ലോകത്ത് കൊവിഡ് രോഗം ഏറെക്കുറെ നിയന്ത്രണാധീനമായെങ്കിലും ഈ വൈറസ് എങ്ങനെ വന്നുവെന്ന കാര്യം ഇപ്പോഴും ദുരൂഹമാണ്. തനിയെ ഉത്ഭവിച്ചതാണെന്നും മനുഷ്യനിർമിതമാണെന്നും അഭിപ്രായം വന്നു. കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ ആദ്യം പ്രതിക്കൂട്ടിലായത് ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയാണ്. ജൈവായുധമായി ഉപയോഗിക്കാനുള്ള രോഗാണുക്കളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾക്കിടെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ലബോറട്ടറിയിൽ നിന്ന് അബദ്ധത്തിൽ പുറത്തുപോയതായിരിക്കാം കൊറോണ വൈറസെന്ന് വാഷിംഗ്ടൺ പോസ്റ്റ് അന്ന് റിപോർട്ട് ചെയ്തിരുന്നു. മൃഗങ്ങളിൽ നിന്ന് ശേഖരിച്ച വൈറസുകളെ പരീക്ഷണശാലയിൽ ജൈവായുധമായി വികസിപ്പിക്കാനുള്ള പരിശ്രമത്തിനിടെ സംഭവിച്ച അബദ്ധമാണെന്നും അതല്ല, ലബോറട്ടയിൽ വെച്ചുതന്നെ പുതുതായി വികസിപ്പിച്ചെടുത്തതാണെന്നും അമേരിക്കൻ ടിവി ചാനലുകൾ റിപോർട്ട് ചെയ്തിരുന്നു.
എന്നാൽ ചൈനയിൽ നിന്നല്ല അമേരിക്കയിലെ ലാബിൽ നിന്ന് ചോർന്ന വൈറസാണ് കൊറോണയുടെ ഉത്ഭവ കേന്ദ്രമെന്നാണ് ഇപ്പോൾ പുറത്തുവന്ന പുതിയ വിവരം. മെഡിക്കൽ ജേർണലായ ദ ലാൻസെറ്റാണ് അമേരിക്കയെ പ്രതിക്കൂട്ടിലാക്കുന്ന റിപോർട്ട് പ്രസിദ്ധീകരിച്ചത്. 2020 ൽ ലാൻസെറ്റ് നിയോഗിച്ച കമ്മീഷൻ രണ്ട് വർഷമായി നടത്തിയ ഗവഷണങ്ങൾക്ക് ശേഷം പുറത്തുവിട്ട പഠന റിപോർട്ടാണ് ഈയൊരു സാധ്യതയിലേക്ക് വിരൽച്ചൂണ്ടുന്നത്. യു എസ് ലാബിൽ നടന്ന പരീക്ഷണങ്ങളിൽ സംഭവിച്ച പിഴവോ, സ്വാഭാവികമായി സംഭവിച്ച സ്പിൽ ഓവറോ ആയിരിക്കാം സാർസ്- കൊവിഡ്- 2 വകഭേദം ലോകത്ത് പടരാൻ ഇടയാക്കിയതെന്ന് പഠനം വിലയിരുത്തുന്നു. ഈ റിപോർട്ട് തയാറാക്കിയ കമ്മീഷന്റെ ചെയർപേഴ്‌സൻ പ്രൊ. ജെഫ്രി സാച്ചസ് യു എസ് ലാബുകളിലാണ് കൊറോണ വൈറസ് രൂപപ്പെട്ടതെന്ന് ഈ വർഷാദ്യത്തിൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സ്‌പെയിനിൽ നടന്ന ഒരു കോൺഫറൻസിലാണ് അവർ ഇക്കാര്യം പറഞ്ഞത്. നേരത്തേ ചൈനയാണ് പ്രഭവകേന്ദ്രമെന്ന അഭിപ്രായം പുറത്തുവന്നപ്പോൾ വൻപ്രാധാന്യത്തോടെ അത് പ്രസിദ്ധീകരിച്ച ആഗോള മാധ്യമങ്ങൾ അമേരിക്കയെ പ്രതിക്കൂട്ടിലാക്കുന്ന റിപോർട്ട് പുറത്തുവന്നപ്പോൾ തമസ്‌കരിക്കുകയായിരുന്നെന്നും ലാൻസെറ്റ് കുറ്റപ്പെടുത്തുന്നു.
