പത്തനംതിട്ട ഇലന്തൂരിലെ നരബലിയെ തുടര്‍ന്ന് ദുര്‍മന്ത്രവാദങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരായ നിയമാവിഷ്‌കാരത്തെക്കുറിച്ച് ചര്‍ച്ച സജീവമായിരിക്കുകയാണ്. നിയമനിര്‍മാണം ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇതുസംബന്ധിച്ച ബില്ലിന്റെ നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. ബില്ലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തര, നിയമ വകുപ്പ് സെക്രട്ടറിമാര്‍ കഴിഞ്ഞ ദിവസം യോഗം ചേരുകയുമുണ്ടായി. ജസ്റ്റിസ് കെ ടി തോമസിന്റെ നേതൃത്വത്തിലുള്ള നിയമ പരിഷ്‌കാര കമ്മീഷന്‍ ഇതുമായി ബന്ധപ്പെട്ട് ഒരു നിയമത്തിന്റെ കരട് (കേരള പ്രിവന്‍ഷന്‍ ആന്‍ഡ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ ഈവിള്‍ പ്രാക്ടീസസ് സോര്‍സെറി ആന്‍ഡ് ബ്ലാക്മാജിക് ബില്‍) തയ്യാറാക്കി നിയമ മന്ത്രി പി രാജീവിനു മുമ്പില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനെ അവലംബിച്ചായിരിക്കും സര്‍ക്കാര്‍ പുതിയ ബില്‍ തയ്യാറാക്കുന്നതെന്നാണ് വിവരം.
ഇത്തരമൊരു നിയമ നിര്‍മാണത്തിനായി കാലങ്ങളായി സാമൂഹിക, രാഷ്ട്രീയ തലങ്ങളില്‍ നിന്ന് ആവശ്യമുയരുന്നു. കഴിഞ്ഞ നിയമസഭയിലെ അംഗമായിരുന്ന അന്തരിച്ച പി ടി തോമസ്, നിലവിലെ അംഗമായ കെ ഡി പ്രസേനന്‍ എന്നിവര്‍ ഈ വിഷയികമായി രണ്ട് സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചിരുന്നു. 2017ലാണ് പി ടി തോമസ് ബില്‍ സഭയുടെ പരിഗണനക്കു സമര്‍പ്പിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ചൊരു നിയമനിര്‍മാണം സര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്ന് പറഞ്ഞ് അന്നത്തെ നിയമ മന്ത്രി എ കെ ബാലന്‍ ആ ബില്‍ തള്ളി. കഴിഞ്ഞ വര്‍ഷമാണ് ആലത്തൂര്‍ എം എല്‍ എ. കെ ഡി പ്രസേനന്‍ ഇതേവിഷയത്തില്‍ മറ്റൊരു ബില്‍ അവതരിപ്പിച്ചത്. പി ടി തോമസിനു ലഭിച്ച അതേ മറുപടിയാണ് ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് പ്രസേനനും ലഭിച്ചത്. ആ ബില്ലും നിരസിക്കപ്പെട്ടു. എന്നാല്‍ സര്‍ക്കാറിന്റെ ബില്‍ ഇതുവരെ സഭയുടെ മേശപ്പുറത്തെത്തിയിട്ടില്ല.
