പാക്കിസ്ഥാന് ശ്രീലങ്കയുടെ ദുര്‍ഗതി?

യല്‍രാജ്യമായ പാക്കിസ്ഥാന് ഇത് കഷ്ടകാലമാണ്. മാസങ്ങളായി പണപ്പെരുപ്പവും വിലക്കയറ്റവും രാജ്യത്തെ വരിഞ്ഞു മുറുക്കുകയാണ്. ഇതോടൊപ്പം മഹാപ്രളയവും കൂടി വന്നതോടെ ജനജീവിതം അതീവ ദുസ്സഹമായി. പണപ്പെരുപ്പം കൊണ്ട് വലയുന്ന പാക്കിസ്ഥാനില്‍ ഇപ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന് വില 200 രൂപക്ക് മുകളിലെത്തി. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും പൊള്ളുന്ന വിലയാണ്. ഒരു കിലോ തക്കാളിക്കും സവാളക്കും 300 രൂപ വരെ എത്തിയിട്ടുണ്ട്. കഴിഞ്ഞ 47 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലക്കയറ്റമാണ് രാജ്യത്തിപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഡോളറിനെതിരെ പാക്കിസ്ഥാന്‍ കറന്‍സി ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവായ 240 രൂപയിലെത്തി നില്‍ക്കുന്നു. നികുതിയും വൈദ്യുതി നിരക്കും വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് ഭരണകൂടം. ഇതോടെ വിലക്കയറ്റം കൂടുതല്‍ ഉയരത്തിലെത്തും. 1977ലാണ് രാജ്യം ഇതിനു മുമ്പ് ഇത്രയും രൂക്ഷമായ വിലക്കയറ്റത്തെ അഭിമുഖീകരിച്ചത്.
എല്ലാ വര്‍ഷവും ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാന്‍ വന്‍തോതില്‍ പച്ചക്കറികള്‍ ഇറക്കുമതി ചെയ്യാറുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ അതിര്‍ത്തിവഴി കണ്ടെയ്നറുകള്‍ കടത്തി വിടുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണിപ്പോള്‍. ഇതാണ് തക്കാളി ഉള്‍പ്പെടെ പച്ചക്കറികള്‍ക്ക് വില കുത്തനെ ഉയരാനിടയാക്കിയത്. ഇന്ത്യയില്‍ നിന്ന് സഹായത്തിനും ഭക്ഷണ സാധനങ്ങളുടെ ഇറക്കുമതിക്കും ആവശ്യപ്പെടണമെന്ന് പാക് സാമ്പത്തിക വിദഗ്ധരും ബിസിനസ്സ് നേതാക്കളും ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയുമായുള്ള രാഷ്ട്രീയ ശത്രുത മൂലം ഭരണനേതൃത്വം അതിനു വിസമ്മതിക്കുകയാണ്. എത്ര വില കൂടിയാലും ഇന്ത്യയില്‍ നിന്ന് പച്ചക്കറി ഇറക്കുമതി ചെയ്യില്ലെന്നാണ് ധനമന്ത്രി പറഞ്ഞത്.

