ഹിന്ദുത്വ പ്രീണനം വീണ്ടും തുറുപ്പുചീട്ടാകുമ്പോള്‍

ന്ത്യ ഒരു മതേതര രാഷ്ട്രമാണ്. എല്ലാ മതത്തിനും രാജ്യത്ത് തുല്യമായ സ്ഥാനമാണുള്ളത്. ഭരണഘടനയുടെ ആമുഖത്തില്‍ ഇക്കാര്യം അടിവരയിട്ട് പറഞ്ഞിട്ടുള്ളതുമാണ്. മതേതരത്വം തന്നെയാണ് യഥാര്‍ഥത്തില്‍ നമ്മുടെ ഭരണഘടനയുടെ അടിത്തറ. ഇതിനുണ്ടാകുന്ന ഏത് കോട്ടങ്ങളും ഭരണഘടനയുടെയും രാജ്യത്തിന്റെയും തകര്‍ച്ചക്കായിരിക്കും ഇട നല്‍കുന്നത്.
ഇന്ത്യന്‍ ഭരണഘടനയിലെ സമത്വത്തിനുള്ള അവകാശമായ ആര്‍ട്ടിക്കിള്‍ 14,15 എന്നിവയെല്ലാം പൗരന്‍മാരെ വേര്‍തിരിക്കുന്നതിനും അവരുടെ മൗലികമായ അവകാശങ്ങള്‍ നിഷേധിക്കുന്നതിനും എതിരായ ഭരണഘടനാപരമായ ഉറപ്പാണ്. ജാതിയുടെ പേരിലോ മതത്തിന്റെ പേരിലോ ഒരാളെയും വേര്‍തിരിച്ച് നിര്‍ത്തരുതെന്നും നമ്മുടെ രാജ്യത്ത് എല്ലാ മതത്തിലും ജാതിയിലും പെട്ടവര്‍ക്ക് തുല്യമായ അവകാശമാണുള്ളതെന്നും ആര്‍ട്ടിക്കിള്‍ 15 അടിവരയിട്ട് പറയുന്നുണ്ട്.

ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള കടന്നാക്രമണമാണ് മതവിദ്വേഷ പ്രസംഗങ്ങളില്‍ വ്യാപകമായി കാണാന്‍ കഴിയുന്നത്. മതേതരത്വം തകര്‍ക്കുന്ന ശക്തികള്‍ക്കെതിരെ ശക്തമായ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാന്‍ പര്യാപ്തമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ പീനല്‍കോഡ് (ഐ പി സി). പീനല്‍ കോഡിലെ 153(എ), 153(ബി), 295(എ) തുടങ്ങിയവ മതസംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുന്ന പ്രസംഗങ്ങള്‍ക്കും പ്രസ്താവനകള്‍ക്കും എതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്നു. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന അടുത്തിടെയുള്ള സുപ്രീം കോടതിയുടെ നിര്‍ദേശവും ഈ അവസരത്തില്‍ വളരെ പ്രസക്തമാണ്.
ഹിന്ദുത്വ അജന്‍ഡയാണ് ബി ജെ പിയുടെ തുറുപ്പുചീട്ട്. ഈ അജന്‍ഡക്കനുസൃതമായ പദ്ധതികളാണ് ഈ പാര്‍ട്ടി സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഹിന്ദുത്വ വിഷയത്തില്‍ രാജാവിനേക്കാള്‍ വലിയ രാജ്യഭക്തി പ്രകടിപ്പിച്ചുകൊണ്ട് ഡല്‍ഹി മുഖ്യമന്ത്രിയും എ എ പി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ രംഗത്ത് വന്നിരിക്കുകയാണ്. മൃദുഹിന്ദുത്വ നയമല്ല, പൂര്‍ണ ഹിന്ദുത്വ നയവുമായി മുന്നോട്ട് പോകാനാണ് ആ പാര്‍ട്ടിയുടെ നീക്കമെന്ന് മനസ്സിലാക്കാം. ഹിന്ദുത്വ അജന്‍ഡ വിട്ട് ഒരു കളിയുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്യുന്നു.

