മില്ലർ- ഡികോക്ക് കരുത്തിൽ പൊരുതിയെങ്കിലും ലക്ഷ്യം കാണാതെ ദക്ഷിണാഫ്രിക്ക; ഇന്ത്യക്ക് ജയം, പരമ്പര

ഗുവാഹത്തി | ഇന്ത്യയുയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക പാതിവഴിയില്‍ ഇടറി വീണു. 238 എന്ന ലക്ഷ്യത്തിലേക്ക് ദക്ഷിണാഫ്രിക്ക പൊരുതിയെങ്കിലും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് എടുക്കാനാണ് അവര്‍ക്ക് സാധിച്ചത്. 16 റണ്‍സിനാണ് ഇന്ത്യന്‍ ജയം. ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറിൻ്റെ സെഞ്ചുറി (47 ബോളിൽ നിന്ന് 106) വിഫലമായി.

ഒരു റണ്‍സിന് രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്ക മറ്റൊരു തകര്‍ച്ച മുന്നില്‍ കണ്ടെങ്കിലും ക്വിന്റന്‍ ഡി കോക്കും ഡേവിഡ് മില്ലറും ഐഡന്‍ മാര്‍ക്രമും തകര്‍പ്പനടികളിലൂടെ നാണക്കേടില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. ഡികോക്ക് പുറത്താകാതെ 69 റണ്‍സ് നേടി. അര്‍ശ്ദീപ് സിംഗ് രണ്ട് വിക്കറ്റെടുത്തു. അക്‌സര്‍ പട്ടേലിനാണ് മറ്റൊരു വിക്കറ്റ്.

സൂര്യകുമാര്‍- കെ എല്‍ രാഹുല്‍- വിരാട് കോലിമാരുടെ തകര്‍പ്പനടിയിലാണ് ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20യില്‍ 238 റണ്‍സ് വിജയലക്ഷ്യം ഇന്ത്യയുയർത്തിയത്. മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 237 റണ്‍സെടുത്തത്. സൂര്യയും രാഹുലും അര്‍ധ സെഞ്ചുറി നേടി. കേവലം 22 ബോളില്‍ നിന്ന് 61 റണ്‍സ് നേടി സൂര്യകുമാര്‍ ടോപ് സ്‌കോററായി.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓപണര്‍മാരായ കെ എല്‍ രാഹുലും രോഹിത് ശര്‍മയും തകര്‍പ്പനടികളിലൂടെ മികച്ച തുടക്കം നല്‍കി. പിന്നാലെ വന്ന സൂര്യകുമാറും വിരാട് കോലിയും അത് തുടരുകയായിരുന്നു. 28 ബോളില്‍ നിന്ന് 57 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. 37 ബോളില്‍ നിന്ന് 43 റണ്‍സുമായി രോഹിത് ശര്‍മ പിന്തുണ നല്‍കി. 28 ബോളില്‍ നിന്നാണ് കോലി 49 റണ്‍സെടുത്തത്. ഏഴ് ബോളില്‍ നിന്ന് ദിനേശ് കാര്‍ത്തിക് 17 റണ്‍സുമെടുത്തു. കേശവ് മഹാരാജിനാണ് രണ്ട് വിക്കറ്റുകള്‍. ദക്ഷിണാഫ്രിക്കന്‍ ബോളിംഗ് നിരയില്‍ കുറവ് അടികൊണ്ടതും കേശവിനാണ്. നാല് ഓവറില്‍ 23 റണ്‍സ് മാത്രമാണ് അദ്ദേഹം വിട്ടുകൊടുത്തത്.



source https://www.sirajlive.com/india-beats-south-africa-in-second-t20-cricket.html

Post a Comment

Previous Post Next Post