വൈവിധ്യമാണ് ഇന്ത്യന്‍ ദേശീയതയുടെ കരുത്ത്. മറ്റ് ദേശരാഷ്ട്രങ്ങള്‍ രൂപപ്പെട്ടുവന്നത് ഭാഷ, മതം, ശത്രുത തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണെങ്കില്‍ അങ്ങനെ പൊതുവായി ഒന്നുമില്ല എന്നതാണ് ഇന്ത്യയുടെ സവിശേഷത. ഇവിടെ ദേശവ്യാപകമായ ഭാഷയില്ല. രാഷ്ട്രത്തിന് ഔദ്യോഗിക മതമില്ല. മറ്റൊരു രാഷ്ട്രവുമായുള്ള ശത്രുതയിലല്ല ഈ രാജ്യം രൂപപ്പെട്ടുവന്നത്. എല്ലാ അര്‍ഥത്തിലും വ്യത്യാസപ്പെട്ടിരിക്കുന്ന ജനതയും ഭൂപ്രകൃതിയും കാലാവസ്ഥയുമുള്ള ഈ രാജ്യത്തിന്റെ ദേശീയത രൂപപ്പെടുത്തിയ ഒരു പൊതു ഘടകമുണ്ടെങ്കില്‍ അത് സാമ്രാജ്യത്വവിരുദ്ധത മാത്രമായിരുന്നു. പാശ്ചാത്യ നാടുകളില്‍ നിന്ന് ജനാധിപത്യം, ദേശീയത, മതേതരത്വം തുടങ്ങിയ ആശയങ്ങള്‍ സ്വീകരിച്ചപ്പോള്‍ അവക്കെല്ലാം ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍ക്കനുസരിച്ചുള്ള നിര്‍വചനം സൃഷ്ടിച്ചത് അതുകൊണ്ടാണ്. ഭരണഘടനയിലെ ഓരോ ആര്‍ട്ടിക്കിളും വൈവിധ്യത്തെ ഉദ്‌ഘോഷിക്കുന്നതാണ്. മതം, ഭാഷ, പ്രാദേശികത, സാംസ്‌കാരികത തുടങ്ങിയ വ്യത്യസ്ത വ്യക്തിത്വങ്ങളെ മുഴുവന്‍ അംഗീകരിച്ച് കൊണ്ടുള്ള അഖണ്ഡ ഭാരത സങ്കല്‍പ്പമാണ് നമ്മുടെ ഭരണഘടനയുടെ അന്തസ്സത്ത. പലമയില്‍ ഒരുമയെന്നത് ഇന്ത്യയെപ്പോലെ അന്വര്‍ഥമാക്കിയ മറ്റൊരു രാജ്യവും ലോകത്തില്ല. ഫെഡറല്‍ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കേന്ദ്രീകൃത ഭരണമെന്ന ആശയത്തിലാണ് രാജ്യത്തിന്റെ കെട്ടുറപ്പ്. ഇതിന് വിരുദ്ധമായി എല്ലാം ഏകീകരിക്കണമെന്ന ശാഠ്യം ഈ രാജ്യത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായിത്തീരും. കേന്ദ്ര സര്‍ക്കാര്‍ ഈയിടെ പ്രഖ്യാപിക്കുന്ന നയങ്ങളോരോന്നും കേന്ദ്രീകരണ സ്വഭാവമുള്ളതാണ്. അക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലത്തേതാണ് പോലീസ് ഉദ്യോഗസ്ഥരുടെ യൂനിഫോം ഏകീകരിക്കുമെന്നത്. പ്രത്യക്ഷത്തില്‍ വേഷത്തിന്റെ പ്രശ്‌നമല്ലേയെന്ന് തോന്നാമെങ്കിലും ഫെഡറല്‍ മൂല്യങ്ങളിലേക്കുള്ള കടന്നുകയറ്റം തന്നെയാണ് അതെന്ന് സൂക്ഷ്മ വിശകലനത്തില്‍ വ്യക്തമാകും.