ശ്രമകരമാണ് ഇത്തരമൊരു നിയമത്തിന്റെ ആവിഷ്‌കാരം. ശരിയായ ആചാരങ്ങളെയും ദുരാചാരങ്ങളെയും വേര്‍തിരിക്കുക അത്ര എളുപ്പമല്ല. സമൂഹത്തില്‍ ഒരു വിഭാഗത്തിനു ദുരാചാരമായി തോന്നുന്നത് മറ്റുള്ളവരെ സംബന്ധിച്ച് അങ്ങനെ ആകണമെന്നില്ല. വിവിധ ഉദ്ദേശ്യ സാധ്യത്തിനായി സിദ്ധന്മാരെ സമീപിക്കുന്നവര്‍ ധാരാളമുണ്ട് സമൂഹത്തില്‍. ചിലര്‍ അത് അന്ധവിശ്വാസമെന്ന് കുറ്റപ്പെടുത്തും. സിദ്ധരില്‍ വിശ്വാസമുള്ളതു കൊണ്ടാണല്ലോ ആളുകള്‍ അവരെ സമീപിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം അത് അന്ധവിശ്വാസമല്ല. ഇത്തരമൊരു സാഹചര്യത്തില്‍ ആചാരങ്ങളെയും അനാചാരങ്ങളെയും എങ്ങനെ വേര്‍തിരിക്കുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തന്നെ ആശങ്കയിലാണ്. “മതവിശ്വാസിയാകുന്നത് അന്ധവിശ്വാസമല്ല. അതിന്റെ ഭാഗമായ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയുമാണ് എതിര്‍ക്കുന്നത്. അനാചാരങ്ങളെ എതിര്‍ക്കുമ്പോള്‍ അത് മതവിശ്വാസത്തിനെതിരാകുമോ എന്ന് ചിലര്‍ ചിന്തിക്കുന്നുണ്ട്. എന്നാല്‍ അനാചാരങ്ങളെ എതിര്‍ത്താല്‍ മതത്തെ എതിര്‍ത്തുവെന്ന് വ്യാഖ്യാനിക്കേണ്ടതില്ലെ’ന്ന് മുഖ്യമന്ത്രിക്ക് പ്രത്യേകം പറയേണ്ടി വന്നത് ഇതുകൊണ്ടായിരിക്കണം.
ഇനി നിയമനിര്‍മാണം നടത്തിയാല്‍ അത് പ്രയോഗത്തില്‍ കൊണ്ടുവരുന്നതും ശ്രമകരമാണ്. മഹാരാഷ്ട്ര നിയമസഭ ഒമ്പത് വര്‍ഷം മുമ്പ് ദുര്‍മന്ത്രവാദത്തിനും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ നിയമം പാസ്സാക്കിയിട്ടുണ്ട്. 2013ലാണ് മഹാരാഷ്ട്രയില്‍ ഇതുസംബന്ധിച്ച ബില്ലിന് അംഗീകാരം നല്‍കിയത്. എന്നാല്‍ വിവിധ തലങ്ങളില്‍ നിന്നുള്ള എതിര്‍പ്പും സമ്മര്‍ദവും മൂലം കാലമിത്രയായിട്ടും ഇതിന് ചട്ടങ്ങള്‍ രൂപവത്കരിക്കാന്‍ മാറിമാറി വന്ന സര്‍ക്കാറുകള്‍ക്കായിട്ടില്ല. രണ്ട് വര്‍ഷം മുമ്പ് കര്‍ണാടകയും പാസ്സാക്കിയിട്ടുണ്ട് സമാന നിയമം. എന്നിട്ടും സംസ്ഥാനത്ത് ഇപ്പോഴും അരങ്ങേറുന്നുണ്ട് ദുര്‍മന്ത്രവാദങ്ങളും അനാചാരങ്ങളും. ഇത്തരമൊരു സാഹചര്യത്തില്‍ നിയമനിര്‍മാണത്തിലുപരി ബോധവത്കരണമാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ഫലപ്രദമെന്ന അഭിപ്രായവും ഉയര്‍ന്നു വരുന്നുണ്ട്.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കേണ്ടത് ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളാണ്. അതേസമയം അവരില്‍ നല്ലൊരു പങ്കും അന്ധവിശ്വാസങ്ങള്‍ക്കു വിധേയരാണെന്നതാണ് വസ്തുത. തിരഞ്ഞെടുപ്പടുക്കുമ്പോള്‍ ജ്യോത്സ്യന്മാരെ സമീപിക്കുന്ന നേതാക്കള്‍ ധാരാളമുണ്ട് രാഷ്ട്രീയ മേഖലയില്‍. ജനപ്രതിനിധികള്‍ 13 എന്ന സംഖ്യയെ ഭയക്കുന്ന കാര്യം പലപ്പോഴും ചര്‍ച്ചയാകാറുള്ളതാണ്. 13 എന്ന അക്കത്തില്‍ ദുര്‍ലക്ഷണം ഭയപ്പെട്ട് 13ാം നമ്പര്‍ സ്റ്റേറ്റ് കാറും മന്ദിരങ്ങളും ഉപയോഗിക്കാന്‍ വിസമ്മതിക്കുന്നവരാണ് മന്ത്രിമാരില്‍ പലരും. എം എ ബേബി, തോമസ് ഐസക്ക് തുടങ്ങി ചില മന്ത്രിമാരാണ് ഇതിനപവാദം. ഇവര്‍ 13ാം നമ്പര്‍ കാര്‍ ഉപയോഗത്തിനായി തിരഞ്ഞെടുക്കുകയും ഈ സംഖ്യ തങ്ങളുടെ വ്യക്തിജീവിതത്തിലോ ഔദ്യോഗിക ജീവിതത്തിലോ യാതൊരും കോട്ടവും വരുത്തില്ലെന്ന് അനുഭവത്തിലൂടെ കാണിച്ചു തരികയും ചെയ്തു.
