സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള ആശങ്കാകുലമായ ചര്‍ച്ച ലോകത്താകെ സജീവമായിരിക്കുകയാണ്. അന്താരാഷ്ട്ര നാണയ നിധി മാനേജിംഗ് ഡയറക്്ടർ ക്രിസ്റ്റലീന ജോർജീവ കഴിഞ്ഞ ദിവസവും സാമ്പത്തിക കൗണ്‍സലര്‍ പിയറി ഒളിവിയര്‍ ഗൗറിഞ്ചാസ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും നടത്തിയ മുന്നറിയിപ്പുകള്‍ അതീവ ഗൗരവമുള്ളതാണ്. മാന്ദ്യ സാധ്യതകള്‍ തള്ളിക്കളയാനോ തങ്ങളെ മാന്ദ്യം തൊടില്ലെന്ന് ആത്മവിശ്വാസത്തോടെ പറയാനോ ഒരു രാജ്യവും തയ്യാറായിട്ടില്ല. കൊവിഡ് മഹാമാരി ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് മോചിതമായി വരുന്നതിനിടെ റഷ്യയുടെ യുക്രൈന്‍ അധിനിവേശവും അനുബന്ധ പ്രശ്‌നങ്ങളും സൃഷ്ടിച്ച തിരിച്ചടി 2023നെ ഒരു മാന്ദ്യ വര്‍ഷമാക്കി മാറ്റുമെന്നാണ് ഐ എം എഫ് മേധാവി വ്യക്തമാക്കിയത്. രാഷ്ട്രീയ വടംവലികള്‍ പ്രതിസന്ധിയെ കൂടുതല്‍ അപരിഹാര്യമാക്കി മാറ്റുമെന്നും ക്രിസ്റ്റലീന മുന്നറിയിപ്പ് നല്‍കുന്നു.
റഷ്യയുടെ യുക്രൈന്‍ അധിനിവേശവും കൊവിഡ് മഹാമാരിയുടെ അനുബന്ധ പ്രശ്‌നങ്ങളും കാരണം മിക്ക രാജ്യങ്ങളും അവയുടെ വളര്‍ച്ചാ അനുമാനം താഴ്ത്തുകയാണെന്നും വിലക്കയറ്റം രൂക്ഷമാണെന്നും ഐ എം എഫ് വിലയിരുത്തുന്നു. ജീവിതച്ചെലവ് കുതിച്ചുയരുകയാണ്. ഇരട്ട തിരിച്ചടിയാണ് ആഗോള സാമ്പത്തിക രംഗം അനുഭവിക്കുന്നത്. യുക്രൈന്‍ യുദ്ധം രൂക്ഷമായ ഭക്ഷ്യവിലക്കയറ്റത്തിനും ഇന്ധന പ്രതിസന്ധിക്കും വഴിവെച്ചു. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രശ്‌നങ്ങളില്‍ നിന്ന് പല സമ്പദ്്വ്യവസ്ഥകളും പൂര്‍ണമായി മോചിതമായിട്ടില്ല. പകുതി മാത്രം ഉണങ്ങിയ സാമ്പത്തിക മുറിവുകള്‍ വീണ്ടും സജീവമാകുകയാണെന്നും ഐ എം എഫ് സാമ്പത്തിക കൗണ്‍സലര്‍ പിയറി ഒളിവിയര്‍ ഗൗറിഞ്ചാസ് തന്റെ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.
