പ്രണയത്തിന് മനുഷ്യത്വമില്ലായ്മയുടെയും ക്രൗര്യത്തിന്റെയും സ്വാര്‍ഥതയുടെയും കെട്ടമുഖമുണ്ടെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്ന കൊലപാതകമാണ് കഴിഞ്ഞ ദിവസം പാനൂര്‍ മൊകേരി വള്ള്യായിയില്‍ നടന്നത്. യുവതിയെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി വീട്ടിനുള്ളിലിട്ട് വെട്ടിക്കൊന്നതിന് പിന്നില്‍ പ്രണയപ്പകയാണെന്ന് പോലീസ് സ്ഥിരീകരിക്കുന്നു. നടമ്മല്‍ കണ്ണച്ചാക്കണ്ടി വിഷ്ണുപ്രിയയാണ് കൊല്ലപ്പെട്ടത്. പട്ടാപ്പകലാണ് സംഭവം. പാനൂരില്‍ ഫാര്‍മസിസ്റ്റായ യുവതി ജോലിക്കു പോയിരുന്നില്ല. അടുത്ത ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് കുടുംബ വീട്ടിലായിരുന്ന പെണ്‍കുട്ടി വസ്ത്രം മാറാന്‍ എത്തിയപ്പോഴാണ് കൊലപാതകം നടന്നത്. അക്രമിയെത്തുമ്പോള്‍ വിഷ്ണുപ്രിയ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിനൊടുവില്‍ മണിക്കൂറുകള്‍ക്കകം കൊലയാളി ശ്യാംജിത്തിനെ പോലീസ് പിടികൂടി. ഇയാള്‍ വിഷ്ണുപ്രിയയുടെ സുഹൃത്തിനെക്കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്യുന്ന യുവത്വം ഒടുവില്‍ അകലുന്നതും കൊലക്കത്തിക്കിരയാകുന്നതും അപൂര്‍വമല്ലാതായി മാറുകയാണ്. കോതമംഗലത്ത് ബി ഡി എസ് വിദ്യാര്‍ഥിനിയെ വെടിവെച്ച് കൊന്നശേഷം യുവാവ് സ്വയം വെടിവെച്ച് മരിച്ചത് കഴിഞ്ഞ വര്‍ഷം ജൂലൈ മുപ്പതിനാണ്. ഇരുവരും കണ്ണൂര്‍ ജില്ലക്കാരായിരുന്നു. നാറാത്ത് പി വി മാനസയാണ് അന്ന് കൊല്ലപ്പെട്ടത്.
നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം രാജ്യത്തെ കൊലപാതകങ്ങളുടെ പത്ത് ശതമാനത്തിലധികവും പ്രണയവുമായി ബന്ധപ്പെട്ടാണ്. പല സംസ്ഥാനങ്ങളിലും പ്രണയക്കൊലപാതകങ്ങളും ആത്മഹത്യയും വന്‍ തോതില്‍ നടക്കുന്നുണ്ട്.
എന്നാല്‍ ഇതൊന്നും കേരളത്തിലെ പോലെ റിപോര്‍ട്ട് ചെയ്യപ്പെടുന്നില്ല. എന്‍ സി ആര്‍ ബിയുടെ 2020ലെ റിപോര്‍ട്ട് പ്രകാരം, 29,193 കൊലപാതകങ്ങളില്‍ 3,031 എണ്ണം പ്രണയപ്പക കാരണമാണ്. 2017 ഫെബ്രുവരി ഒന്നിന് ലക്ഷ്മി എന്ന 22കാരിയെ കോട്ടയം അര്‍പ്പൂക്കരയിലെ എസ് എം ഇ ക്യാമ്പസില്‍ സീനിയര്‍ വിദ്യാര്‍ഥി പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയിരുന്നു. 2017 ജൂലൈ 22ന് പത്തനംതിട്ട കടമ്മനിട്ടയിലെ ശാരിക, 2019 മാര്‍ച്ച് 13ന് തിരുവല്ലയിലെ കവിത, 2019 ഒക്ടോബര്‍ 10ന് കൊച്ചി കാക്കനാട്ടെ ദേവിക, 2019 നവംബര്‍ നാലിന് തൃശൂര്‍ ചെയരാതെ നീതു, 2020 ജനുവരി ആറിന് തിരുവനന്തപുരം കാരക്കോണത്തെ ആഷിക, അതേ വര്‍ഷം ജൂണ്‍ ഒമ്പതിന് കൊച്ചിയിലെ ഇവ ആന്റണി, കണ്ണൂരിലെ മാനസി, നെടുമങ്ങാട്ടിലെ സൂര്യ ഗായത്രി, തലയോല പറമ്പിലെ നിതിനാ മോള്‍, ഇപ്പോള്‍ വിഷ്ണുപ്രിയയും. അരുംകൊലകള്‍ ആവര്‍ത്തിക്കുമ്പോള്‍ നിയമവ്യവസ്ഥ സ്തംഭിച്ചു നില്‍ക്കുകയാണ്. വീട്ടിനകത്തേക്കും ക്യാമ്പസിലേക്കും റോഡിലേക്കും വടിവാളുമായോ ആസിഡുമായോ ഏത് നിമിഷവും ഒരു പ്രണയ ഭ്രാന്തന്‍ കടന്നുവരുമെങ്കില്‍ എന്ത് സുരക്ഷിതത്വമാണ് ഇവിടെയുള്ളത്?
