പാഠ്യപദ്ധതി പരിഷ്‌കരണം ശ്രദ്ധയോടെയാകണം

വിശ്വാസി സമൂഹത്തിന്റെ ആശങ്കകള്‍ പരിഹരിച്ചും വിശദമായ ചര്‍ച്ചകള്‍ക്കും ശേഷം മാത്രമേ പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പാക്കുകയുള്ളൂവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. ക്ലിഫ് ഹൗസില്‍ കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കാണ് മുഖ്യമന്ത്രി ഇതുസംബന്ധിച്ച് ഉറപ്പ് നല്‍കിയത്. പാഠ്യപദ്ധതി പരിഷ്‌കരണ കരട് റിപോര്‍ട്ടിലെ ആശങ്കകള്‍ ചൂണ്ടിക്കാട്ടി കാന്തപുരം മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുകയുണ്ടായി. വ്യാഖ്യാനം നടത്തി രാഷ്ട്രീയ എതിരാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാന്‍ കഴിയുന്ന ചില പരാമര്‍ശങ്ങള്‍ കരട് റിപോര്‍ട്ടിലുള്ള കാര്യം നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

കാലത്തിനും ശാസ്ത്ര സാങ്കേതിക മുന്നേറ്റത്തിനും അനുസരിച്ച് സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ മാറ്റങ്ങളും പരിഷ്‌കരണങ്ങളും ആവശ്യമാണ്. അതുപക്ഷേ സംസ്ഥാനത്തിന്റെ സാമൂഹിക, സാംസ്‌കാരിക സവിശേഷതകള്‍ പരിഗണിച്ചായിരിക്കേണ്ടതുണ്ട്. മതവൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെ പോലെ കേരളവും. സംസ്‌കാരങ്ങളിലും വേഷവിധാനങ്ങളിലുമുണ്ട് വൈവിധ്യങ്ങള്‍. ഇതൊന്നും കണക്കിലെടുക്കാതെ തലമുറകളായി തുടര്‍ന്നുവരുന്ന മൂല്യാധിഷ്ഠിതമായ ആചാരങ്ങളെ നിരാകരിച്ച് പാശ്ചാത്യ രാജ്യങ്ങളിലെ ജീര്‍ണിത സംസ്‌കാരങ്ങളെ കടമെടുത്താകരുത് ഇവിടെ പാഠ്യ പദ്ധതി പരിഷ്‌കരണം നടപ്പാക്കേണ്ടത്. കേരളീയ സംസ്‌കാരത്തിനു യോജിക്കാത്തതും ധാര്‍മികമായി അംഗീകരിക്കാനാകാത്തതുമാണ് ലിംഗഭേദമില്ലാത്ത യൂനിഫോം, ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തി ഇരുത്തല്‍ തുടങ്ങി എസ് സി ഇ ആര്‍ ടി തയ്യാറാക്കിയ കരട് റിപോര്‍ട്ടിലെ പല നിര്‍ദേശങ്ങളും. ലിംഗ സമത്വം ഉറപ്പാക്കാനെന്ന പേരിലാണ് ഇത്തരം നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചതത്രെ.

ലിബറലിസ്റ്റുകള്‍ വാദിക്കുന്നത് പോലുള്ള ലിംഗസമത്വം പ്രയോഗത്തില്‍ വരുത്തുക അത്ര എളുപ്പമാണോ? അത് പ്രായോഗികമാണോ? ലോകത്ത് സ്ത്രീവിമോചന സംഘടനകളും ഫെമിനിസ്റ്റുകളും കാലങ്ങളായി ലിംഗസമത്വത്തെക്കുറിച്ച് പറയുന്നു. എന്നാല്‍ സ്ത്രീകള്‍ ഇന്നും കടുത്ത വിവേചനമാണ് നേരിടുന്നതെന്നും പുരുഷാധിപത്യം തന്നെയാണ് പരിഷ്‌കൃതമെന്ന് അവകാശപ്പെടുന്ന രാജ്യങ്ങളില്‍ പോലും ഇപ്പോഴും നിലനില്‍ക്കുന്നതെന്നുമാണ് പഠനങ്ങള്‍ കാണിക്കുന്നത്. മെയ് മാസത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദാവോസില്‍ നന്ന ലോക സാമ്പത്തിക ഫോറത്തില്‍ സ്ത്രീകള്‍ നേരിടുന്ന ചില സാമ്പത്തിക അസമത്വങ്ങള്‍ “ഓക്‌സ്ഫാം’ വരച്ചു കാണിക്കുന്നുണ്ട്. ലോകത്തെങ്ങും വീട് പരിചരണം, കുട്ടികളെ നോക്കല്‍, പാചകം ചെയ്യല്‍ തുടങ്ങിയ ഗാര്‍ഹിക ജോലികള്‍ ഇന്നും സ്ത്രീകള്‍ തന്നെയാണ് ചെയ്യുന്നത്. സ്ത്രീകള്‍ ചെയ്യുന്ന ഇത്തരം ജോലികള്‍ക്ക് ആഗോളതലത്തില്‍ കൂലി കണക്കാക്കിയാല്‍ ഒരു വര്‍ഷം 713 ലക്ഷം കോടി രൂപ വരുമെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. പക്ഷേ ഇതിന് സ്ത്രീകള്‍ക്കാര്‍ക്കും യാതൊരു വേതനവും ലഭിക്കുന്നില്ല. വേതനമുള്ള ജോലികള്‍ കൂടുതലും പുരുഷന്‍മാര്‍ക്കാണെന്നും വേതനത്തിലുള്ള ഈ ലിംഗവിവേചനം സ്ത്രീകളെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്നും ഓക്‌സ്ഫാം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ സ്ത്രീകളില്‍ സാമ്പത്തിക അസമത്വം വളരെ കൂടുതലാണെന്നും സ്ത്രീസുരക്ഷ അടക്കമുള്ള കാര്യത്തില്‍ ഇന്ത്യയില്‍ ഒട്ടേറെ നിയമങ്ങളുണ്ടെങ്കിലും, പുരുഷാധിപത്യ മൂല്യത്തിലധിഷ്ഠിതമായ സമൂഹമായതിനാല്‍ ഇവ പ്രാവര്‍ത്തികമാക്കുന്നത് വെല്ലുവിളിയാണെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

