കോഴിക്കോട് | മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരനെ ഡി വൈ എഫ് ഐക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ പോലീസിനെതിരെ സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റി. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ പ്രവര്‍ത്തനമാണ് പോലീസ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി പി മോഹനന്‍ ആരോപിച്ചു. സര്‍ക്കാരിനെ പൊതുസമൂഹത്തില്‍ കരിതേച്ച് കാണിക്കാനാണ് പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നത്. കമ്മീഷണറുടെ നിലപാടിനെ എതിര്‍ക്കും. കമ്മീഷണര്‍ക്ക് എതിരെ ജനങ്ങളെ അണിനിരത്തും.
സുരക്ഷാ ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ നിയമ നടപടിയെ സി പി എം എതിര്‍ത്തിട്ടില്ല. പോലീസ് അന്വേഷണത്തിലും നടപടിക്രമങ്ങളിലും സി പി എം ഒരു നിലയിലും ഇടപെട്ടിട്ടില്ല. എന്നാല്‍, കേസില്‍ പ്രതികളായ പ്രവര്‍ത്തകരുടെ കുടുംബങ്ങളെ പോലീസ് വേട്ടയാടുകയാണ്. തീവ്രവാദ കേസുകളിലെന്ന പോലെയാണ് പോലീസിന്റെ പെരുമാറ്റം. പോലീസ് സ്ത്രീകളെ ഉള്‍പ്പെടെ ബുദ്ധിമുട്ടിക്കുന്നു. അര്‍ധരാത്രി വീടുകളില്‍ കയറുന്നു. ഗര്‍ഭിണികളെ വരെ പോലീസ് ഭീഷണിപ്പെടുത്തി. ജനിച്ച കുട്ടിയെ കാണിക്കില്ലെന്നു പറഞ്ഞു. കോഴിക്കോട് നഗരത്തിലെ ചില പോലീസ് ഉദ്യോഗസ്ഥന്മാരാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നും മോഹനന്‍ പ്രതികരിച്ചു.
source https://www.sirajlive.com/incident-of-beating-up-a-security-guard-cpm-strongly-criticized-the-police.html
Post a Comment