ലോകത്ത് പുതിയ രോഗ വൈറസുകൾ പടർരുന്പോഴൊക്കെ ഇത്തരം സംശയങ്ങളും സന്ദേഹങ്ങളും ഉടലെടുക്കാറുണ്ട്. 1340 കളിൽ യൂറോപ്പിൽ പ്ലേഗ് പടർന്നു പിടിച്ചപ്പോൾ അതിന്റെ പിന്നിൽ മംഗോളിയക്കാരാണെന്ന അഭിപ്രായം ഉയരുകയുണ്ടായി. കാഫ നഗരം കീഴടക്കാനെത്തിയ മംഗോളിയൻ സൈന്യം പ്ലേഗ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ വിക്ഷേപണ സംവിധാനങ്ങൾ ഉപയോഗിച്ച് ജനങ്ങൾക്കിടയിലേക്ക് എയ്തുവിട്ടതാണ് പ്ലേഗ് പടരാനിടയാക്കിയതെന്നാണ് പ്രചരിപ്പിക്കപ്പെട്ടിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ജർമനിയിലും ജപ്പാനിലും അമേരിക്കയിലും ബ്രിട്ടനിലും റഷ്യയിലും ആന്ത്രാക്‌സ് പോലുള്ള ജൈവായുധങ്ങൾ ഉപയോഗിച്ചിരുന്നുവത്രെ. 2014ൽ ലൈബീരിയയിൽ നിന്നെത്തിയ നാൽപ്പത്തഞ്ചുകാരനായ തോമസ് എറിക് ഡങ്കൻ എബോള ബാധിച്ചു മരിച്ചപ്പോൾ അതിന്റെ പിന്നിൽ ഐ എസിനെ സംശയിച്ചിരുന്നു അമേരിക്ക. എബോള വൈറസ് കുത്തിവെച്ചോ മറ്റ് വിധേനയോ രോഗബാധിതരായ തങ്ങളുടെ ചാവേറുകളെ ശത്രുരാജ്യങ്ങളിലേക്ക് അയക്കാനുള്ള പദ്ധതി ഐ എസിനുണ്ടാകാമെന്നും അതിന്റെ ഭാഗമായിരിക്കാം ലൈബീരിയയിൽ നിന്നെത്തിയ രോഗിയെന്നുമായിരുന്നു സംശയിക്കപ്പെട്ടിരുന്നത്. ഐ എസ് പോരാളികൾ ആത്മഹത്യക്ക് മടിയില്ലാത്തവരാണെന്നും അവർ ഇതിനുള്ള സാധ്യതകളെ കുറിച്ച് ബോധവാൻമാരാണെന്നും ബക്കിംഗ്ഹാം യൂനിവേഴ്സിറ്റിയിലെ സെന്റർ ഫോർ സെക്യൂരിറ്റി ആൻഡ് ഇന്റലിജൻസ് സ്റ്റഡീസ് ഡയറക്ടർ പ്രൊഫസർ അന്തോണി ഗ്ലീസ് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
1763ലെ പോണ്ടിയാക്ക് യുദ്ധകാലത്ത് (ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ അമേരിക്കൻ ജനത നടത്തിയ ചെറുത്ത് നിൽപ്പ്) അമേരിക്കൻ ഗോത്രവർഗക്കാർക്കിടയിൽ ബാധിക്കുകയും നാല് ലക്ഷത്തിൽ കൂടുതൽ പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത വസൂരി രോഗം ബ്രിട്ടീഷുകാർ പ്രയോഗിച്ച ജൈവായുധമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. മുയലുകളിൽ നിന്ന് പകരുന്ന ടുലറീമിയ (tularemia) പനി ബാധിച്ചവരെ ശത്രുരാജ്യങ്ങളിലേക്കയച്ച് അവിടെ രോഗം പടർത്തുന്ന രീതി ബി സി 1500- 1200 കാലത്തു നടന്നിരുന്നതായി ഹിറ്റിറ്റെ ഭാഷയിൽ എഴുതപ്പെട്ട ചില ചരിത്ര രേഖകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിൽ ചൈനക്കെതിരെ ജപ്പാൻ ജൈവായുധങ്ങൾ ഉപയോഗിച്ചിരുന്നു. വിമാനങ്ങൾ വഴി പ്ലേഗ് ഉൾപ്പെടെയുള്ള മാരക രോഗങ്ങൾ പടർത്തുന്ന വൈറസുകൾ അടങ്ങിയ വസ്ത്രങ്ങളും ബോംബുകളും ചൈനക്കാർക്കിടയിൽ വർഷിച്ചും രോഗം ബാധിച്ച എലികളെ കടത്തിവിട്ടുമായിരുന്നുവത്രെ ഈ ജൈവയുദ്ധം. ജൈവായുധം ഉപയോഗിച്ചുള്ള ആക്രമണങ്ങൾക്കെതിരായ പരീക്ഷണങ്ങൾക്ക് വൻതുക നീക്കിവെച്ചുകൊണ്ടുള്ള പ്രതിരോധ പദ്ധതിയിൽ 2004ൽ അന്നത്തെ യു എസ് പ്രസിഡന്റ് ജോർജ് ബുഷ് ഒപ്പുവെച്ചിരുന്നുവെന്നത് ഇത്തരമൊരു ആക്രമണത്തിന് രാജ്യങ്ങൾ എത്രത്തോളം സാധ്യത കൽപ്പിക്കുന്നുണ്ടെന്നതിന് തെളിവാണ്. 1935ൽ ബ്രിട്ടീഷ് എഴുത്തുകാരനായ നൈൽ ഗ്രാന്റ്, ദി ലാസ്റ്റ് വാർ (അവസാന യുദ്ധം) എന്നൊരു നാടകമെഴുതിയിട്ടുണ്ട്. ലോകത്തെ പ്രബല രാജ്യങ്ങൾ തമ്മിൽ നടന്ന ഒരു യുദ്ധത്തിൽ ബാക്ടീരിയകളും വൈറസുകളും ഉപയോഗിച്ച് പരസ്പരം ജൈവായുധങ്ങൾ പ്രയോഗിക്കുന്നു. ഈ വൈറസുകൾ ശത്രുരാജ്യങ്ങളിൽ മാത്രമല്ല ഭൂമി മുഴുവൻ വ്യാപിച്ചു മനുഷ്യ കുലത്തെ സമ്പൂർണമായി ഭൂമിയിൽ നിന്ന് തുടച്ചു നീക്കുന്നു. മനുഷ്യരില്ലാതായ ഭൂമിയിൽ കുറെ മൃഗങ്ങൾ ഒരുമിച്ചുകൂടി സമ്മേളനം നടത്തുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം. 87 വർഷങ്ങൾക്ക് മുമ്പ് രചിക്കപ്പെട്ടതാണെങ്കിലും ഇക്കാലത്തും പ്രസക്തമാണ് ഈ പ്രമേയം. കൊറോണ സ്വയം ജന്മം കൊണ്ടതാണോ അതോ പരിധിവിട്ട സങ്കേതികവത്കരണത്തിന്റെ പരിണതിയാണോ എന്നത് ഇനിയും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു.
source https://www.sirajlive.com/origin-of-corona-from-the-us.html
Post a Comment