വന്‍ പ്രളയമാണ് അടുത്തിടെ പാക്കിസ്ഥാനിലുണ്ടായത്. ബലൂചിസ്ഥാനിലെയും സിന്ധിലെയും ആയിരക്കണക്കിന് ഏക്കര്‍ കൃഷി പ്രളയത്തില്‍ നശിച്ചു. നിരവധി വീടുകളും ഒട്ടേറെ കൃഷി സ്ഥലങ്ങളും നാമാവശേഷമായി. പ്രളയം സൃഷ്ടിച്ച ദുരിതത്തില്‍ നിന്ന് രാജ്യത്തിനു കരകയറാന്‍ വര്‍ഷങ്ങളോളമെടുക്കും. പ്രളയം മാത്രമല്ല രാജ്യത്തെ ഇപ്പോഴത്തെ മോശമായ സ്ഥിതിവിശേഷത്തിനു കാരണം. ഭരണതലത്തിലെ അഴിമതി, സര്‍ക്കാറും സൈനിക നേതൃത്വവും തമ്മിലുള്ള വടംവലി, രൂക്ഷമായ തൊഴിലില്ലായ്മ, ബിസിനസ്സ് സൗകര്യങ്ങളുടെ അപര്യാപ്തത, കടം കൊടുത്താല്‍ തന്നെ തിരിച്ചടക്കാനുള്ള കഴിവില്ലായ്മ മൂലം പാക്കിസ്ഥാന്റെ സമ്പദ് വ്യവസ്ഥയില്‍ മറ്റു രാജ്യങ്ങള്‍ക്കുള്ള വിശ്വാസമില്ലായ്മ തുടങ്ങി മറ്റു പ്രശ്‌നങ്ങള്‍ കൂടി ഈ സ്ഥിതിവിശേഷത്തിന് പിന്നിലുണ്ട്. ഇങ്ങനെ എല്ലാ മേഖലയിലും പ്രശ്‌നങ്ങള്‍ കുമിഞ്ഞു കൂടുന്നതിനിടെ കൂനില്‍മേല്‍ കുരുവെന്ന പോലെ പ്രളയവും രാജ്യത്തെ നക്കിത്തുടക്കുകയായിരുന്നു.

“തങ്ങളെ ഭിക്ഷക്കാരെ പോലെയാണ് ലോക രാജ്യങ്ങള്‍ കാണുന്നത്. മറ്റൊരു രാജ്യത്ത് പോകുമ്പോഴോ രാഷ്ട്ര നേതാക്കള്‍ക്ക് ഫോണ്‍ ചെയ്യുമ്പോഴോ പണത്തിനു യാചിക്കാനാണെന്ന ധാരണയാണ് അവര്‍ക്ക്’- പ്രധാനമന്ത്രി ശഹബാസ് ശരീഫിന്റെ ഈ വാക്കുകള്‍ രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴത്തിലേക്ക് വിരല്‍ചൂണ്ടുന്നു. പാക് സമ്പദ് വ്യവസ്ഥയെ നിയന്ത്രിച്ചു നിര്‍ത്തുന്നതിലും വിലക്കയറ്റം തടയുന്നതിലും ഇംറാന്‍ ഖാന്റെ നേതൃത്വത്തിലുള്ള മുന്‍ ഭരണകൂടം പരാജയപ്പെട്ടതാണ് പ്രതിസന്ധിക്കു കാരണമെന്നാണ് ശഹബാസ് ശരീഫ് സര്‍ക്കാര്‍ പറയുന്നത്. ഇംറാന്‍ ഖാന്‍ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ 1,600 ബില്യന്‍ ഡോളറായിരുന്നു രാജ്യത്തിന്റെ ധനക്കമ്മിയെങ്കില്‍ ഇംറാന്‍ ഖാന്റെ നാല് വര്‍ഷത്തെ ഭരണ കാലത്തിനിടെ അത് 3,500 ബില്യന്‍ ഡോളറായി കുതിച്ചുയര്‍ന്നതായി ധനമന്ത്രി മിഫ്താഹ് ഇസ്മാഈല്‍ ആരോപിക്കുന്നു. രാജ്യം നേരിടുന്ന സാമ്പത്തിക തകര്‍ച്ച ഉന്നയിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ പിന്തുണക്കുമെന്ന് വന്നതോടെയാണ് ഇംറാന്‍ ഖാന് അധികാരം ഒഴിയേണ്ടി വന്നതെന്നത് ശ്രദ്ധേയമാണ്.