രാജ്യത്തുടനീളമുള്ള പോലീസ് സേനകള്‍ക്ക് ഏകീകൃത യൂനിഫോം എന്ന ആശയം പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചത് സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും ചിന്തന്‍ ശിബിരത്തിലാണ്. “ഒരു രാജ്യം, ഒരു യൂനിഫോം എന്നത് ഒരു ആശയം മാത്രമാണ്. അത് ഞാന്‍ നിങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നില്ല. അഞ്ചോ അമ്പതോ നൂറോ വര്‍ഷത്തിനുള്ളില്‍ ഇത് സംഭവിക്കാം. എല്ലാ സംസ്ഥാനങ്ങളും ഇതേക്കുറിച്ച് ചിന്തിക്കണം. രാജ്യത്തുടനീളമുള്ള പോലീസിന്റെ ഐഡന്റിറ്റി ഒരുപോലെയായിരിക്കണം. അതുവഴി പൗരന്മാര്‍ക്ക് എവിടെയും പോലീസ് ഉദ്യോഗസ്ഥരെ തിരിച്ചറിയാന്‍ കഴിയും’- പ്രധാനമന്ത്രി വിശദീകരിക്കുന്നു. വളരെ നിഷ്‌കളങ്കമായ ഈ നിര്‍ദേശത്തെ കൂട്ടിവായിക്കേണ്ടത് സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് മേല്‍ കടന്നുകയറുന്ന പ്രവണതയോടാണ്. ക്രമസമാധാന പാലനവും പോലീസിംഗും സംസ്ഥാന വിഷയമാണെന്നിരിക്കെ യു എ പി എ, എന്‍ എസ് എ തുടങ്ങിയ നിയമങ്ങള്‍ വഴിയും എന്‍ ഐ എ, സി ബി ഐ, ഇ ഡി തുടങ്ങിയ ഏജന്‍സികള്‍ വഴിയും കേന്ദ്രം നേരിട്ട് ഇടപെടുന്നത് വര്‍ധിച്ചിട്ടുണ്ട്. കേന്ദ്രാധികാരം സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം ഗവര്‍ണര്‍മാര്‍ വഴിയും ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ വഴിയും തുടരുന്നുവെന്നും കാണാനാകും. യൂനിഫോം മാറുന്നത് കൊണ്ട് പോലീസിംഗില്‍ സംസ്ഥാനങ്ങള്‍ക്കുള്ള സവിശേഷ നിയന്ത്രണത്തിന് ഒന്നും സംഭവിക്കില്ലെന്ന സമാശ്വാസം അപ്പടി സ്വീകരിക്കാനാകില്ല. കാരണം, യൂനിഫോമില്‍ നില്‍ക്കുന്ന ഒന്നല്ല ഈ ഏകീകരണ ആശയം. അത് ഒന്നിന് പിറകേ ഒന്നായി വരികയാണ്. നിതി ആയോഗ് വന്നതും കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും ഏക സിവില്‍ കോഡിനായുള്ള നീക്കങ്ങളും ജി എസ് ടിയുമെല്ലാം ഗൂഢലക്ഷ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതിലേക്ക് ചുവട് വെക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ഔദ്യോഗിക ഭാഷ സംബന്ധിച്ച പാര്‍ലിമെന്ററി സമിതിയുടെ ഏപ്രില്‍ ഏഴിന് ചേര്‍ന്ന യോഗമാണ് ഹിന്ദിയെ ഏക ദേശീയ ഭാഷയാക്കി അവരോധിക്കാനുള്ള ആശയം മുന്നോട്ട് വെച്ചത്. ഭരണഘടനാനുഛേദം 343 പ്രകാരം 1953 സെപ്തംബര്‍ മുതല്‍ 14 വര്‍ഷത്തേക്ക് ഹിന്ദി ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. പിന്നീട് ഔദ്യോഗിക ഭാഷാ കമ്മിറ്റി ഇംഗ്ലീഷും ഹിന്ദിയും ആശയ വിനിമയ മാര്‍ഗങ്ങളാക്കി അംഗീകരിച്ചിരുന്നു. ഇതിനെ ഹിന്ദിയില്‍ കേന്ദ്രീകരിച്ചു നിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ച് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മെഡിക്കല്‍ പാഠപുസ്തകങ്ങളും മറ്റും ഹിന്ദിയിലേക്ക് മൊഴിമാറ്റാന്‍ തുടങ്ങിയിട്ടുണ്ട്. രാജ്യത്തിന്റെ സ്വാസ്ഥ്യം കെടുത്തി അക്രമാസക്ത പ്രക്ഷോഭങ്ങളുടെ പണ്ടോറപ്പെട്ടി തുറന്നിടുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ തുടങ്ങി വെക്കുന്നത്.
സബ്‌സിഡിയുള്ള എല്ലാ വളങ്ങളും “ഭാരത്’ എന്ന ഒറ്റപ്പേരില്‍ ബ്രാന്‍ഡ് ചെയ്യുന്ന പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കമിട്ടു കഴിഞ്ഞു. ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. ജനുവരി 25ന് വോട്ടേഴ്‌സ് ദിനത്തില്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം തന്റെ സര്‍ക്കാറിന്റെ മുന്‍ഗണനയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ വോട്ടര്‍മാരുടെ ബാഹുല്യം കണക്കിലെടുത്ത് ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിലെ ക്രമീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. തിരഞ്ഞെടുപ്പിലെ യഥാര്‍ഥ വിഷയങ്ങളെ തമസ്‌കരിക്കാനും അതിവൈകാരിക, വര്‍ഗീയ വിഷയങ്ങള്‍ പടച്ചുവിടാനും കെല്‍പ്പുള്ള ബി ജെ പി ഭരിക്കുമ്പോള്‍ രാജ്യം ഏകീകൃത തിരഞ്ഞെടുപ്പിലേക്ക് സഞ്ചരിച്ചാല്‍ ജനാധിപത്യത്തിന്റെ അര്‍ഥം തന്നെ അട്ടിമറിക്കപ്പെട്ടേക്കാമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. വിവിധ സംസ്ഥാനങ്ങളിലെയും തദ്ദേശ സ്വയംഭരണ സംവിധാനങ്ങളിലെയും പ്രാദേശിക സവിശേഷതകള്‍ കണക്കിലെടുത്ത് തിരഞ്ഞെടുപ്പുകള്‍ നടക്കുന്നത് തന്നെയാണ് ശരിയായ രീതി.
ഒരു രാജ്യം, ഒരു നിയമനിര്‍മാണ പ്ലാറ്റ്‌ഫോം എന്ന ആശയം മോദി മുന്നോട്ട് വെച്ചത് കഴിഞ്ഞ വര്‍ഷം നവംബറിലാണ്. ഒരു രാജ്യം ഒരു പവര്‍ ഗ്രിഡും പ്രഖ്യാപിച്ചിട്ടുണ്ട്. റേഷന്‍ കാര്‍ഡിലും ഈ പരിഷ്‌കരണം വരുന്നു. ഒരു ജനത ഒരു ദേശീയത എന്നത് ആവേശകരമായ മുദ്രാവാക്യമാണെങ്കിലും ഉപ ദേശീയതകളെ അംഗീകരിക്കാതെ അത് സാധ്യമല്ലെന്ന് എല്ലാവരും മനസ്സിലാക്കേണ്ടതാണ്. “ഭാരതമെന്ന പേര്‍ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം’ എന്നെഴുതിയ കവി “കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന് തൊട്ടടുത്ത വരിയായെഴുതിയത് വെറുതെയല്ല.
source https://www.sirajlive.com/the-police-uniform-is-not-so-innocent.html
إرسال تعليق