ന്യൂഡൽഹി | രാജ്യത്തെ സുപ്രധാന പാർലിമെന്ററി സമിതികളുടെ തലപ്പത്ത് നിന്ന് പ്രതിപക്ഷത്തെ തുടച്ചുനീക്കി ബിജെപി. ആറ് പ്രധാന പാർലമെന്ററി കമ്മിറ്റികളുടെ ചെയർമാൻ സ്ഥാനത്ത് നിന്ന് പ്രതിപക്ഷ അംഗങ്ങളെ നീക്കി. ചൊവ്വാഴ്ചയാണ് പാർലിമെന്ററി സമിതികള പുനഃസംഘടിപ്പിച്ചത്.
പുനഃസംഘടനയിൽ ആഭ്യന്തരകാര്യം, ഇൻഫർമേഷൻ ടെക്‌നോളജി, ഭക്ഷ്യ ഉപഭോക്തൃകാര്യം, ആരോഗ്യ കുടുംബക്ഷേമം എന്നീ നാല് സുപ്രധാന പാർലമെന്ററി കമ്മിറ്റികളുടെ അധ്യക്ഷ സ്ഥാനത്ത് നിന്നാണ് പ്രതിപക്ഷ അംങ്ങളെ നീക്കിയത്. ഈ കമ്മിറ്റികൾ ഇതുവരെ പ്രതിപക്ഷത്തിന് കീഴിലായിരുന്നു. ഇതിന് പുറമെ പ്രതിരോധം, വിദേശകാര്യം, ധനം, എന്നീ പാർലമെന്ററി കമ്മിറ്റികളുടെ അധ്യക്ഷസ്ഥാനവും ബിജെപിക്കും സഖ്യകക്ഷികൾക്കും കൈമാറി.
പ്രതിപക്ഷ പാർട്ടികളിൽ മൂന്നാമത്തെ വലിയ കക്ഷിയായ തൃണമൂൽ കോൺഗ്രസിന് ഒരു പാനലിന്റെയും അധ്യക്ഷസ്ഥാനം ലഭിച്ചിട്ടില്ല. ഇതിന് പുറമെ സ്റ്റാൻഡിങ് കമ്മിറ്റികളുടെ എണ്ണവും വെട്ടിക്കുറച്ചു. ലോക്‌സഭയുടെ 15 കമ്മിറ്റികളും രാജ്യസഭയുടെ 7 കമ്മിറ്റികളും ഉള്ള 24 സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ ഇനി 22 സ്റ്റാൻഡിംഗ് കമ്മിറ്റികൾ മാത്രമേ ഉണ്ടാകൂ.
കോൺഗ്രസ് എംപി അഭിഷേക് മനു സിംഗ്‌വിക്ക് പകരം ബിജെപി എംപിയും റിട്ടയേർഡ് ഐപിഎസ് ഓഫീസറുമായ ബ്രിജ് ലാലിനെ പാർലമെന്റിന്റെ ആഭ്യന്തരകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി നിയമിച്ചു. കോൺഗ്രസ് എംപി ശശി തരൂരിന് പകരം ഷിൻഡെ വിഭാഗത്തിലെ ശിവസേന എംപി പ്രതാപ് റാവു ജാദവിനെ ഇൻഫർമേഷൻ ടെക്‌നോളജി സംബന്ധിച്ച പാർലമെന്ററി പാനലിന്റെ ചെയർമാനായി നിയമിച്ചു.
ഭക്ഷ്യ ഉപഭോക്തൃകാര്യങ്ങൾക്കുള്ള പാർലമെന്ററി സമിതി അധ്യക്ഷ സ്ഥാനത്തുനിന്ന് തൃണമൂൽ കോൺഗ്രസിനെ ഒഴിവാക്കി. സമാജ്‌വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവിനെ ആരോഗ്യ കുടുംബക്ഷേമത്തിനുള്ള പാർലമെന്റിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കി. ലോക്‌സഭാ എംപി രാധാ മോഹൻ സിംഗിനെ റെയിൽവേ സംബന്ധിച്ച പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി നിയമിച്ചു.
വ്യവസായകാര്യങ്ങൾക്കായുള്ള പാർലമെന്ററി സമിതിയിൽ നിന്ന് ഡിഎംകെയെ ഒഴിവാക്കി. ബിജെപിയുടെ രാജ്യസഭാ എംപി വിവേക് താക്കൂറിനെ വിദ്യാഭ്യാസം, സ്ത്രീകൾ, കുട്ടികൾ, യുവജനങ്ങൾ, കായികം എന്നിവയ്ക്കുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി നിയമിച്ചു.
അതേസമയം, കോൺഗ്രസ് എംപി ജയറാം രമേശിനെ സയൻസ് ആൻഡ് ടെക്‌നോളജി, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം എന്നിവയ്ക്കുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി നിയമിച്ചു. കോൺഗ്രസ് നയിക്കുന്ന ഒരേ ഒരു പാർലിമെന്ററി സമിതിയാകും ഇത്.
ബിജെപി നേതാക്കള്‍ തലപ്പത്തുള്ള പാനലുകളില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. ജയന്ത് സിന്‍ഹ ധനകാര്യ സമിതിയുടെയും ജുവല്‍ ഓറം പ്രതിരോധ സമിതിയുടെയും പി പി ചൗധരി വിദേശകാര്യ സമിതിയുടെയും തലവനായി തുടരും.
പ്രതിപക്ഷത്തെ പാർലിമെന്ററി സമിതികളുടെ തലപ്പ് നിന്ന് മാറ്റിയതിന് എതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ചൈനീസ് ഏകകക്ഷി ഭരണത്തിലും റഷ്യന്‍ പ്രഭുക്കന്മാരുടെ മാതൃകയിലും പ്രധാനമന്ത്രി മോദി ആകൃഷ്ടനായതിനാലാണെന്ന് തോന്നുന്നു ബിജെപിയുടെ ഇത്തരത്തിലുള്ള ക്രൂരമായ നടപടിയെന്ന് കോണ്‍ഗ്രസിന്റെ ലോക്‌സഭാകക്ഷി ഉപനേതാവ് ഗൗരവ് ഗൊഗോയ് വിമര്‍ശിച്ചു. ഏകാധിപത്യ ഭരണകാലത്ത് പ്രതീക്ഷിച്ച നടപടിയാണ് ഇതെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു.
source https://www.sirajlive.com/the-opposition-was-purged-from-the-heads-of-parliamentary-committees-criticized-as-dictatorship.html
إرسال تعليق