പൊടുന്നനെയുണ്ടായ നീക്കമല്ല പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡും നേതാക്കളുടെ അറസ്റ്റും സംഘടനയെ നിരോധിച്ച നടപടിയും. പി എഫ് ഐ പ്രവര്‍ത്തനങ്ങളിലെ സുതാര്യമില്ലായ്മയും നിഗൂഢതയും തീവ്രസ്വഭാവവും കാരണം നിരോധന കാര്യം നേരത്തേ തന്നെ സര്‍ക്കാറിന്റെ അജന്‍ഡയിലുള്ളതാണ്. കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ സുപ്രധാന തെളിവുകള്‍ കണ്ടെത്തിയെന്നാണ് വിശദീകരണം. ഇത് നിരോധനത്തിന് വേഗം പകരുകയായിരുന്നു. ബോംബ് നിര്‍മാണം വിശദീകരിക്കുന്ന ബുക് ലെറ്റുകള്‍, ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാനുള്ള ‘മിഷന്‍ 2047’ പദ്ധതിയെക്കുറിച്ചുള്ള സി ഡികള്‍, ലഘുലേഖകള്‍ തുടങ്ങിയവ റെയ്ഡില്‍ പിടിച്ചെടുത്തുവെന്നാണ് എന്‍ ഐ എ വെളിപ്പെടുത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്) ഉള്‍പ്പെടെയുള്ള രാജ്യാന്തര തീവ്രവാദ സംഘടനകളുമായി പി എഫ് ഐക്ക് ബന്ധമുണ്ടെന്നും എന്‍ ഐ എ ആരോപിക്കുന്നു. രാജ്യസുരക്ഷക്കും ക്രമസമാധാനത്തിനും കടുത്ത ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഘടനയെ നിരോധിച്ചത്.
എല്ലാവര്‍ക്കും നീതിയും സ്വാതന്ത്ര്യവും സുരക്ഷയും ലഭ്യമാകുന്ന സമത്വ സമൂഹം സ്ഥാപിക്കുക എന്നതാണ് പോപുലര്‍ ഫ്രണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യമെങ്കിലും തീവ്ര സ്വഭാവമുള്ളതാണ് സംഘടനയുടെ മുദ്രാവാക്യങ്ങളും പ്രവര്‍ത്തനങ്ങളുമെല്ലാം. ജമാഅത്തെ ഇസ്ലാമിയുടെ പോഷക സംഘടനയും തീവ്രവാദം ആരോപിക്കപ്പെട്ട് നിരോധിക്കപ്പെട്ടതുമായ സിമി (സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്‌മെന്റ്) യുടെയും എന്‍ ഡി എഫിന്റെയും വകഭേദമാണ് ഈ സംഘടന. എന്‍ ഡി എഫ് വര്‍ഗീയതയിലൂന്നിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ഇതിനെതിരെ മുസ്ലിം സംഘടനകളില്‍ നിന്നടക്കം കടുത്ത എതിര്‍പ്പ് ഉയര്‍ന്നു വരികയും ചെയ്ത പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ ഫോറം ഫോര്‍ ഡിഗ്നിറ്റി, തമിഴ്‌നാട്ടിലെ മനിത നീതി പാസറെ തുടങ്ങി സമാന സ്വഭാവമുള്ള ചില സംഘടനകളെ കൂടി ചേര്‍ത്ത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന പേര് സ്വീകരിക്കുകയായിരുന്നു. 2010ല്‍ നബിയെ നിന്ദിക്കുന്ന തരത്തിലുള്ള ചോദ്യപേപ്പര്‍ തയ്യാറാക്കിയ തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയതോടെയാണ് സംഘടനയുടെ തീവ്രസ്വഭാവം പുറത്തായത്. ആലപ്പുഴയിലെ റാലിയില്‍ മുഴക്കിയ വിദ്വേഷജനകമായ മുദ്രാവാക്യവും അടുത്തിടെ കോഴിക്കോട് നടന്ന സമ്മേളനത്തില്‍ പോപുലര്‍ ഫ്രണ്ട് നേതാവ് അഫ്സല്‍ ഖാസിമി നടത്തിയ പ്രസംഗവും സംഘത്തിന്റെ തീവ്രത കൂടുതല്‍ പുറത്തുകൊണ്ടുവന്നിരുന്നു.
