നോളജ് സിറ്റി | അന്താരാഷ്ട്ര സർവകലാശാലാ മേധാവികളുടെ ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് മർകസ് നോളജ് സിറ്റിയിൽ തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരും സർവ്വകലാശാലാ മേധാവികളുമാണ് പങ്കെടുക്കുന്നത്. കെയ്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗും, കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജാമിഅ മർകസും സംയുക്തമായി, ”കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിൽ അന്താരാഷ്ട്ര പങ്കാളിത്തം” എന്ന പ്രമേയത്തിലാണ് കോഴിക്കോട് നോളജ് സിറ്റിയിൽ അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗ് ജനറൽ സെക്രെട്ടറി ഡോ. ഉസാമാ മുഹമ്മദ് അൽ അബ്ദ് അടക്കമുള്ളവർ നേരത്തെ തന്നെ നോളജ് സിറ്റിയിൽ എത്തിയിട്ടുണ്ട്.
നാല്പത് രാജ്യങ്ങളിൽ നിന്നുള്ള വിവിധ സർവ്വകലാശാലകളിൽ നിന്നായി ഇരുനൂറിലേറെ പ്രതിനിധികളാണ് കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഇന്ന് മുതൽ പത്തൊമ്പത് വരെ നീളുന്ന ഉച്ചകോടി മുഖ്യമന്ത്രി പിണറായി വിജയൻ അൽപസമയത്തിനകം ഉദ്‌ഘാടനം നിർവഹിക്കും. മൂന്ന് ദിവസങ്ങളിൽ, എട്ട് സെഷനുകളിലായി നടക്കുന്ന സമ്മേളനത്തിൽ വിവിധ സർവ്വകലാശാലകളുടെ മേധാവികൾ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
അക്കാദമിക് ചർച്ചകൾക്ക് പുറമെ, കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിന് സഹായിക്കുന്ന കണ്ടുപിടുത്തങ്ങൾ, ഉത്പന്നങ്ങൾ, ഉപകരണങ്ങൾ, പദ്ധതികൾ തുടങ്ങിയവയുടെ എക്സിബിഷനും ഉണ്ടാകും. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച സുപ്രധാന നിലപാടുകൾ പ്രഖ്യാപിക്കുന്ന മലബാർ ക്ലൈമറ്റ് ആക്ഷൻ ഡിക്ലറേഷനും സമ്മിറ്റ് പുറത്തിറക്കും.
source https://www.sirajlive.com/international-climate-summit-kicks-off-in-knowledge-city.html
Post a Comment