ഇത്തരം സംഭവങ്ങളില്‍ പ്രണയമോ സ്‌നേഹമോ ഒന്നുമല്ല യുവാവിനെ ക്രൂരതയുടെ ആള്‍രൂപമാക്കുന്നത്. സ്വാര്‍ഥതയാണ് അവിടെ പ്രവര്‍ത്തിക്കുന്നത്. തനിക്ക് ലഭ്യമല്ലാത്തത് മറ്റാര്‍ക്കും വേണ്ടെന്ന തീര്‍പ്പിലേക്കും ഒരു വേള താന്‍ തന്നെ വേണ്ടെന്ന ആത്മഹത്യാ ചിന്തയിലേക്കും യുവാക്കളെത്തുകയാണ്. സ്‌നേഹത്തിന്റെ കണികയുണ്ടെങ്കില്‍ പെണ്‍കുട്ടിയെ ഇങ്ങനെ വെട്ടിനുറുക്കുമോ? ഇരുപക്ഷത്തും സംഭവിക്കുന്ന തെറ്റിദ്ധാരണകളില്‍ നിന്നാണ് പ്രണയം ബുദ്ധിശൂന്യമാകുന്നത്. നവ മാധ്യമങ്ങള്‍ വഴിയോ ക്ലാസ്സ് മുറികളില്‍ നിന്നോ തെരുവില്‍ നിന്നോ ഒക്കെ സംഭവിക്കുന്ന പരിചയത്തെ പ്രണയമായി വാഴ്ത്തുകയാണ് ഇവര്‍ ചെയ്യുന്നത്. യുവതികള്‍ യുവാക്കളെ സമ്പൂര്‍ണമായങ്ങു വിശ്വസിക്കും.
പുരുഷന് അത് ഒരു നേരമ്പോക്ക് മാത്രമായിരിക്കും. പിന്നെ വഞ്ചിക്കപ്പെട്ടുവെന്ന് നിലവിളിക്കുന്ന പെണ്‍കുട്ടിയെയാകും കാണുക. ഇത്തരം പരിചയങ്ങളെ വിവാഹത്തില്‍ കലാശിക്കാവുന്ന ബന്ധമായി തെറ്റിദ്ധരിക്കുന്ന പുരുഷന്‍മാരുടെ മനസ്സിലാണ് കൂടുതലും സ്വന്തമെന്ന ബോധം വേരുറച്ച് പോകുന്നത്. ഒടുവില്‍ യുവതി പിന്‍മാറുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ എന്തും ചെയ്തുകളയുമെന്ന നിലയിലേക്ക് യുവാക്കള്‍ ക്രൗര്യം ആര്‍ജിക്കുന്നു. സത്യത്തില്‍ ഒട്ടും ആഴമില്ലാത്ത, അപകടകരമായ ഒരു ബന്ധം മാത്രമായായിരിക്കും പെണ്‍കുട്ടി അതിനെ കണ്ടിട്ടുള്ളത്. ഇത് മനസ്സിലാക്കാനോ വിശ്വസിക്കാനോ അപ്പുറത്ത് നില്‍ക്കുന്നയാള്‍ക്ക് സാധിക്കാതെ പോകും. വൈകാരികമായ പക്വതയില്ലാത്തവരെ, ആണായാലും പെണ്ണായാലും, തകര്‍ത്തെറിയുന്ന ഉഗ്ര ബോംബായി പ്രണയം പരിണമിക്കുന്നത് അങ്ങനെയാണ്. ഇത്തരം ബന്ധങ്ങളെ മഹത്വവത്കരിക്കുന്ന സിനിമകളും സാഹിത്യ സൃഷ്ടികളും മാധ്യമങ്ങളും സൃഷ്ടിക്കുന്ന വ്യാജ ബോധത്തിന്റെ ഇരകളാണ് ഈ യുവാക്കള്‍. ജീവിതത്തെ കുറിച്ച് ഒരു കാഴ്ചപ്പാടുമില്ലാത്ത വെറും കമിതാക്കള്‍ തങ്ങളുടെ ഭാവനാ ലോകം ഒറ്റയടിക്ക് തകര്‍ന്നടിയുമ്പോള്‍ ഭ്രാന്തമായ നിലയിലേക്ക് അധഃപതിക്കുകയാണ് ചെയ്യുന്നത്.
