വേണം, ഇഴയടുപ്പമുള്ള രാഷ്ട്രീയ സഖ്യങ്ങള്‍

ന്ത്യന്‍ ജനാധിപത്യം “തിരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യ’മായി അധഃപതിക്കുകയാണെന്ന് ആഗോളതലത്തില്‍ നിരവധി വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. കൃത്യമായ ഇടവേളകളില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ജനാഭിലാഷം പുലരുമെന്നും തിരുത്തല്‍ പ്രക്രിയ നടക്കുമെന്നുമുള്ള ശുഭാപ്തി വിശ്വാസം മാത്രമാണ് ഈ വിദഗ്ധര്‍ക്ക് നല്‍കാവുന്ന ദുര്‍ബലമായ മറുപടി. അതത് കാലത്ത് ഭരിക്കുന്നവരുടെ നയസമീപനങ്ങള്‍ ശരിയായ നിലയില്‍ വിലയിരുത്തി യുക്തമെന്ന് തോന്നുന്നുവെങ്കില്‍ തുടര്‍ച്ച നല്‍കുകയും ജനവിരുദ്ധമെങ്കില്‍ വലിച്ചു താഴെയിടുകയും ചെയ്യാന്‍ വോട്ടെടുപ്പ് പ്രക്രിയക്ക് കെല്‍പ്പുണ്ടെന്നതാണ് ആ വിശ്വാസത്തിന്റെ അടിസ്ഥാനം. എന്നാല്‍ ഭൂരിപക്ഷത്തിന്റെ തീര്‍പ്പ് എല്ലായ്‌പ്പോഴും ജനപക്ഷത്തായിരിക്കില്ലെന്ന സന്ദേശമാണ് തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ നല്‍കുന്നത്. ജനാധിപത്യവിരുദ്ധമായ നയനിലപാടുകള്‍ ജനാധിപത്യത്തിന്റെ സങ്കേതങ്ങള്‍ ഉപയോഗിച്ച് തന്നെ ശക്തിയാര്‍ജിക്കുകയാണ്. തികച്ചും മനുഷ്യത്വവിരുദ്ധമായ നയങ്ങള്‍ പച്ചയായി വിളിച്ചു പറയുകയും വര്‍ഗീയ വിഭജന തന്ത്രങ്ങള്‍ ഒരു മറയുമില്ലാതെ പയറ്റുകയും ചെയ്യുന്നവര്‍ വോട്ടെടുപ്പുകളില്‍ വിജയം ആവര്‍ത്തിക്കുന്നുവെങ്കില്‍ അതിനര്‍ഥമെന്താണ്? ജനാധിപത്യം അക്കങ്ങളുടെ കളിയാകുകയും പണമെറിയാനും മനുഷ്യരെ പല തട്ടുകളായി തിരിക്കാനും കെല്‍പ്പുള്ളവര്‍ ഈ കളിയില്‍ ജയിക്കുകയും ചെയ്യുമ്പോള്‍ ഇരകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ദുര്‍ബലര്‍ക്കും എന്ത് പ്രതീക്ഷയാണുള്ളത്.