രാഷ്ട്രീയം, തൊഴില്‍, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളില്‍ പുരുഷന് തുല്യമായ വേതനവും അവസരവുമാണ് പരമാവധി ഒരു ഭരണകൂടത്തിന് നടപ്പാക്കാനാകുന്ന ലിംഗനീതി. ലോക സാമ്പത്തിക ഫോറത്തിന്റെ 2018ലെ റിപോര്‍ട്ടില്‍ പറയുന്നത് ഈ രംഗങ്ങളിലെല്ലാം ലിംഗവിവേചനം ഇല്ലാതാക്കാന്‍ ഇനിയും 108 വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ്. നൂറ് വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ഇത് യാഥാര്‍ഥ്യമാകുമോ? ശാരീരിക ഘടനയിലും കായിക ശേഷിയിലും സ്വഭാവത്തിലുമെല്ലാം പുരുഷനും സ്ത്രീക്കുമിടയില്‍ ഒട്ടേറെ വൈജാത്യങ്ങളുണ്ട്. പാര്‍ക്കുകളിലും പൊതുസ്ഥലങ്ങളിലും ഒരുമിച്ചു വിഹരിക്കാനുള്ള സാഹചര്യം, ഒരേ തരത്തിലുള്ള വസ്ത്രധാരണ, ക്ലാസ്സുകളില്‍ ഇടകലര്‍ന്നിരിക്കല്‍ തുടങ്ങിയവ കൊണ്ടൊന്നും ഈ വൈജാത്യം ഇല്ലാതാക്കാനോ തുല്യനീതി നടപ്പാക്കാനോ കഴിയില്ല. ലൈംഗിക അരാജകത്വവും അതുവഴി സ്ത്രീയെ കേവലം ഒരു ഉപഭോഗവസ്തുവായി തരംതാഴ്ത്തലുമാണ് ഇതിന്റെയെല്ലാം അനന്തര ഫലം. ഇത്തരം അതിരു കടന്ന ലൈംഗിക സ്വാതന്ത്ര്യത്തിന്റെ ദുരന്തഫലം പാശ്ചാത്യന്‍ നാടുകളില്‍ കണ്ടുവരുന്നുമുണ്ട്. ദുഷിച്ച ഇത്തരം സംസ്‌കാരങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പരിചയപ്പെടുത്താനും പ്രചരിപ്പിക്കാനുമുള്ള നീക്കം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കും. ഈ പശ്ചാത്തലത്തില്‍ പാശ്ചാത്യ സംസ്‌കാരം അപ്പടി ക്ലാസ്സ് മുറികളിലേക്കു പറിച്ചു നടാന്‍ ഇടയാക്കുന്ന കരിക്കുലം കരട് റിപോര്‍ട്ടിലെ നിര്‍ദേശങ്ങളത്രയും പൂര്‍ണമായും ഒഴിവാക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകേണ്ടതുണ്ട്.
ഇടതു സര്‍ക്കാറിന്റെ കാലത്ത്, പാഠപുസ്തകങ്ങളിലും കരിക്കുലത്തിലും കേരളീയ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ നിലപാടിനു നിരക്കാത്ത ആശയങ്ങള്‍ മുമ്പും വന്നിട്ടുണ്ട്. 2008ല്‍ പുറത്തിറങ്ങിയ ഏഴാം ക്ലാസ്സ് പാഠപുസ്തകങ്ങളില്‍ “മതമില്ലാത്ത ജീവന്‍’ എന്നൊരു അധ്യായം ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളും പ്രക്ഷോഭങ്ങളും മറക്കാറായിട്ടില്ല. വിദ്യാര്‍ഥികളില്‍ മതനിരപേക്ഷ ചിന്ത വളര്‍ത്തുകയാണ് ആ അധ്യായം കൊണ്ടുദ്ദേശിക്കുന്നതെന്നായിരുന്നു പാഠപുസ്തക കമ്മിറ്റിയുടെ വിശദീകരണമെങ്കിലും, മതനിഷേധത്തിന്റെ സന്ദേശം അതില്‍ ഒളിഞ്ഞു കിടന്നിരുന്നു. പ്രക്ഷോഭത്തിനൊടുവില്‍ പ്രസ്തുത പാഠപുസ്തകത്തെക്കുറിച്ച് പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട ഡോ. കെ എന്‍ പണിക്കര്‍ അധ്യക്ഷനായ വിദഗ്ധ സമിതി വിവാദമായ അധ്യായം മാറ്റണമെന്ന് നിര്‍ദേശിക്കുകയും ആ പേജ് ഒഴിവാക്കി ഉത്തരവിറക്കേണ്ടി വരികയും ചെയ്തു അന്നത്തെ ഇടത് സര്‍ക്കാറിന്. ഇത്തരം “അബദ്ധങ്ങള്‍’ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.



source https://www.sirajlive.com/curriculum-reform-should-be-careful.html

Post a Comment

Previous Post Next Post