ഈ വര്‍ഷമോ അടുത്ത വര്‍ഷമോ മൂന്നിലൊന്ന് സമ്പദ്്വ്യവസ്ഥകളും സാമ്പത്തിക ചുരുക്കത്തിലേക്ക് നീങ്ങും. മൂന്ന് പ്രധാന സാമ്പത്തിക ശക്തികളായ അമേരിക്ക, യൂറോപ്യന്‍ യൂനിയന്‍, ചൈന എന്നിവയില്‍ മുരടിപ്പ് വ്യക്തമാണ്. 2023ലെ ആഗോള ജി ഡി പി അനുമാനം ഐ എം എഫ് 2.7 ശതമാനത്തിലേക്ക് താഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ ജൂണിലെ അനുമാനത്തേക്കാള്‍ 0.2 ശതമാനം കുറവാണിത്. എന്നാല്‍ ഈ വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 3.2 ശതമാനത്തില്‍ നിലനിര്‍ത്തിയിരിക്കുകയാണ്. 2001ന് ശേഷമുള്ള ഏറ്റവും ദുര്‍ബലമായ വളര്‍ച്ചാ നിരക്കാണ് ഇപ്പോഴത്തേതെന്നും ഐ എം എഫ് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയുടെ ഈ വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 1.6 ശതമാനമായിരിക്കുമെന്നാണ് ഐ എം എഫ് വ്യക്തമാക്കുന്നത്. ജൂലൈ അനുമാനത്തേക്കാള്‍ 0.7 പോയിന്റ് കുറവാണിത്. ചൈനയില്‍ ഈ വര്‍ഷം 3.2 ശതമാനം സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്നാണ് പുതുക്കിയ അനുമാനം. ഇത് നേരത്തേയുള്ള അനുമാനത്തേക്കാള്‍ കുറവാണ്. യൂറോ മേഖലയിലും അടുത്ത വര്‍ഷം മാന്ദ്യം കനക്കും.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം 6.8 ശതമാനമായാണ് വെട്ടിക്കുറച്ചത്. ജൂലൈയില്‍ നല്‍കിയ 7.4 ശതമാനത്തിന്റെ മുന്‍ പ്രവചനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുത്തനെയുള്ള വെട്ടിക്കുറക്കലാണിത്. പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ് ഇന്ത്യയില്‍. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറയുന്നത് പോലെ അത്ര സുരക്ഷിതമല്ല കാര്യങ്ങള്‍. രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നതും വിലക്കയറ്റവും സമ്പദ്്വ്യവസ്ഥയുടെ അനാരോഗ്യത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ജനനിബിഡമായ ഇന്ത്യയില്‍ ശക്തമായ പൊതു മേഖലയുടെ പാരമ്പര്യം കൂടിയുള്ളതിനാല്‍ മാന്ദ്യത്തിന്റെ ആഘാതം കുറവായിരിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
മാന്ദ്യകാലം മുന്‍കൂട്ടി കണ്ട് നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളാനും നടപ്പാക്കാനുമുള്ള ബാധ്യത അതത് രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ക്കുണ്ട്. പണനയവും പൊതു ചെലവ് നയവും സമന്വയിപ്പിച്ച പരിഹാരമാണ് മാന്ദ്യത്തെ മറികടക്കാന്‍ അനിവാര്യമായിട്ടുള്ളത്. പണപ്പെരുപ്പ നിരക്ക് നിയന്ത്രിക്കാന്‍ കേന്ദ്ര ബേങ്കുകള്‍ പലിശ നിരക്കില്‍ വ്യത്യാസം വരുത്തുകയെന്ന പോംവഴി മാത്രമാണ് സ്വീകരിക്കുന്നത്. പലിശ വെച്ചുള്ള