തൃശൂര്‍ | വടക്കഞ്ചേരി ദേശീയപാതയില്‍ ഒമ്പത് പേരുടെ മരണത്തിന് ഇടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ കാണാമറയത്ത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലോ പോലീസ് കസ്റ്റഡിയിലോ ഇല്ല. നേരത്തേ പോലീസില്‍ കീഴടങ്ങിയതായി ഷാഫി പറമ്പില്‍ എം എല്‍ എ ചാനലുകളോട് പറഞ്ഞെങ്കിലും വടക്കഞ്ചേരി പോലീസ് ഇത് നിഷേധിച്ചു.
ജോമോന്‍ എന്നയാളാണ് ബസ് ഓടിച്ചതെന്ന് സഹ ഡ്രൈവര്‍ എല്‍ദോ പറഞ്ഞിരുന്നു. എല്‍ദോ ആശുപത്രിയില്‍ ചികിത്സയിലാണ്. അതിനിടെ, വടക്കഞ്ചേരി ഇ കെ നായനാര്‍ ആശുപത്രിയില്‍ പരുക്കേറ്റ് പുലര്‍ച്ചെയെത്തിയയാള്‍ ഡ്രൈവറാണെന്നാണ് സംശയം. ജോജോ പത്രോസ് എന്ന പേരിലാണ് ചികിത്സ തേടിയത്.
പോലീസുകാരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചിരുന്നത്. അധ്യാപകന്‍ എന്നാണ് ആദ്യം ഇയാള്‍ ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍, പിന്നീട് താനാണ് ബസ് ഓടിച്ചതെന്ന് പറഞ്ഞതായി ഡോക്ടര്‍ മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയിട്ടുണ്ട്. എക്‌സ്‌റേ അടക്കം എടുത്ത് കാര്യമായ പരുക്കില്ലെന്ന് ഉറപ്പിക്കുകയും പ്രാഥമിക ശുശ്രൂഷ നല്‍കുകയുമായിരുന്നെന്ന് ഡോക്ടര്‍ പറഞ്ഞു.
പിന്നീട് നേരം പുലര്‍ന്ന് ആറരയോടെ എറണാകുളത്ത് നിന്ന് ചിലരെത്തി ഇയാളെ കൂട്ടിക്കൊണ്ടുപോയതായി ഡോക്ടര്‍ പറഞ്ഞു. ഇവര്‍ ബസിന്റെ ഉടമകളാണെന്നാണ് സംശയം. അപകടത്തിൽ ഡ്രൈവർ പുറത്തേക്ക് തെറിച്ചുവീണെന്നും അതിനാൽ കാര്യമായ പരുക്കില്ലെന്നും നേരത്തേ സൂചനയുണ്ടായിരുന്നു. അതിനാൽ, ആശുപത്രിയിൽ ചികിത്സ തേടിയത് ഡ്രൈവറാണെന്നാണ് സംശയം.
source https://www.sirajlive.com/the-driver-of-the-tourist-bus-that-caused-the-accident-is-missing.html
إرسال تعليق