കോൺഗ്രസ്സ് അധ്യക്ഷ പദവിയിൽ രാഹുൽഗാന്ധി തന്നെയോ അതോ നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നുള്ള ആരെങ്കിലും വരുമോ? ചിത്രം ഇപ്പോഴും അവ്യക്തമാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ട പശ്ചാത്തലത്തിൽ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിനിന്ന രാഹുൽ ഗാന്ധി, താൻ വീണ്ടും അധ്യക്ഷ പദവിയിലേക്കില്ലെന്നും നെഹ്‌റു കുടുംബത്തിന്റെ പുറത്ത് നിന്നാരെങ്കിലും പദവി ഏറ്റെടുക്കട്ടെയെന്നും ആവർത്തിച്ച് പറയുമ്പോഴും അദ്ദേഹത്തിന്റെ മനം മാറ്റാനുള്ള തിരക്കിട്ട ശ്രമം നടന്നുവരികയാണ് പാർട്ടി നേതൃനിരയിൽ. പാർട്ടിയെ രാഹുൽഗാന്ധി തന്നെ നയിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാൻ, ഛത്തീസ്ഗഢ്, ബിഹാർ, തമിഴ്‌നാട്, മഹാരാഷ്ട്ര, ജമ്മു കശ്മീർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ പ്രമേയം പാസ്സാക്കിയിട്ടുമുണ്ട്. കേരളമടക്കം മറ്റു ചില സംസ്ഥാനങ്ങൾ പ്രമേയം പാസ്സാക്കാനിരിക്കുകയുമാണ്.
രാഹുൽ നിലപാട് മാറ്റുന്നില്ലെങ്കിൽ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടക്കുമെന്നുറപ്പായിട്ടുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്്ലോട്ട് മത്സര രംഗത്തുണ്ടാകുമെന്ന് വ്യക്തമായിക്കഴിഞ്ഞു. രാഹുലല്ലെങ്കിൽ ഗെഹ്്ലോട്ട് വരണമെന്നാണ് നെഹ്‌റു കുടുംബത്തിന്റെ താത്പര്യം. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന ഉപാധിയോടെയാണ് ഗെഹ്്ലോട്ട് സ്ഥാനാർഥിത്വത്തിന് സമ്മതിച്ചത്. സോണിയാ ഗാന്ധിയുടെ സമ്മതത്തോടെ ശശി തരൂരും മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ്. പാർട്ടി നേതാക്കളായ ദീപേന്ദർ ഹൂഡ, ജയ് പ്രകാശ് അഗർവാൾ, വിജേന്ദ്ര സിംഗ് എന്നിവർക്കൊപ്പമാണ് തരൂർ ഡൽഹി ജൻപഥിലെത്തി സോണിയാ ഗാന്ധിയെ കണ്ട് മത്സരത്തിൽ പങ്കെടുക്കുന്നതിന് സമ്മതം വാങ്ങിയത്. ഇവർക്ക് പുറമെ ജി-23 നേതാവ് മനീഷ് തിവാരിയും മത്സരിച്ചേക്കുമെന്ന് റിപോർട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയെന്നാണ് കോൺഗ്രസ്സിനെ പാർട്ടി നേതാക്കൾ വിശേഷിപ്പിക്കുന്നത്. ഇത് അർഥപൂർണമാകണമെങ്കിൽ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരമുണ്ടാകണം. പരസ്പര ബഹുമാനത്തിലും വിശ്വാസത്തിലും അടിയുറച്ച സ്വതന്ത്രവും നിഷ്പക്ഷവുമായ മത്സരം. അത് നടക്കുകയാണെങ്കിൽ പാർട്ടിയിൽ ഒരു വഴിത്തിരിവ് തന്നെയുണ്ടാകും. 2001ലാണ് കോൺഗ്രസ്സിൽ ഇതിനു മുമ്പ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടന്നത്. അന്ന് സോണിയാ ഗാന്ധിയോട് ഏറ്റമുട്ടിയ ജിതേന്ദ്ര പ്രസാദ് ദയനീയമായി പരാജയപ്പെടുകയായിരുന്നു. സോണിയക്ക് 7,448 വോട്ടുകൾ കിട്ടിയപ്പോൾ ജിതേന്ദ്ര പ്രസാദിന് കിട്ടിയത് 94 വോട്ടുകൾ മാത്രം. നിലവിൽ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള ഒമ്പതിനായിരത്തോളം പ്രതിനിധികളിൽ ഭൂരിപക്ഷവും നെഹ്‌റു കുടുംബത്തോട് കൂറു പുലർത്തുന്നവരായതിനാൽ ഗെഹ്്ലോട്ടിനാണ് നിരീക്ഷകർ വിജയസാധ്യത കാണുന്നത്.
