മട്ടാഞ്ചേരി | സംസ്ഥാനത്ത് ഭൂരിഭാഗം പ്രദേശങ്ങളിലും മുൻഗണനാ വിഭാഗമായ മഞ്ഞ, പിങ്ക്, കാർഡുകാർക്ക് ഈ മാസത്തെ വിതരണത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ എത്താത്തത് റേഷൻ വിതരണത്തിൽ പ്രതിസന്ധി സൃഷ്ടിക്കും. മുൻഗണനാ വിഭാഗം കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ വീതം അരിയും ഒരു കിലോ ഗോതമ്പുമാണ് വിതരണം ചെയ്യേണ്ടത്. എന്നാൽ പല എൻ എസ് എഫ് എ താലൂക്ക് ഭക്ഷ്യ വിതരണ കേന്ദ്രങ്ങളിലൂടെയും റേഷൻ കടയിലേക്ക് വിതരണത്തിന് ഒരംഗത്തിന് മൂന്ന് മുതൽ മൂന്നര കിലോ തോതിലുള്ള അരി മാത്രമാണ് ലഭിച്ചത്.
ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കിയ സംസ്ഥാനത്ത് റേഷൻ ഭാഗികമായി വിതരണം നടത്താൻ കഴിയില്ല. ഈ സാഹചര്യത്തിൽ പലർക്കും ഇത്തവണ ആവശ്യമായ ഭക്ഷ്യധാന്യങ്ങളും ലഭിക്കില്ല. കേരളത്തിൽ മുൻഗണനാ വിഭാഗം കാർഡുകാരുടെ ഗോതമ്പിൽ നിന്ന് ഒരു കിലോഗ്രാം കുറവ് വരുത്തിക്കൊണ്ട് ഓരോ കാർഡുകാർക്കും 925 ഗ്രാം തോതിലുള്ള ഒരു പാക്കറ്റ് ആട്ടയും സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് നൽകി വന്നിരുന്നു.
പല എൻ എസ് എഫ് എ സംഭരണ കേന്ദ്രങ്ങളിലും ആട്ടയുടെ സ്റ്റോക്കും കൃത്യതയോടെ എത്തിയിട്ടില്ലെന്ന് പരാതിയുണ്ട്. ഇതു മൂലം റേഷൻ വാങ്ങാൻ വരുന്ന വേളയിൽ ആട്ട സ്റ്റോക്കില്ലാത്തതിനാൽ പല ഉപഭോക്താക്കൾക്കും ആട്ടയുടെ വിഹിതവും നഷ്ടപ്പെടുകയാണ്. ഗോതമ്പിന് പകരം ആട്ട നൽകുന്നത് വൻകിടക്കാരായ ആട്ട മില്ലുകാരുടെ സമ്മർദം കൊണ്ടാണെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. ഭക്ഷ്യ ഭദ്രതാ നിയമത്തിൽ ഉൾപ്പെട്ട എല്ലാവർക്കും ഈ മാസത്തെ റേഷൻ ലഭിക്കുന്നതിന് ഭക്ഷ്യ സുരക്ഷാ കമ്മീഷൻ ഇടപെടണമെന്ന് ആൾ കേരളറീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോണി നെല്ലൂർ ആവശ്യപ്പെട്ടു.
source https://www.sirajlive.com/the-ration-of-food-grains-for-priority-categories-is-limited.html
Post a Comment