സോള്‍ | ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ ഹാല്ലോവീന്‍ ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 151 പേര്‍ മരിച്ച സംഭവത്തില്‍ ദുഃഖാചരണം പ്രഖ്യാപിച്ചു. പ്രസിഡന്റ് യൂന്‍ സുക് യോള്‍ ആണ് ദേശീയ ദുഃഖാചരണത്തിന് ആഹ്വാനം ചെയ്തത്. മരിച്ചവരുടെ കുടുംബത്തിന് ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ സംസ്‌കാര ചടങ്ങുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കുടുംബത്തിന് ചടങ്ങുകള്‍ക്ക് ആവശ്യമായ ധനസഹായം നല്‍കുമെന്നും പ്രസിഡന്റ് അറിയിച്ചു.
ദുരന്തത്തിനിടയാക്കിയ കാരണം കണ്ടെത്താന്‍ സമഗ്രാന്വേഷണം നടത്തിവരികയാണെന്ന് യൂന്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സോളിലെ പ്രശസ്തമായ മാര്‍ക്കറ്റിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 151 പേരാണ് മരിച്ചത്. 150 പേര്‍ക്ക് പരുക്കേറ്റു. ഇട്ടാവോയിലെ ഇടുങ്ങിയ തെരുവില്‍ ഹാല്ലോവീന്‍ ആഘോഷത്തിനായി തടിച്ചുകൂടിയവരാണ് ദുരന്തത്തിനിരയായത്. ഒരുലക്ഷത്തോളം പേരാണ് ആഘോഷത്തിനെത്തിയത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. ഹൃദയാഘാതമാണ് പലരുടെയും മരണത്തിന് കാരണമായത്.
നൂറുകണക്കിന് കടകളും പാര്‍ട്ടി കേന്ദ്രങ്ങളുമാണ് ദുരന്തം സംഭവിച്ച മാര്‍ക്കറ്റിലുള്ളത്. പരേതാത്മാക്കള്‍ ഭൂമിയിലിറങ്ങുമെന്ന വിശ്വാസത്തിന്റെ ഭാഗമായുള്ളതാണ് ഹാല്ലോവീന്‍ ആഘോഷം. കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് രണ്ടുവര്‍ഷമായി ആഘോഷം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
source https://www.sirajlive.com/tragedy-during-halloween-celebrations-mo-in-south-korea.html
Post a Comment