സവര്‍ക്കറെ വീരനായകനായും അത്ഭുത പുരുഷനായും ആദര്‍ശവത്കരിക്കുന്ന വിധത്തില്‍ കര്‍ണാടക സ്‌കൂള്‍ പാഠപുസ്തകത്തിലൊരധ്യായം ഉള്‍പ്പെടുത്തിയത് വിവാദപരമായി ചര്‍ച്ച ചെയ്യപ്പെടുകയാണല്ലോ. ഭീരുത്വം മൂലം ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി പാദസേവ ചെയ്ത ഒരാളെയാണ് വീരനായകനായി കാല്‍പനികവത്കരിച്ചുകൊണ്ടുള്ള പാഠഭാഗങ്ങള്‍ സ്‌കൂള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതെന്നത് ഏതൊരു ദേശീയവാദിയെയും പ്രകോപിപ്പിക്കുന്നതാണ്.
ഇതില്‍ കൗതുകകരമായ കാര്യം, ഭീരുവായ സവര്‍ക്കര്‍ തന്നെ കുറിച്ച് സ്വയം മഹത്വവത്കരിച്ചുകൊണ്ട് എഴുതിയ “ലൈഫ് ഓഫ് ബാരിസ്റ്റര്‍ സവര്‍ക്കര്‍’ എന്ന പുസ്തകത്തെ അവലംബിച്ചാണ് ഈ പാഠഭാഗം തയ്യാറാക്കിയിട്ടുള്ളതെന്നതാണ്. ചിത്രഗുപ്ത എന്ന തൂലികാ നാമത്തിലാണ് ഈ പുസ്തകം സവര്‍ക്കര്‍ തന്നെ എഴുതിയത് പോലും! പുസ്തകത്തിന്റെ പ്രസാധകനായ രവീന്ദ്രദാസ് തന്നെയാണ്, 1987ല്‍ ഇതിന്റെ രണ്ടാം പതിപ്പിന്റെ ആമുഖത്തില്‍ ചിത്രഗുപ്ത സവര്‍ക്കര്‍ തന്നെയാണെന്ന് വെളിപ്പെടുത്തിയത്. എത്ര വികലമായ വ്യക്തിത്വമാണ് സവര്‍ക്കറിന്റേതെന്ന് ഈ ചെയ്തി തന്നെ വെളിവാക്കുന്നുണ്ട്.
ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് അന്തമാന്‍ ദ്വീപുകളില്‍ നിന്ന് പുറത്തുവന്ന സവര്‍ക്കര്‍ പിന്നീടുള്ള തന്റെ ജീവതകാലം മുഴുവന്‍ ദേശീയ സ്വാതന്ത്ര്യ സമരത്തെ ഹിന്ദു വര്‍ഗീയവാദമുയര്‍ത്തി ഭിന്നിപ്പിക്കാനും തകര്‍ക്കാനും ശ്രമിച്ചു. ആ സത്യം മറച്ചുവെക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ബുള്‍ബുള്‍ പക്ഷിയുടെ ചിറകിലേറി സവര്‍ക്കര്‍ നിത്യേന മാതൃരാജ്യം സന്ദര്‍ശിച്ചുവെന്നതുപോലുള്ള അതിശയോക്തി നിറഞ്ഞ ഭാഗങ്ങളാണ് പാഠപുസ്തകത്തിലുള്ളത്. യഥാര്‍ഥത്തില്‍ സവര്‍ക്കര്‍ ധീരനോ വീരനോ അല്ല, ഭീരുത്വം മൂലം ബ്രിട്ടീഷുകാര്‍ക്ക് കീഴടങ്ങിയ ആളാണ്.
