ഗവര്‍ണറുടെ വര്‍ധിത വീര്യത്തിനു പിന്നില്‍

ര്‍ക്കാറുമായുള്ള പോരില്‍ പുതിയ ആയുധവുമായി രംഗത്തു വന്നിരിക്കുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ മാറ്റണമെന്നാണ് അദ്ദേഹത്തിന്റെ പുതിയ ഡിമാന്‍ഡ്. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരിക്കുകയാണ് അദ്ദേഹം. ധനമന്ത്രി തന്നെ അപമാനിക്കുന്ന തരത്തില്‍ പ്രസംഗിച്ചുവെന്നാണ് അദ്ദേഹത്തിന്റെ പരാതി. “50ല്‍ കൂടുതല്‍ സെക്യൂരിറ്റിമാരാണ് യു പിയിലെ വൈസ് ചാന്‍സലര്‍ക്കുള്ളത്. ഇത്തരം സാഹചര്യം ശീലിച്ചു വന്നവര്‍ക്ക് കേരളത്തിലെ കാര്യം മനസ്സിലാക്കാന്‍ സാധിക്കില്ലെ’ന്നായിരുന്നു ബാലഗോപാലിന്റെ പരാമര്‍ശം. ഇതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. ഈ പ്രസ്താവന രാജ്യദ്രോഹപരമാണെന്നും ദേശീയതയെ പോലും ചോദ്യം ചെയ്യുന്നതാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തുന്നു. തന്നെ വിമര്‍ശിക്കുന്ന മന്ത്രിമാരെ പുറത്താക്കുമെന്ന് ഗവര്‍ണര്‍ നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആവശ്യം നിരസിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. ധനമന്ത്രിയുടെ പരാമര്‍ശം ഗവര്‍ണറെ അപകീര്‍ത്തിപ്പെടുത്തുന്നതല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നേരത്തേ വിവിധ ഓര്‍ഡിനന്‍സുകളില്‍ ഒപ്പുവെക്കാതെ സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിരുന്നു ഗവര്‍ണര്‍. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്ത് ഓര്‍ഡിനന്‍സുകള്‍ക്കാധാരമായ ബില്ലുകള്‍ പാസ്സാക്കിയാണ് സര്‍ക്കാര്‍ ആ പ്രതിസന്ധി മറികടന്നത്. വി സിമാര്‍ക്കെതിരായ ഗവര്‍ണറുടെ നീക്കം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ രാജിവെക്കണമെന്ന നിലപാടില്‍ നിന്ന് അദ്ദേഹം പിറകോട്ടു പോയിട്ടില്ല. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും കൂടുതല്‍ വി സിമാരോട് രാജിവെക്കാന്‍ ഒരു ഗവര്‍ണര്‍ ആവശ്യപ്പെടുന്നത്. എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനു പിന്നാലെയായിരുന്നു ഗവര്‍ണറുടെ ഈ നടപടി. പുറത്താക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ നവംബര്‍ മൂന്നിനകം അറിയിക്കണമെന്നാവശ്യപ്പെട്ട് വി സിമാര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുമുണ്ട്. നവംബര്‍ മൂന്ന് കഴിഞ്ഞാല്‍ ഗവര്‍ണര്‍ കൂടുതല്‍ കടുത്ത നടപടികളിലേക്കു നീങ്ങുമെന്നാണ് നിരീക്ഷകരുടെ കണക്കുകൂട്ടല്‍. രാജി ആവശ്യപ്പെട്ടുള്ള ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്യണമെന്നും വി സിമാരോട് രാജി ആവശ്യപ്പെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നു വ്യക്തമാക്കണമെന്നുമുള്ള വി സിമാരുടെ ആവശ്യം ഹൈക്കോടതി അംഗീകരിക്കാത്ത സാഹചര്യത്തില്‍ വിശേഷിച്ചും. “തെറ്റായ ആളുകള്‍ ഇത്തരം സ്ഥാനങ്ങളില്‍ വരുന്നത് തെറ്റാണ.് യോഗ്യത ഇല്ലാത്തവര്‍ സ്ഥാനത്തു തുടരുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന’ ഹൈക്കോടതിയുടെ പരാമര്‍ശവും ഗവര്‍ണര്‍ക്കു പിടിവള്ളിയാണ്.