പോപുലര്‍ ഫ്രണ്ട് നടത്തുന്ന അക്രമങ്ങളെയും കൊലപാതകങ്ങളെയും ന്യായീകരിക്കാനും അണികള്‍ക്ക് തീവ്രസ്വഭാവം പകരാനും പ്രവാചക ചരിത്രം വളച്ചൊടിക്കുകയായിരുന്നു അഫ്സല്‍ ഖാസിമി കോഴിക്കോട് സമ്മേളനത്തില്‍. പ്രവാചകന്റെ ഹൃദയ വിശാലതയും സമാധാന കാംക്ഷയും പ്രകടമാക്കുന്ന, അക്രമികളെ സൗമ്യതയിലൂടെയും സഹിഷ്ണുതയിലൂടെയുമാണ് കീഴ്പ്പെടുത്തേണ്ടതെന്ന സന്ദേശം നല്‍കുന്ന ഒരു സംഭവത്തെ നബി ഒരു പ്രതികാര ദാഹിയായിരുന്നു എന്ന മട്ടിലാണ് ഖാസിമി അവതരിപ്പിച്ചത്. എതിര്‍ പ്രസ്ഥാനക്കാര്‍ക്കെതിരെ ആയുധമെടുത്ത് പോരാടി രക്തസാക്ഷിത്വം വരിക്കണമെന്ന സന്ദേശമാണ് ഇതിലൂടെ അണികള്‍ക്കദ്ദേഹം പകര്‍ന്നു കൊടുത്തത്. സോഷ്യല്‍ മീഡിയയില്‍ പലരും ആശങ്കപ്പെട്ടതു പോലെ, അണികളില്‍ വൈകാരികതയും പ്രതികാര ചിന്തയും വളര്‍ത്താനായി പോപുലര്‍ ഫ്രണ്ട് നേതാവ് പരസ്യ വേദിയില്‍ ചരിത്രത്തെ ഇമ്മട്ടില്‍ വളച്ചൊടിക്കുകയും വികൃതമാക്കുകയും ചെയ്യുമ്പോള്‍ തങ്ങളുടെ രഹസ്യ യോഗങ്ങളിലും ക്യാമ്പുകളിലും ഇവര്‍ നടത്തുന്ന പ്രസംഗങ്ങള്‍ എത്ര തീവ്രമായിരിക്കും? ചരിത്രത്തെ എത്രത്തോളം വികലമാക്കി അവതരിപ്പിക്കുന്നുണ്ടാകണം?
തീവ്രവാദത്തിന്റെയും വര്‍ഗീയ പ്രവര്‍ത്തനങ്ങളുടെയും പേരില്‍ സംഘടന നിരോധിക്കപ്പെടുന്നത് ഇതാദ്യമല്ല. നേരത്തേ ആര്‍ എസ് എസ്, വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്്ദള്‍, ജമാഅത്തെ ഇസ്ലാമി, സിമി തുടങ്ങിയ സംഘടനകള്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്. പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ച നടപടി രാഷ്ട്രീയ, സാമൂഹിക തലങ്ങളില്‍ വ്യത്യസ്ത പ്രതികരണങ്ങളാണ് ഉളവാക്കിയത്. വര്‍ഗീയ സംഘടനകളെ നിരോധിക്കുകയല്ല, രാഷ്ട്രീയമായി ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്നാണ് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറയുന്നത്. ആര്‍ എസ് എസിനെ രാജ്യത്ത് മൂന്ന് തവണ നിരോധിച്ചല്ലോ. എന്നിട്ടെന്തായി എന്നും അദ്ദേഹം ചോദിക്കുന്നു. കോണ്‍ഗ്രസ്സ് നേതാവ് എ കെ ആന്റണിയുടെ വീക്ഷണത്തിലും നിരോധനം ഒന്നിനും പരിഹാരമല്ല. തീവ്രവാദ സംഘടനകളുടെ തീവ്രവും വര്‍ഗീയവുമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
നിരോധനത്തിന്റെ മുന്‍കാല ചരിത്രങ്ങളും ഫലപ്രാപ്തിയും വിലയിരുത്തുമ്പോഴും രാഷ്ട്രീയവും ഭരണപരവുമായ നടപടികളാണ് നിരോധനത്തിലുപരി ഫലപ്രദമെന്നു കണ്ടെത്താനാകും. നേരത്തേ നിരോധിച്ച സംഘടനകള്‍ പലതും അതേ പേരില്‍, അല്ലെങ്കില്‍ പുതിയ പേരുകളില്‍ പഴയതിനേക്കാള്‍ കൂടുതല്‍ തീവ്രമായ ആശയങ്ങളുമായി ഇപ്പോഴും രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
ആര്‍ എസ് എസിന്റെയും ഇതര സംഘ്പരിവാര്‍ സംഘടനകളുടെയും വര്‍ഗീയ, തീവ്രവാദ പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് മതന്യൂനപക്ഷങ്ങളിലെ ഒരുപറ്റമാളുകള്‍ തീവ്രവാദത്തിലേക്ക് തിരിയാന്‍ കാരണം. ഭരണകൂടത്തെയും കോടതിയെയും നോക്കുകുത്തിയാക്കി കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തതും ഗുജറാത്തിലെ വംശഹത്യയും പശുവിന്റെ പേരില്‍ ഉത്തരേന്ത്യയിലെമ്പാടും സംഘ്പരിവാര്‍ നടത്തി വരുന്ന അതിക്രമങ്ങളും, പൗരത്വം, കശ്മീര്‍ തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാര്‍ സ്വീകരിച്ച ജനാധിപത്യ മൂല്യങ്ങളെ നിരാകരിക്കുന്ന നിലപാടുമൊക്കെയാണ് ന്യൂനപക്ഷ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേരോട്ടമുണ്ടാക്കുന്നത്. ഹിന്ദുത്വരുടെ അത്തരം തീവ്രവാദ, ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു തടയിടുക വഴി ന്യൂനപക്ഷ സമുദായങ്ങളുടെ വിശ്വാസം പിടിച്ചു പറ്റുകയും അവരുടെ ആശങ്ക അകറ്റുകയുമാണ് ഇതിനുള്ള പരിഹാരം.
source https://www.sirajlive.com/when-the-popular-front-was-banned.html
إرسال تعليق