“പ്രണയ നഷ്ടം’ സംഭവിച്ച വ്യക്തികള്‍ വിഷാദാവസ്ഥയിലേക്കോ പ്രതികാരാവസ്ഥയിലേക്കോ എത്തിച്ചേരുമ്പോള്‍ കൂടെ നിന്ന് വൈകാരിക പിന്തുണ നല്‍കാന്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ചുറ്റുമുള്ളവര്‍ക്കും സാധിക്കണം. പകരം എരിതീയില്‍ എണ്ണ ഒഴിക്കരുത്. ശ്യാംജിത്തിനെ പിന്തുണച്ച് ആക്രോശിക്കുന്നവരെ സാമൂഹിക മാധ്യമങ്ങളില്‍ കാണുന്നുണ്ട്.
അയാള്‍ ചെയ്തതിനേക്കാള്‍ വലിയ പാതകമാണത്. യാഥാര്‍ഥ്യബോധം വളര്‍ത്തുന്ന ശാസ്ത്രീയമായ കൗണ്‍സലിംഗിലേക്ക് നിരാശാ മനുഷ്യരെ എത്തിക്കാനാകണം. ഒരുപക്ഷേ, നിലവിലെ അന്തരീക്ഷത്തില്‍ നിന്ന് അത്തരക്കാരെ മാറ്റി നടേണ്ടി വന്നേക്കാം. ആത്മീയ ആശ്രയം നല്‍കുന്ന യാത്രകളും സഹവാസവും ഉപകരിച്ചേക്കാം. ഇത്തരക്കാരെ മിഥ്യാ ലോകത്ത് നിന്ന് മോചിപ്പിക്കുക മാത്രമാണ് പോംവഴി. കൗമാരക്കാര്‍ക്ക് കുടുംബത്തിനകത്ത് എന്തും തുറന്ന് പറയാനുള്ള സാഹചര്യമുണ്ടാകണം.
വിവാഹം എന്ന സാമൂഹിക സ്ഥാപനത്തിന് ദീര്‍ഘകാലമായി രൂപപ്പെട്ടുവന്ന രീതികളുണ്ട്. ഇണയെ കണ്ടെത്തുന്നതിനുള്ള ഈ സാമൂഹിക സംവിധാനത്തിന് അതിന്റേതായ സുരക്ഷിതത്വമുണ്ടെന്ന് എല്ലാവരും മനസ്സിലാക്കണം. മതം, ആചാരം, വിശ്വാസം, മൂല്യസംഹിത തുടങ്ങിയവയുടെ ആത്മവിശ്വാസത്തിലാണ് പരമ്പരാഗത വിവാഹങ്ങള്‍ നടക്കുന്നത്. ഏത് സാഹചര്യത്തിലും കൈവിടാതെ സൂക്ഷിക്കുന്ന മനുഷ്യത്വം എല്ലാവരിലും പ്രകാശിക്കുമ്പോള്‍ ബന്ധങ്ങള്‍ മനോഹരമാകും.
source https://www.sirajlive.com/victims-of-romance.html
Post a Comment