എന്തിനേറെ കോടതികള്‍ പോലും ഇതില്‍ നിന്ന് മുക്തമല്ല. കേരള ഹൈക്കോടതിക്ക് 13നെ വലിയ ഭയമാണ്. തൊണ്ണൂറുകളിലാണ് ഹൈക്കോടതിക്ക് മുപ്പതിനോടുള്ള ഭയം പ്രകടമായത്. ഒരു ദിവസം പൊടുന്നനെ ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് 13 എന്ന സംഖ്യ അപ്രത്യക്ഷമാകുകയും മുറികളുടെ നമ്പര്‍ 12ന് ശേഷം 14 ആയി മാറുകയും ചെയ്തു. 13ാം നമ്പര്‍ മുറിയുടെ പേര് 12-എ എന്നാക്കി മാറ്റുകയായിരുന്നു. പതിമൂന്നാം നമ്പര്‍ ചേംബറില്‍ ജോലിചെയ്തിരുന്ന ജഡ്ജിമാര്‍ അകാലമൃത്യു വരിക്കുന്നുവെന്ന വിശ്വാസമായിരുന്നു ഇതിനു പിന്നില്‍. ഇടക്ക് മറ്റു ചേംബറുകളിലെ പല ജഡ്ജിമാരും മരിച്ചുവെങ്കിലും അക്കാര്യം ബന്ധപ്പെട്ടവര്‍ കണക്കിലെടുത്തില്ല. ഹൈക്കോടതിയുടെ ഈ അന്ധവിശ്വാസത്തിനെതിരെ ഇരിട്ടി സ്വദേശി എന്‍ കെ ചന്ദ്രമോഹന്‍ എന്ന വ്യക്തി ഹൈക്കോടതിയില്‍ തന്നെ പൊതുതാത്പര്യ ഹരജി ഫയല്‍ ചെയ്തു. കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് വി കെ ബാലി, ജസ്റ്റിസ് സിരിജഗന്‍ എന്നിവരടങ്ങിയ ബഞ്ച്, ഹരജി തള്ളുക മാത്രമല്ല, ചന്ദ്രമോഹന് 10,000 രൂപ പിഴ ചുമത്തുകയും ചെയ്തു. തുടര്‍ന്ന് ചന്ദ്രമോഹന്‍ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് 13ാം നമ്പര്‍ മുറി തിരിച്ചു കൊണ്ടുവരുന്നതിന് പകരം, ഓരോ നിലകളുടെയും നമ്പറില്‍ ആല്‍ഫബെറ്റുകള്‍ ചേര്‍ത്ത് മുറികള്‍ക്ക് നമ്പര്‍ നല്‍കുകയാണ് അധികൃതര്‍ ചെയ്തത്. അന്ധവിശ്വാസ വിഷയത്തില്‍ ആദ്യം ബോധവത്കരിക്കേണ്ടത് ഇത്തരം ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെയാണ്.
source https://www.sirajlive.com/witchcraft-and-legislation.html
Post a Comment