പട്ടാളത്തിന്റെ മേല്‍ക്കൈയും ഭരണത്തിലുള്ള പട്ടാള നേതൃത്വത്തിന്റെ കൈകടത്തലുമാണ് പാക്കിസ്ഥാന്റെ ദുരന്തത്തിനു മുഖ്യ കാരണമായി രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഒരു ഭരണാധികാരിയെയും അഞ്ച് കൊല്ലം തികക്കാന്‍ പട്ടാള നേതൃത്വം അനുവദിച്ചിട്ടില്ല. 1947ലെ ലിയാഖത്ത് അലിഖാന്‍ സര്‍ക്കാര്‍ മുതല്‍ 2022ലെ ഇംറാന്‍ ഖാന്‍ സര്‍ക്കാര്‍ വരെയുള്ള ഒരു ഭരണകൂടത്തിനും കാലാവധി തികക്കാന്‍ കഴിയാതിരുന്നതില്‍ ഏറിയും കുറഞ്ഞും സൈന്യത്തിനു പങ്കുണ്ടായിരുന്നു. ഭരണ കാലാവധി തീരുന്നതിനു മുമ്പേ പ്രധാനമന്ത്രിമാര്‍ വധിക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്ത ചരിത്രമാണ് ഇതപര്യന്തം പാക്കിസ്ഥാനിലേത്. അവിശ്വാസത്തിലൂടെ പുറത്താക്കപ്പെടുമ്പോള്‍ പോലും അതിനു പിന്നില്‍ സൈന്യത്തിന്റെ അദൃശ്യ കരങ്ങള്‍ കണ്ടെത്താനാകും. സൈന്യം അധികാരത്തിലെത്തിച്ച ഭരണാധികാരിയെ പോലും അവര്‍ക്ക് താത്പര്യം ഇല്ലാതായാല്‍ ജനാധിപത്യപരമെന്ന് തോന്നിപ്പിക്കുന്ന വഴിയിലൂടെ പുറത്താക്കും.

മുക്കാല്‍ നൂറ്റാണ്ട് മുമ്പ് ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ പാക്കിസ്ഥാന്‍, പകുതിയിലേറെക്കാലവും പട്ടാള ഭരണത്തിന്‍ കീഴിലായിരുന്നു. ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിച്ചാണ് പട്ടാള നേതൃത്വം അധികാരത്തിലെത്താറുള്ളത്. ഇംറാന്‍ ഖാന്റെ തഹ്‌രീകെ പാക്കിസ്ഥാന്‍ സര്‍ക്കാറിന്റെ തകര്‍ച്ചക്കു പിന്നിലും സൈന്യത്തിന്റെ കളിയുണ്ട്. അവിശ്വാസ പ്രമേയം അവതരിപ്പിക്കപ്പെടുന്നതിനു മുമ്പും ശേഷവും തനിക്കെതിരെ നടന്നത് അമേരിക്കയുടെ നേതൃത്വത്തിലുള്ള ഗൂഢാലോചനയാണെന്നും സൈന്യം അതിന് കൂട്ടുനില്‍ക്കുകയാണെന്നുമാണ് തന്റെ ഭരണത്തകര്‍ച്ചയെക്കുറിച്ച് ഇംറാന്‍ ഖാന്‍ പറഞ്ഞത്.

പാക് സൈന്യത്തിന് കോടിക്കണക്കിനു ഡോളര്‍ ആസ്തിയുണ്ട്. രാജ്യത്തിനുള്ളില്‍ ഒരു ബിസിനസ്സ് സാമ്രാജ്യം സ്വന്തമായുള്ള ലോകത്തിലെ ഏക സൈന്യമാണ് പാക്കിസ്ഥാനിലേത്. ഈ സാമ്പത്തിക പിന്‍ബലമാണ് ഭരണത്തില്‍ കൈകടത്താന്‍ സൈന്യത്തെ പ്രാപ്തരാക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷണം.



source https://www.sirajlive.com/sri-lanka-39-s-misfortune-for-pakistan.html

Post a Comment

أحدث أقدم