കൊച്ചി | അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാൽ അധികാരികൾ നടത്തുന്ന അന്വേഷണം തടയാനാകില്ലെന്ന് ഹൈക്കോടതി. അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പരാതിയിൽ ട്രാവൻകൂർ കൊച്ചിൻ കൗൺസിൽ ഓഫ് മോഡേൺ മെഡിസിൻ എന്ന സ്ഥാപനം നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്. കൊച്ചി സ്വകാര്യ ആശുപത്രിയിലെ നാല് ഡോക്ടർമാർ സമർപ്പിച്ച അപ്പീൽ കോടതി തള്ളി. അന്വേഷണം നടത്തുന്നതിന് ഒരു തടസ്സവുമില്ലെന്നും ഹരജിക്കാരുടെ വാദം നിലനിൽക്കില്ലെന്നും ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.
അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കൊല്ലം സ്വദേശിയായ ഡോക്ടറാണ് പരാതി നൽകിയത്. ഇതേത്തുടർന്ന് പുറപ്പെടുവിച്ച കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്നും ആരോപണം അപകീർത്തികരവും തെറ്റുമാണെന്നും ഹരജിക്കാർ വാദിച്ചു. പരാതിയിൽ മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നും ഇതിൽ അന്വേഷണം നടക്കുന്നതിനിടെ കൗൺസിൽ സമാന വിഷയത്തിൽ നോട്ടീസ് നൽകിയെന്നും ഹരജിക്കാർ അറിയിച്ചു. ഹരജി സിംഗിൾ ബഞ്ച് തള്ളിയതിനെ തുടർന്നാണ് ഡോക്ടർമാർ അപ്പീൽ സമർപ്പിച്ചത്.
എന്നാൽ, ട്രാവൻകൂർ കൊച്ചി കൗൺസിൽ ഓഫ് മോഡേൺ മെഡിസിൻ അന്വേഷണത്തിനായി നൽകിയ നോട്ടീസ് നിയമപരമാണെന്ന് ഡിവിഷൻ ബഞ്ച് വിലയിരുത്തി. പരാതി ലഭിച്ചാൽ 1994ലെ അവയവമാറ്റ ശസ്ത്രക്രിയാ നിയമവും 2002ലെ എത്തിക്‌സ് റെഗുലേഷൻസും അനുസരിച്ച് അന്വേഷിക്കാൻ അതോറിറ്റിക്ക് നിയമപരമായ അധികാരമുണ്ട്. അന്വേഷണം നടത്തിയാൽ മാത്രമേ സത്യവും പരാതിയിലെ ആരോപണങ്ങളുടെ യാഥാർഥ്യവും കണ്ടെത്താനാകൂവെന്നും കോടതി ചൂണ്ടിക്കാട്ടി.
source https://www.sirajlive.com/organ-transplant-complaint-investigation-unstoppable.html
إرسال تعليق