ഇന്ത്യയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അനുദിനം ദുര്‍ബലമായിക്കൊണ്ടിരിക്കുകയും അവയിലെ നേതാക്കള്‍ ഓരോ കാരണം പറഞ്ഞ് മറുകണ്ടം ചാടുകയും ചെയ്യുമ്പോള്‍ ഏക പാര്‍ട്ടി സമഗ്രാധിപത്യത്തിന്റെ കാലൊച്ചയാണ് കേള്‍ക്കുന്നത്. ഈ പ്രതിസന്ധിയെ രാജ്യം മറികടന്നേ തീരൂ. വിയോജിക്കാനുള്ള അവകാശവും കെല്‍പ്പുമാണ് പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ അടിത്തറ. ഈ അടിത്തറ തകര്‍ന്നടിയുന്നത് ബി ജെ പി ഇതര പാര്‍ട്ടികളുടെ നേതാക്കള്‍ തിരിച്ചറിയുകയും മറു തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ തുടങ്ങുകയും ചെയ്യുന്നുവെന്നത് ഏറെ പ്രതീക്ഷാ നിര്‍ഭരമാണ്. ഇത്തരമൊരു നീക്കത്തിന്റെ ഭാഗമായുള്ള കൂടിക്കാഴ്ചകളാണ് ഇക്കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ ഐക്യം സാധ്യമാക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവും ബിഹാര്‍ മുഖ്യമന്ത്രിയും ജെ ഡി യു നേതാവുമായ നിതീഷ് കുമാറും കോണ്‍ഗ്രസ്സ് നേതാവ് സോണിയാ ഗാന്ധിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തുകയുണ്ടായി. അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഈ മൂന്ന് പാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. സാധ്യമായ മേഖലകളിലെല്ലാം കൈകോര്‍ക്കണമെന്നും അതിനുള്ള വഴി ആരായണമെന്നുമാണ് ചര്‍ച്ചയുടെ പൊതു വികാരം. പ്രതിപക്ഷ പാളയത്തെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ വിട്ടുവീഴ്ചകള്‍ കോണ്‍ഗ്രസ്സിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് സോണിയയോട് ലാലുവും നിതീഷും ആവശ്യപ്പെടുകയുമുണ്ടായി. വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ആശയപരമായും രാഷ്ട്രീയമായും ഭിന്നതകളുണ്ട്. എന്നാല്‍, ബി ജെ പി വിരുദ്ധത എന്ന ഒറ്റക്കാര്യം മുന്‍ നിര്‍ത്തി എല്ലാവരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരണമെന്നാണ് ഇരുവരും ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ്സ്‌വിരുദ്ധ സമീപനം സ്വീകരിക്കുന്ന പ്രാദേശിക പാര്‍ട്ടികളെയും പ്രതിപക്ഷ ഐക്യമുന്നണിയില്‍ കൊണ്ടുവരുന്നതില്‍ തടസ്സം നില്‍ക്കരുതെന്നും ഇരുവരും സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെലങ്കാനയിലെ ടി ആര്‍ എസ്, ആന്ധ്രാപ്രദേശിലെ വൈ എസ് ആര്‍ കോണ്‍ഗ്രസ്സ്, ഹരിയാനയിലെ ഐ എന്‍ എല്‍ ഡി, കേരളത്തിലെ ഇടതു പാര്‍ട്ടികള്‍, സമാജ്്വാദി പാര്‍ട്ടി, ബി എസ് പി, ബിജു ജനതാദള്‍, ജമ്മു കശ്മീര്‍ പി ഡി പി, നാഷനല്‍ കോണ്‍ഫറന്‍സ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ പ്രതിപക്ഷ നിരയിലേക്ക് കൊണ്ടുവരുന്നതിനുള്ള വിട്ടുവീഴ്ചക്ക് കോണ്‍ഗ്രസ്സ് തയ്യാറാകണമെന്നാണ് പൊതു ആവശ്യം. തുടര്‍ ചര്‍ച്ചകള്‍ക്ക് സാധ്യതയിട്ടുകൊണ്ടാണ് നേതാക്കള്‍ പിരിഞ്ഞത്. കോണ്‍ഗ്രസ്സിന് പുതിയ അധ്യക്ഷനെ കണ്ടെത്തിയതിന് ശേഷം, പത്ത് ദിവസത്തിനുള്ളില്‍ വീണ്ടും കൂടിക്കാഴ്ച നടത്താമെന്ന് സോണിയാ ഗാന്ധി അറിയിച്ചതായി ലാലു പ്രസാദ് യാദവ് പറഞ്ഞു. ബിഹാറില്‍ ബി ജെ പി സഖ്യം ഉപേക്ഷിച്ച് ജെ ഡി യു മഹാസഖ്യ ചേരിയിലേക്ക് ചേക്കേറുകയും സഖ്യത്തിന്റെ നേതാവായി നിതീഷ് കുമാര്‍ മുഖ്യമന്ത്രിപദത്തിലിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഈ ചര്‍ച്ച. ഐ എന്‍ എല്‍ ഡി നേതാവും ഹരിയാന മുന്‍ മുഖ്യമന്ത്രിയുമായ ഓംപ്രകാശ് ചൗട്ടാലയുടെ നേതൃത്വത്തില്‍ ഹരിയാനയിലെ ഫത്തേഹാബാദില്‍ സംഘടിപ്പിച്ച റാലി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ സംഗമ വേദിയാകുകയും ചെയ്തു. നിതീഷ് കുമാര്‍ ഏതാനും ആഴ്ച മുമ്പ് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഓം പ്രകാശ് ചൗട്ടാല, സമാജ്‌വാദി പാര്‍ട്ടി നേതാക്കളായ മുലായം സിംഗ് യാദവ്, അഖിലേഷ് തുടങ്ങിയവരുമായെല്ലാം അദ്ദേഹം ആശയവിനിയമം നടത്തി.