ആര് ജയിക്കട്ടെ തോൽക്കട്ടെ, മത്സരം നടന്നാൽ അത് പാർട്ടിയിൽ ഉൾപാർട്ടി ജനാധിപത്യമില്ലെന്ന് ആക്ഷേപിക്കുന്നവരുടെ വായ മൂടിക്കെട്ടുന്നതാകും. കോൺഗ്രസ്സിൽ ഉൾപാർട്ടി ജനാധിപത്യമില്ലെന്നത് രാഷ്ട്രീയ ശത്രുക്കളുടെ കേവല ആരോപണമല്ല, പാർട്ടിക്കകത്തുള്ളവരുടെ കൂടി പരാതിയാണ്. 2020 ആഗസ്റ്റിൽ 23 മുതിർന്ന നേതാക്കൾ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തിലെ മുഖ്യ ആവശ്യം പാർട്ടിയിൽ ഉൾപാർട്ടി ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നായിരുന്നു. ഒന്നിന് പിന്നാലെ മറ്റൊന്നായി തിരഞ്ഞെടുപ്പ് പരാജയങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ ഒരു തരത്തിലുള്ള ആത്മപരിശോധനക്കും പാർട്ടി ഹൈക്കമാൻഡ് തയ്യാറായില്ലെന്നും അവർ ചൂണ്ടിക്കാട്ടുകയുണ്ടായി. കോൺഗ്രസ്സ് വിടാൻ ഗുലാം നബി ആസാദ് ചൂണ്ടിക്കാണിച്ച പ്രധാന കാരണവും ഉൾപാർട്ടി ജനാധിപത്യമില്ലായ്മയാണ്. മുൻ കേന്ദ്രമന്ത്രിയും രാജ്യസഭയിലെ കോൺഗ്രസ്സ് ഉപനേതാവുമായ ആനന്ദ് ശർമയടക്കം മറ്റു പല നേതാക്കളും ഇക്കാര്യത്തിൽ പാർട്ടി നേതൃത്വത്തെ കുറ്റപ്പെടുത്തി രംഗത്തുവരികയുണ്ടായി. ഇതുസംബന്ധിച്ച് ശശി തരൂരും അടുത്തിടെ ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചു. വർക്കിംഗ് കമ്മിറ്റി അംഗത്വം ഉൾപ്പെടെ പ്രധാന സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് വേണം, അനുകൂലിക്കുന്നവരുടെ മാത്രമല്ല പ്രമുഖരുടെ അഭിപ്രായവും സ്വീകരിക്കണം, പുതിയ നേതാക്കൾക്ക് കടന്നുവരാൻ അവസരമൊരുക്കണം തുടങ്ങിയവയാണ് തരൂരിന്റെ നിർദേശങ്ങൾ.
അതേസമയം, ശശി തരൂരിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് സംസ്ഥാന കോൺഗ്രസ്സ് നേതൃത്വം സ്വീകരിച്ച നിലപാട് ദുരൂഹമാണ്. തരൂരിനെ കെ പി സി സി പിന്തുണക്കില്ല. നെഹ്റു കുടുംബം അംഗീകരിക്കുന്നവരെ മാത്രമേ കേരളത്തിലെ കോൺഗ്രസ്സുകാർ പിന്തുണക്കുകയുള്ളൂവെന്നാണ് മുതിർന്ന നേതാവ് കെ മുരളീധരൻ പറഞ്ഞത്. ശശി തരൂരിന് രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ അഭിപ്രായ സ്ഥിരതയില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വത്തെ തള്ളിപ്പറയുകയായിരുന്നു മറ്റൊരു മുതിർന്ന നേതാവായ മുല്ലപ്പള്ളി രാമചന്ദ്രൻ. കൊടിക്കുന്നിൽ സുരേഷും തരൂരിന്റെ നീക്കത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. തരൂരിനെ പിന്തുണച്ച് പരസ്യമായി ആരും രംഗത്തുവന്നിട്ടുമില്ല. രാഹുൽഗാന്ധി പാർട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിക്കുകയും ആ സ്ഥാനത്തേക്ക് മത്സരം നടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മാത്രമേ താൻ മത്സരിക്കുകയുള്ളൂവെന്ന് തരൂർ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിൽ തരൂരിനെ പിന്തുണക്കുകയോ ചുരുങ്ങിയ പക്ഷം മനസ്സാക്ഷി വോട്ട് അനുവദിക്കുകയോ ആയിരുന്നില്ലേ സംസ്ഥാന കോൺഗ്രസ്സ് നേതൃത്വം ചെയ്യേണ്ടിയിരുന്നത്?
നേരത്തേ പ്രതിപക്ഷ നേതാവായി പാർട്ടി സംസ്ഥാന നേതൃത്വം വി ഡി സതീഷനെ തിരഞ്ഞെടുത്തപ്പോൾ, പാർട്ടിയിൽ ജനാധിപത്യം നിലച്ചുപോയിട്ടില്ലെന്നതിന് തെളിവാണ് നേതൃമാറ്റമെന്നും ഇത് യുവതലമുറയെ സന്തോഷിപ്പിക്കുമെന്നുമായിരുന്നു കെ സുധാകരന്റെ പ്രതികരണം. എന്തേ അത്തരമൊരു ചിന്തയും ജനാധിപത്യ ബോധവും ശശി തരൂരിന്റെ സ്ഥാനാർഥിത്വ കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന് ഇല്ലാതെ പോയി? ആശയ സ്ഥിരതയില്ലെന്ന് പറഞ്ഞ് തരൂരിനെ പരസ്യമായി ആക്ഷേപിച്ച നടപടി ഒട്ടും ശരിയായില്ല. നേതൃത്വത്തിന്റെ ഇത്തരം സമീപനങ്ങൾ കാരണമാണ് പലരും പാർട്ടിയുമായി അകലാനിടയാകുന്നത്.
source https://www.sirajlive.com/tharoor-39-s-candidacy-for-the-post-of-congress-president.html
إرسال تعليق