രാജ്യത്തെ കറന്‍സികളില്‍ ഹിന്ദു ദൈവങ്ങളായ ലക്ഷ്മിദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് കെജ്‌രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരിക്കുന്നു. “നമ്മുടെ കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളായ ലക്ഷ്മിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ നമ്മുടെ രാജ്യം അഭിവൃദ്ധി പ്രാപിക്കും’ എന്നാണ് കെജ്‌രിവാള്‍ പറഞ്ഞിരിക്കുന്നത്. പുതുതായി അച്ചടിക്കാനുള്ള നോട്ടുകളില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം പതിച്ചിരിക്കുന്ന ഭാഗത്തിന്റെ എതിര്‍വശത്തായി ഹിന്ദു ദൈവങ്ങളുടെ ചിത്രം ആലേഖനം ചെയ്യണമെന്നാണ് കെജ്‌രിവാളിന്റെ ആവശ്യം. “നമ്മള്‍ എത്ര ആത്മാര്‍ഥമായി പരിശ്രമിച്ചാലും ചില സമയങ്ങളില്‍ ദൈവങ്ങളുടെ അനുഗ്രഹമില്ലെങ്കില്‍ നമ്മുടെ പ്രയത്‌നങ്ങള്‍ ഫലമണിയുകയില്ല. നമ്മുടെ കറന്‍സി നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിക്കുന്നു’ – കെജ്‌രിവാള്‍ പറഞ്ഞു.

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ ഡല്‍ഹി ഉള്‍പ്പെടെ പലയിടങ്ങളിലും മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളും നടക്കാനുണ്ട്. രണ്ടിടങ്ങളിലും ബി ജെ പിയുടെ ബദലായി എ എ പി വരാനാണ് കെജ്‌രിവാള്‍ ഈ ഹിന്ദുത്വ കാര്‍ഡുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ബാബരി മസ്ജിദ് തകര്‍ത്ത സ്ഥാനത്ത് നിര്‍മിക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് ഗുജറാത്തില്‍ നിന്ന് സൗജന്യ തീര്‍ഥ യാത്രയും കെജ്‌രിവാള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. കറന്‍സിയില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കുമെന്നും രവീന്ദ്രനാഥ ടാഗോറിന്റെയും എ പി ജെ അബ്ദുല്‍ കലാമിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും നേരത്തേ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നുവെങ്കിലും ആര്‍ ബി ഐയും കേന്ദ്ര സര്‍ക്കാറും അത് തള്ളിയിരുന്നു.

വിവിധ വിഭാഗം ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ഇടയാക്കുന്ന പ്രസ്താവനകള്‍ ഒരു നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ല. വെറും വോട്ട് മാത്രം ലക്ഷ്യമാക്കി മതവിദ്വേഷ പ്രസംഗങ്ങള്‍ ചില രാഷ്ട്രീയ നേതാക്കള്‍ ഇന്ന് നടത്തുന്നുണ്ട്. ഇതിനെതിരായാണ് കഴിഞ്ഞയാഴ്ച പരമോന്നത കോടതി ശക്തമായി പ്രതികരിച്ചിരുന്നത്. വിദ്വേഷ പ്രസംഗങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കുകയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. കെജ്‌രിവാളിന്റെ പ്രസ്താവന ഫലത്തില്‍ മതവിദ്വേഷ പ്രസംഗം തന്നെയാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ചില ഹിന്ദു ദൈവങ്ങളുടെ പടങ്ങള്‍ നോട്ടില്‍ വെച്ചാല്‍ രാജ്യത്തിന് അഭിവൃദ്ധി ഉണ്ടാകുമെന്ന് പറയുന്ന നേതാക്കള്‍ യഥാര്‍ഥത്തില്‍ രാജ്യത്തെയും ജനങ്ങളെയും അപഹസിക്കുകയും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് സാഹചര്യമൊരുക്കുകയുമാണ് ചെയ്യുന്നത്.