അതിദേശീയതയും മുസ്‌ലിം, കമ്മ്യൂണിസ്റ്റ് വിരോധവും തിളപ്പിച്ച് സവര്‍ക്കറെ വീരപുരുഷനായി കൊണ്ടാടുന്നവര്‍ക്ക് ചിലപ്പോള്‍ ചരിത്രമറിഞ്ഞുകൊള്ളണമെന്നില്ല. അവര്‍ പിന്തുടരുന്ന രാജ്യദ്രോഹികളുടെ വംശചരിത്രത്തെക്കുറിച്ചുള്ള അജ്ഞത സൃഷ്ടിച്ചാണല്ലോ സംഘ്പരിവാര്‍ തങ്ങള്‍ക്കനഭിമതരായ ജനവിഭാഗങ്ങളെയും പ്രസ്ഥാനങ്ങളെയും രാജ്യദ്രോഹികളാക്കി മുദ്രകുത്തി വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ദേശീയ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത് ബ്രിട്ടീഷ് അധിനിവേശത്തിന് പാദസേവ ചെയ്ത രാജ്യദ്രോഹിയായ സവര്‍ക്കര്‍ക്ക് ചരിത്രത്തില്‍ മിര്‍ജാഫറുമായിട്ട് മാത്രമേ താരതമ്യം സാധ്യമാകൂ. ഇന്ത്യയില്‍ ബ്രിട്ടീഷധികാരത്തിന് അടിത്തറയിട്ട പ്ലാസിയുദ്ധത്തില്‍ ബംഗാളിലെ നവാബായിരുന്ന സിറാജുദ്ദൗലയുടെ തലയരിഞ്ഞിടാന്‍ ബ്രിട്ടീഷ് പട്ടാളക്കാര്‍ക്ക് സൗകര്യമൊരുക്കി കൊടുത്ത വഞ്ചകനായിരുന്നു മിര്‍ജാഫര്‍. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരുടെയും വ്യാപാര തന്ത്രങ്ങള്‍ക്കും ഉടമ്പടികള്‍ക്കും വഴങ്ങിക്കൊടുക്കാന്‍ വിസമ്മതിച്ച ദേശാഭിമാനിയായ നവാബിനെ നേരിട്ടുള്ള യുദ്ധത്തിലൂടെ കീഴടക്കാനാകാതെ ബ്രിട്ടീഷുകാര്‍ കുഴഞ്ഞ സന്ദര്‍ഭത്തിലാണവര്‍ അദ്ദേഹത്തിന്റെ സേനാധിപനായ മിര്‍ജാഫറെ സ്വാധീനിക്കുന്നതും പ്രലോഭനങ്ങളിലൂടെ വശത്താക്കുന്നതും. അങ്ങനെയാണ് നേരിട്ടുള്ള യുദ്ധത്തിലൂടെ തോല്‍പ്പിക്കാനാകാത്ത സിറാജുദ്ദൗലയെ അവര്‍ പ്ലാസിയിലെ ചതുപ്പുനിലങ്ങളില്‍ അരിഞ്ഞിടുന്നത്, കൊല്‍ക്കത്ത ആസ്ഥാനമാക്കി ഇന്ത്യയാകെ അധിനിവേശ ഭരണത്തിന് കീഴിലാക്കുന്നത്. സവര്‍ക്കറും അദ്ദേഹത്തിന്റെ ഹിന്ദു മഹാസഭയും പിന്നീട് അതിന്റെ സേനാദളമായി രൂപം കൊണ്ട ആര്‍ എസ് എസും കൊളോണിയല്‍ അധികാരത്തെ ഇന്ത്യയില്‍ ശാശ്വതീകരിച്ചു നിര്‍ത്താനാവശ്യമായ ബ്രിട്ടീഷ് തന്ത്രങ്ങളുടെ കരുക്കളായാണ് പ്രവര്‍ത്തിച്ചത്. സവര്‍ക്കറും ഹെഡ്ഗെവാറും ഗോള്‍വാള്‍ക്കറും മിര്‍ജാഫറുടെ പാതയില്‍ സഞ്ചരിച്ചവരാണ്. അവരെന്നും കൊളോണിയല്‍ വിരുദ്ധ പോരാളികളെ അസഹിഷ്ണുതയോടെ മാത്രം കണ്ടവരാണ്. അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ച കുഞ്ഞാലി മരക്കാര്‍ തൊട്ട് ഗാന്ധിജി വരെയുള്ള, പാശ്ചാത്യ സാമ്രാജ്യത്വത്തിനെതിരായി പോരാടിയ ദേശീയ വാദികളെയവര്‍ ശത്രുതയോടെയാണെന്നും കണ്ടിട്ടുള്ളത്. ബ്രിട്ടീഷുകാര്‍ക്കെതിരെ ജീവന്‍ നല്‍കി പോരാടിയ ദേശാഭിമാനികളും സ്വാതന്ത്ര്യ സ്നേഹികളുമായ ടിപ്പുവിനെയും ആലി മുസ്‌ലിയാരെയും വാരിയംകുന്നനെയുമെല്ലാമവര്‍ ഹിന്ദു വിരുദ്ധരായി ചിത്രീകരിച്ച് മഹത്തായ ദേശീയ സമരങ്ങളെയും രക്തസാക്ഷികളെയും അപമാനിച്ചു. തങ്ങളുടെ മാപ്പര്‍ഹിക്കാത്ത സാമ്രാജ്യത്വ സേവയുടെ കുറ്റകരവും അപമാനകരവുമായ ചരിത്രത്തെ മറച്ചു പിടിക്കാന്‍ സംഘ്പരിവാര്‍ ശ്രമിക്കുന്നതാണ് നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
സവര്‍ക്കറുടെ കുപ്രസിദ്ധങ്ങളായി തീര്‍ന്ന ആറ് മാപ്പപേക്ഷകളും അന്തമാന്‍ ജയിലില്‍ നിന്ന് വിട്ടയക്കാന്‍ കനിവുണ്ടാകണമെന്ന കേവലമായ ദയാഹരജികളായിരുന്നില്ലല്ലോ. അത് ബ്രിട്ടീഷ് ക്രൗണിന്റെ മാഹാത്മ്യവര്‍ണനകളിലും വെള്ളക്കാരന്റെ ലോകാധികാരത്തെ കുറിച്ചുള്ള സ്തുതിവചനങ്ങളിലും അഭിരമിക്കുന്ന ഒരു രേഖയായിട്ടാണല്ലോ ഇന്ന് ചരിത്രം പഠിക്കുന്നവര്‍ക്ക് വായിച്ചെടുക്കേണ്ടി വരിക. ദേശീയാധികാരം കൈയാളുന്ന പാര്‍ട്ടിയുടെയും പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും താത്വികാചാര്യന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തവനും മാപ്പെഴുതി കൊടുത്ത് ജയിലില്‍ നിന്ന് പുറത്തുവന്ന് ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവനുമാണെന്ന അപമാനകരവും അനിഷേധ്യവുമായ ചരിത്രം അവരെ വല്ലാതെ അലട്ടുന്നുണ്ട്. അതിനെ മറികടക്കാനുള്ള ചരിത്രത്തിന്റെ അപനിര്‍മാണമാണ് യുക്തിരഹിതവും വസ്തുതാബലമില്ലാത്തതുമായ വാദങ്ങളിലൂടെ സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഗാന്ധിജിയുടെ ഉപദേശമനുസരിച്ചായിരുന്നു സവര്‍ക്കറുടെ മാപ്പപേക്ഷയെന്നൊക്കെ ഇപ്പോള്‍ പറഞ്ഞുപരത്തുന്നുണ്ട്. തങ്ങളുടെ ആചാര്യന്റെ കൊളോണിയല്‍ സേവയുടെ ചരിത്രത്തെ വെളുപ്പിച്ചെടുക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങള്‍ പിടിക്കപ്പെട്ടപ്പോള്‍ നിര്‍ബന്ധിതരായി അവര്‍ക്ക് പറയേണ്ടിവരുന്നതാണ് അത്തരം വ്യാജങ്ങളൊക്കെയും. പക്ഷേ, ഒരു നുണയന്‍ സമൂഹത്തിന്റെ പിച്ചും പേയും പറച്ചിലിനപ്പുറം ഇത്തരം പ്രസ്താവനകള്‍ക്ക് പിന്നില്‍ കൃത്യമായ രാഷ്ട്രീയ അജന്‍ഡയുണ്ടെന്നും അത് ചരിത്രത്തിന്റെ അപനിര്‍മിതിയിലൂടെ ജനാധിപത്യ ദേശീയതക്കും പുരോഗമന ആശയങ്ങള്‍ക്കും എതിര്‍ദിശയില്‍ നിര്‍മിച്ചെടുക്കുന്ന ഹിന്ദുത്വ ഫാസിസത്തിനാവശ്യമായ പ്രത്യയശാസ്ത്ര നിര്‍മിതിയാണെന്നും തിരിച്ചറിയേണ്ടതുണ്ട്.
source https://www.sirajlive.com/when-history-is-destroyed-with-lies.html
Post a Comment