ഈ ഘട്ടത്തില്‍ ഉയരുന്ന പ്രസക്തമായ ചില ചോദ്യങ്ങളുണ്ട്. ഈ പാര്‍ട്ടികളെ വിശ്വസിക്കാന്‍ കൊള്ളുമോ? ബി ജെ പിയുമായി കൈകോര്‍ത്തവരല്ലേ ഇവര്‍? അധികാര മോഹമല്ലാതെ മറ്റെന്താണ് ഈ നേതാക്കളെ നയിക്കുന്നത്? തത്കാലം ഈ ചോദ്യങ്ങളെ അവഗണിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് ഇന്ത്യയുടെ വര്‍ത്തമാനകാല രാഷ്ട്രീയ യാഥാര്‍ഥ്യം. അര്‍ഥവത്തായ സഖ്യങ്ങള്‍ ഉയര്‍ന്നു വരിക തന്നെ വേണം. രാജ്യത്തിന്റെ തനതായ മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന ആര്‍ക്കും മറ്റെന്ത് അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ഒരുമിക്കാനാകും. അത് പക്ഷേ, തിരഞ്ഞെടുപ്പിന്റെ തലേ ദിവസം സംഭവിക്കേണ്ട ഒന്നല്ല. പലപ്പോഴും ഇത്തരം സഖ്യങ്ങള്‍ പൊളിഞ്ഞു പാളീസാകുന്നത് അവസാന നിമിഷം തട്ടിക്കൂട്ടുന്നവയായത് കൊണ്ടാണ്. ജനങ്ങളുടെ വിശ്വാസമാര്‍ജിക്കുന്നതാകണം രാഷ്ട്രീയ സഖ്യങ്ങള്‍. താഴേത്തട്ടിലെ പ്രവര്‍ത്തകരിലേക്ക് ഐക്യ സന്ദേശമെത്തണം. അതിന് പൊതു മിനിമം അജന്‍ഡ നിശ്ചയിച്ച് നേരത്തേ പ്രവര്‍ത്തന ഗോദയിലിറങ്ങണം. സമരമുഖങ്ങളില്‍ ഒന്നിക്കണം. നേതാക്കള്‍ ഒരുമിച്ച് ജനങ്ങളിലേക്കിറങ്ങണം. രാജ്യം നേരിടുന്ന അപകടങ്ങള്‍ അവര്‍ തുറന്ന് സംസാരിക്കണം. അപ്പോള്‍ സഖ്യത്തിന് ഇഴയടുപ്പമുണ്ടാകും. ജനങ്ങള്‍ വിശ്വസിക്കും. ഈ നീക്കത്തിന് നേതൃത്വം കൊടുക്കേണ്ടത് മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്സാണ്. സഖ്യചര്‍ച്ചകള്‍ പ്രതീക്ഷ പകരുമ്പോഴും രാജസ്ഥാനില്‍ നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ അങ്ങേയറ്റം നിരാശാജനകമാകുന്നത് അതുകൊണ്ടാണ്.



source https://www.sirajlive.com/we-need-tight-political-alliances.html

Post a Comment

أحدث أقدم