ന് ഇതിനെതിരെ ശക്തമായ എതിര്‍പ്പ് ഉയരാനിടയാക്കിയത്. നിലവില്‍ തന്നെ പരിമിതമാണ് മദ്‌റസാ വിദ്യാഭ്യാസത്തിനുള്ള സമയം. സര്‍ക്കാര്‍ സ്‌കൂളുകളിലും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ ചാര്‍ട്ട് അനുസരിച്ച് വിദ്യാലയങ്ങളില്‍ എത്തണമെങ്കില്‍ രാവിലെ എട്ടിനോ എട്ടരക്കോ വീട്ടില്‍ നിന്ന് പുറപ്പെടണം. എട്ട് മണിയാകുമ്പോഴേക്കും അവരുടെ വീട്ടുപടിക്കല്‍ സ്‌കൂള്‍ ബസെത്തും. ഇതുമൂലം ഒരു മണിക്കൂറാണ് മദ്‌റസയില്‍ പഠനത്തിനു ലഭിക്കുന്നത്. ഈ പരിമിത സമയത്തിനുള്ളില്‍ മദ്‌റസാധ്യാപകര്‍ മൂന്നും നാലും വിഷയങ്ങള്‍ പഠിപ്പിക്കണം. സ്‌കൂള്‍ അവധി ദിവസങ്ങളിലും മറ്റും സ്‌പെഷ്യല്‍ ക്ലാസ്സുകളെടുത്താണ് സിലബസനുസരിച്ചുള്ള പഠനം മദ്‌റസകളില്‍ പൂര്‍ത്തീകരിക്കുന്നത്.

സ്‌കൂള്‍ സമയം എട്ട് മുതലാക്കിയാല്‍ കുട്ടികള്‍ക്ക് ഏഴ് മണിക്കു തന്നെ സ്‌കൂളിലേക്ക് പുറപ്പെടേണ്ടി വരികയും മദ്‌റസാ പഠനം തീര്‍ത്തും അവതാളത്തിലാകുകയും ചെയ്യും. മദ്‌റസാ ക്ലാസ്സുകള്‍ ഉച്ചക്കു ശേഷമാക്കാമെന്നു വെച്ചാല്‍ ഉച്ചക്ക് രണ്ട് മുതല്‍ നാല് വരെയുള്ള സമയം പാഠ്യേതര കാര്യങ്ങള്‍ക്കായി മാറ്റിവെക്കണമെന്ന ഖാദര്‍ കമ്മിറ്റി റിപോര്‍ട്ട് നിര്‍ദേശം അതിനു വിലങ്ങുതടി സൃഷ്ടിക്കും. കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് ജനറല്‍ സ്‌കൂളുകളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെയും മുസ്‌ലിം സ്‌കൂളുകളില്‍ 10.30 മുതല്‍ 4.30 വരെയുമാണ് ഇപ്പോഴത്തെ സ്‌കൂള്‍ സമയം. സംസ്ഥാനത്തെ നിലവിലെ സാമൂഹിക അന്തരീക്ഷമനുസരിച്ച് ഈ സമയം തന്നെ തുടരുന്നതാണ് കരണീയം. എങ്കില്‍ വിദ്യാര്‍ഥികളുടെ സ്‌കൂള്‍ പഠനത്തിനെന്ന പോലെ മദ്‌റസാ പഠനത്തിനും പ്രയാസമുണ്ടാകില്ല. പുതുതലമുറക്ക് മത ധാര്‍മിക ബോധവും സാമൂഹികാവബോധവും രാജ്യസ്നേഹവും പകര്‍ന്നു നല്‍കി ഉത്തമ പൗരന്‍മാരാക്കി വളര്‍ത്തിയെടുക്കുന്ന വലിയ ദൗത്യമാണ് മദ്‌റസകള്‍ നിര്‍വഹിക്കുന്നതെന്ന് അധികൃതര്‍ ഓര്‍ക്കേണ്ടതുണ്ട്. 2007ല്‍ അന്നത്തെ സര്‍ക്കാര്‍ ഇതുപോലൊരു സ്‌കൂള്‍ സമയമാറ്റ നിര്‍ദേശം കൊണ്ടുവന്നിരുന്നു. മുസ്‌ലിം സംഘടനകളുടെ ശക്തമായ എതിര്‍പ്പ് മൂലം ആ പദ്ധതി ഉപേക്ഷിക്കുകയാണുണ്ടായത്.

ഖാദര്‍ കമ്മിറ്റി റിപോര്‍ട്ട് പ്രകാരമുള്ള സമയമാറ്റം മലയോര മേഖലയിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും പ്രായോഗികമല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. നഗരപ്രദേശങ്ങളില്‍ അടുത്തടുത്ത് സ്‌കൂളുകളുണ്ടെങ്കിലും ചില ആദിവാസി കോളനികളില്‍ കിലോമീറ്ററുകള്‍ താണ്ടി വേണം കുട്ടികള്‍ക്ക് സ്‌കൂളിലെത്താന്‍. മഴക്കാലത്ത് ഇത്തരം പ്രദേശങ്ങളില്‍ യാത്ര ദുസ്സഹവുമാണ്. ചില സ്‌കൂളുകളില്‍ ഗോത്രസാരഥി പദ്ധതി പ്രകാരം പട്ടിക വകുപ്പ് വിദ്യാര്‍ഥികളുടെ യാത്രക്ക് വാഹനമേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പല കാരണങ്ങളാലും അവ കൃത്യമായി ഓടാറില്ല. പലപ്പോഴും നടന്നുവേണം സ്‌കൂളിലെത്താന്‍.

വിദൂര സ്ഥലങ്ങളില്‍ താമസിക്കുന്ന അധ്യാപകരെയും മാതാപിതാക്കള്‍ ജോലിക്കു പോകുന്ന വീടുകളിലെ കുട്ടികളെയും സമയമാറ്റം ബാധിക്കും. ഇത്തരം വീടുകളില്‍ ഉച്ചക്ക് പഠനം കഴിഞ്ഞുവരുന്ന കുട്ടികള്‍ വീട്ടില്‍ ഒറ്റപ്പെടുന്ന സ്ഥിതിയുണ്ടാകും. ലഹരി മാഫിയ ഉള്‍പ്പെടെ കുട്ടികളെ വഴിതെറ്റിക്കുന്ന സംഘങ്ങളും അവയവ മാഫിയകളും വന്‍ഭീഷണി സൃഷ്ടിക്കുന്ന നിലവിലെ സാഹചര്യത്തില്‍ മാതാപിതാക്കള്‍ തിരിച്ചെത്തുന്നതു വരെയുള്ള കുട്ടികളുടെ സംരക്ഷണം വലിയൊരു പ്രശ്‌നമാണ്.



source https://www.sirajlive.com/change-of-school-timings-khader-committee-proposal-should-be-rejected.html

Post a Comment

Previous Post Next Post