കളി പണം സമ്പാദ്യത്തിലേക്ക് വകമാറുന്നതിന് വഴിവെക്കും. അതോടെ കമ്പോളത്തില്‍ തിരിച്ചെത്തുന്ന പണത്തിന്റെ അളവ് കുറയും. ഇത് വിപണിയില്‍ വല്ലാത്ത ആലസ്യം സൃഷ്ടിക്കുകയും ഉത്പാദന മേഖലയെ തളര്‍ത്തുകയും ചെയ്യും. പലിശ നിരക്കിലും ബേങ്ക് റിസര്‍വ് നിരക്കിലും മാറ്റം വരുത്തി സമ്പദ്്വ്യവസ്ഥയില്‍ ഇടപെടുന്ന പണനയം ഒരു പരിധിക്കപ്പുറം ചലനമുണ്ടാക്കില്ല. ബേങ്കധിഷ്ഠിത സമ്പദ്്വ്യവസ്ഥകളാണ് മാന്ദ്യകാലത്ത് ആദ്യം കൂപ്പുകുത്തുക. ഗ്രേറ്റ് ഡിപ്രഷന്‍ എന്ന് വിളിക്കപ്പെട്ട 1930കളിലെ സാമ്പത്തിക മാന്ദ്യത്തെ വിശകലനം ചെയ്ത് മുതലാളിത്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജെ എം കെയിന്‍സ് പോലും ഊന്നിപ്പറഞ്ഞത് പൊതു ചെലവിന്റെ പ്രാധാന്യമാണെന്നോര്‍ക്കണം. സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ വിട്ടുനില്‍ക്കണമെന്നും സബ്‌സിഡി പോലുള്ള ചെലവുകള്‍ വെട്ടിക്കുറക്കണമെന്നുമുള്ള ഐ എം എഫിന്റെയും വേള്‍ഡ് ബേങ്കിന്റെയും നിര്‍ദേശങ്ങള്‍ അനുസരിച്ചാല്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ ഒരിക്കലും കരകയറില്ല. രാജ്യത്തെ അതിസമ്പന്നര്‍ വീണ്ടും സമ്പന്നരാകുന്നത് കൊണ്ട് ജി ഡി പി കണക്കില്‍ നേട്ടമുണ്ടായെന്ന് വരും. എന്നാല്‍ സാമ്പത്തിക പ്രവര്‍ത്തനത്തില്‍ യഥാര്‍ഥ ഉണര്‍വുണ്ടാകണമെങ്കില്‍ സാധാരണ മനുഷ്യരുടെ വരുമാനത്തില്‍ വര്‍ധനവുണ്ടാകണം. അവരുടെ വാങ്ങല്‍ ശേഷിയാണ് ഉയരേണ്ടത്. തൊഴില്‍ നല്‍കിയും പുതിയ പദ്ധതികള്‍ ഏറ്റെടുത്തും സാമ്പത്തിക ആശ്വാസങ്ങള്‍ നേരിട്ടെത്തിച്ചും സര്‍ക്കാറുകള്‍ ഇടപെടേണ്ടത് അനിവാര്യമാകുന്നത് അതുകൊണ്ടാണ്. വിദേശ മൂലധനത്തിനായി വാതിലുകള്‍ തുറന്നിട്ട് മാന്ദ്യം മറികടക്കാമെന്ന് കരുതുന്നതും മൗഢ്യമാണ്. ഈ മൂലധനം കടന്നുവരുന്നത് ലാഭേച്ഛയോടെയാണെന്നതില്‍ തര്‍ക്കമില്ലല്ലോ. ആഭ്യന്തര ഉത്പാദന മേഖലയില്‍ കടന്നുകയറിയും മത്സരത്തില്‍ പല സ്ഥാപനങ്ങളെയും തകര്‍ത്തുമായിരിക്കും വിദേശ മൂലധനം അതിന്റെ അധികാരം സ്ഥാപിക്കുക. മാത്രമല്ല, സമ്പദ്്വ്യവസ്ഥ ശക്തമായിരിക്കുന്നിടത്തോളം മാത്രമേ ഈ മൂലധനം ഇവിടെ നില്‍ക്കുകയുള്ളൂ. മാന്ദ്യത്തിന്റെ കാലൊച്ച കേള്‍ക്കുമ്പോഴേക്കും ഇവ മുഴുവന്‍ പിന്‍വലിക്കപ്പെടും.
ആഗോള മാന്ദ്യമെന്നൊക്കെ പറയുന്നുണ്ടെങ്കിലും ഒരു പരിധി വരെ ആഭ്യന്തര ചെറുത്തുനില്‍പ്പ് സാധ്യമായ ഒന്നാണത്. ഓരോ രാജ്യവും അവരവരുടെ സാധ്യതകളും ദൗര്‍ബല്യങ്ങളും തിരിച്ചറിഞ്ഞ് തനതായ പരിഹാരമാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുകയാണ് വേണ്ടത്.
source https://www.sirajlive.com/is-a-global-recession-coming.html
Post a Comment