രാജ്യത്തെ രൂക്ഷമായ വിലക്കയറ്റം, രൂപയുടെ മൂല്യത്തകര്‍ച്ച, സാമ്പത്തിക തകര്‍ച്ച, തൊഴിലില്ലായ്മ തുടങ്ങിയ മൗലിക പ്രശ്‌നങ്ങളൊന്നും കെജ്‌രിവാള്‍ കാണുന്നതേയില്ല. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങുന്നതിന്റെയും രൂപയുടെ വിനിമയ മൂല്യം ഇടിയുന്നതിന്റെയും യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്താനോ അതിന് പരിഹാരം നിര്‍ദേശിക്കാനോ കെജ്‌രിവാള്‍ തുനിയുന്നില്ല. നോട്ടില്‍ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രം ആലേഖനം ചെയ്താല്‍ എല്ലാ പ്രശ്‌നത്തിനും പരിഹാരം ഉണ്ടാകുമെന്ന ഒറ്റമൂലിയാണ് അദ്ദേഹത്തിനുള്ളത്. ഹിന്ദുത്വ കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വരുന്ന തിരഞ്ഞെടുപ്പുകള്‍ വിജയിക്കുക എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് പകല്‍ പോലെ വ്യക്തവുമാണ്. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള എ എ പിയെ ഒരു ജനാധിപത്യ പാര്‍ട്ടിയായാണ് രാജ്യത്തെ ജനങ്ങള്‍ കണ്ടിരുന്നത്. ഒരു ഘട്ടത്തില്‍ ഈ പാര്‍ട്ടിയെ പാവപ്പെട്ടവരുടെ അത്താണിയായിപ്പോലും ജനങ്ങള്‍ കരുതിയതാണ്. നിര്‍ഭാഗ്യവശാല്‍ വെറും ഹിന്ദുത്വ പാര്‍ട്ടിയായി അത് മാറിയിരിക്കുന്നു.
കെജ്‌രിവാള്‍ നേരത്തേ തന്നെ ഹിന്ദു പ്രീണനനയം തുടങ്ങിവെച്ചതാണ്. പൗരത്വ ഭേദഗതി നിയമം, ജമ്മു കശ്മീരിന്റെ വിഭജനം, മുത്വലാഖ് നിയമം തുടങ്ങിയവയിലെല്ലാം ബി ജെ പിയോടൊപ്പമായിരുന്നു എ എ പി. ന്യൂനപക്ഷങ്ങളെ തങ്ങള്‍ക്ക് ആവശ്യമില്ലെന്ന സംഘ്പരിവാര്‍-ബി ജെ പി നിലപാട് തന്നെയാണ് ഇക്കാര്യത്തില്‍ ഒരുപരിധിവരെ കെജ്‌രിവാളും പുലര്‍ത്തുന്നത്.
മതേതരത്വത്തിനു നേരേയുള്ള നമ്മുടെ രാജ്യത്തെ വെല്ലുവിളികള്‍ എല്ലാ നിലയിലും ശക്തിപ്പെടുകയാണ്. രാജ്യത്തെ ഭരണാധികാരികള്‍ തന്നെ പരസ്യമായി ഹിന്ദുപ്രീണന നയവും ന്യൂനപക്ഷ വിരുദ്ധ പ്രചാരണങ്ങളും ശക്തമായി നടത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് ജനാധിപത്യ പാര്‍ട്ടികളാണ് ഈ ദുഃസ്ഥിതിക്ക് പരിഹാരം കാണേണ്ടത്. ന്യൂനപക്ഷ താത്പര്യത്തിനു വേണ്ടി നിലകൊള്ളുമെന്ന് പ്രതീക്ഷിച്ചിരുന്ന കെജ്‌രിവാളിന്റെ ഇത്തരം നടപടികള്‍ ന്യൂനപക്ഷങ്ങളുടെ പ്രതീക്ഷകള്‍ക്കാണ് മങ്ങലേല്‍പ്പിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ രാജ്യത്തെ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കാകെ കെജ്‌രിവാളിന്റെ ഈ നിലപാട് വലിയ വേദനയും ക്ഷീണവുമാണുണ്ടാക്കിയിരിക്കുന്നത്.



source https://www.sirajlive.com/when-hindutva-appeasement-becomes-the-trump-card-again.html

Post a Comment

أحدث أقدم