സംസ്ഥാനത്ത് വി സിമാരുടെ നിയമനത്തില്‍ ചില അപാകതകളും യു ജി സി ചട്ടങ്ങളുടെ ലംഘനവും നടന്നിട്ടുണ്ടെന്നത് വസ്തുതയാണ്. സാധാരണ ഗതിയില്‍ എല്ലാ സംസ്ഥാനത്തും ഏത് സര്‍ക്കാറുകളും നടത്താറുള്ളതാണ് ഇത്തരം ചട്ടലംഘനങ്ങള്‍. മാത്രമല്ല മുഖ്യമന്ത്രി പറഞ്ഞതു പോലെ യു ജി സി ചട്ടം ലംഘിച്ചാണ് വി സി നിയമനമെങ്കില്‍ ഗവര്‍ണര്‍ക്കാണ് അതിന്റെ പ്രാഥമിക ഉത്തരവാദിത്വവും. സാധാരണ ഗതിയില്‍ ഗവര്‍ണര്‍മാര്‍ ഇത്തരം ചട്ടലംഘനങ്ങള്‍ക്കു നേരേ കണ്ണുചിമ്മുകയാണ് പതിവ്. എന്നാല്‍ ആരിഫ് മുഹമ്മദ് ഖാന് അതിനു കഴിയില്ല. കാരണം ചില പ്രത്യേക രാഷ്ട്രീയ അജന്‍ഡകളോടെയാണ് മോദി സര്‍ക്കാര്‍ ഖാനെ കേരളത്തിലേക്കയച്ചതെന്നാണ് അദ്ദേഹത്തിന്റെ തുടക്കം മുതലേയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് വായിച്ചെടുക്കാനാകുന്നത്. സംസ്ഥാനത്ത് ഏത് നിലയിലെങ്കിലും ഒരു രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച് കേന്ദ്ര സര്‍ക്കാറിന് ഇടപെടാനും പിരിച്ചു വിടാനുമുള്ള വഴിയൊരുക്കുകയാണ് ഖാന്റെ ദൗത്യമെന്നാണ് കരുതേണ്ടത്. ഇന്നലെ ബി ജെ പി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി നടത്തിയ പ്രസ്താവന ഇതിലേക്കുള്ള വ്യക്തമായ ചൂണ്ടുപലകയാണ്. “ഭരണഘടന പ്രകാരം ഗവര്‍ണര്‍ രാഷ്ട്രപതിയെയും അതുവഴി കേന്ദ്ര സര്‍ക്കാറിനെയും പ്രതിനിധാനം ചെയ്യുന്നുവെന്ന് ഭ്രാന്തന്‍ കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചറിയണമെന്നും ഗവര്‍ണറുടെ രോമത്തില്‍ തൊട്ടാല്‍ സംസ്ഥാന സര്‍ക്കാറിനെ പിരിച്ചു വിടാന്‍ മോദി സര്‍ക്കാര്‍ സന്നദ്ധമാകണ’മെന്നുമായിരുന്നു ട്വീറ്റിലൂടെ സ്വാമി ആവശ്യപ്പെട്ടത്.

ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതുമായുള്ള കൂടിക്കാഴ്ചക്കു ശേഷമാണ് ഗവര്‍ണര്‍ പിണറായി സര്‍ക്കാറിനെതിരെ കൈവിട്ട കളിക്ക് മുന്നോട്ടു വന്നതെന്നതും ശ്രദ്ധേയമാണ്. ഒമ്പത് വൈസ് ചാന്‍സലര്‍മാരുടെ രാജി ഒറ്റയടിക്ക് ഗവര്‍ണര്‍ ആവശ്യപ്പെട്ടതും രാജിവെച്ചില്ലെങ്കില്‍ പുറത്താക്കാന്‍ എടുത്ത തീരുമാനവും വ്യക്തമായ അജൻഡ മുന്‍ നിര്‍ത്തിയായിരിക്കണം. വി സിമാര്‍ രാജിവെച്ചാല്‍ ആര്‍ എസ് എസ് അനുകൂലികളെ സര്‍വകലാശാലയുടെ തലപ്പത്തു കൊണ്ടുവരികയാകും ഗവര്‍ണറുടെ തുടര്‍ നടപടി. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഇതിനെതിരെ ഇടതുപക്ഷ സംഘടനകളുടെ തീഷ്ണമായ പ്രതിഷേധം അരങ്ങേറും. ഇതിനെ നേരിടാന്‍ കേന്ദ്രസേന എത്തുകയും ക്രമസമാധാനം തകര്‍ന്നെന്നു വരുത്തി പിണറായി സര്‍ക്കാറിനെ പിരിച്ചു വിടാന്‍ കേന്ദ്രത്തിന് അവസരം ലഭിക്കുകയും ചെയ്യും.

ബി ജെ പിയെ സംബന്ധിച്ചിടത്തോളം ഒരു ബാലികേറാമലയാണ് കേരളം. കേന്ദ്രത്തിലെ മോദി സര്‍ക്കാറിന്റെ സ്വാധീനം ഉപയോഗിച്ച് രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും പാര്‍ട്ടി അധീശത്വം സ്ഥാപിക്കുകയും അധികാരത്തിലേറാന്‍ സാധിക്കാത്ത സംസ്ഥാനങ്ങളില്‍ അടിത്തറ നന്നായി മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കേരളം ഇതിനപവാദമാണ്. ഇവിടെ ഹിന്ദുത്വ ഫാസിസത്തിന്റെ ഒരു പരിപ്പും വേവാത്ത അവസ്ഥയാണ്. പണി പതിനെട്ടു പയറ്റിയിട്ടും പരാജയം. മാത്രമല്ല, കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരത്തേ ഉണ്ടായിരുന്ന ഒരു എം എല്‍ എ സ്ഥാനവും നഷ്ടമാകുകയുണ്ടായി ബി ജെ പിക്ക്. ഇപ്പോഴത്തെ കളിയില്‍ സര്‍ക്കാറിന്റെ എതിര്‍ ചേരിയില്‍ പ്രത്യക്ഷത്തില്‍ ഗവര്‍ണറാണെങ്കിലും പിന്നില്‍ കളിക്കുന്നത് ആര്‍ എസ് എസും ബി ജെ പിയും ആണ്. അതാണ് ഗവര്‍ണറുടെ വര്‍ധിത വീര്യത്തിന്റെ രഹസ്യവും.



source https://www.sirajlive.com/behind-the-increased-vigor-of-the-governor.html

Post a Comment

Previous Post Next Post