സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ രാജ്യത്തിന് മാതൃകയെന്നഭിമാനം കൊള്ളുന്ന കേരളത്തിലും നരബലി! പതിറ്റാണ്ടുകളുടെ ശ്രമഫലമായി സംസ്ഥാനം നേടിയെടുത്ത സാമൂഹിക പുരോഗതിയുടെയും നവോത്ഥാന മൂല്യങ്ങളുടെയും പിന്‍നടത്തത്തിലേക്കാണ് പത്തനംതിട്ട ഇലന്തൂരിലെ നരബലി വിരല്‍ ചൂണ്ടുന്നത്. നിയമം മുഖേന നിരോധിച്ചതാണ് ഇത്തരം പൈശാചിക ആചാരങ്ങളെങ്കിലും ചില ജനവിഭാഗങ്ങള്‍ക്കിടയിലെ അന്ധവിശ്വാസങ്ങള്‍ ഇതാവര്‍ത്തിക്കാനിടയാക്കുകയാണ്. എളുപ്പത്തില്‍ പണം സമ്പാദിക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ വ്യാജ സിദ്ധന്മാരും ദുര്‍മന്ത്രവാദികളും ഇത്തരം പ്രാകൃത കര്‍മങ്ങളുടെയും അനാചാരങ്ങളുടെയും പ്രചാരകരായി വര്‍ത്തിക്കുകയും ചെയ്യുന്നു.
മനുഷ്യരെ കൊലപ്പെടുത്തി രക്തം ‘ദേവത’ക്കു നിവേദിക്കുന്ന പ്രവൃത്തിയാണ് നരബലി. ദേവപ്രീതി, ഭൂമിയുടെ ഫലപുഷ്ടി വര്‍ധിപ്പിക്കല്‍, അമാനുഷിക ശക്തികള്‍ സ്വായത്തമാക്കല്‍, രോഗമുക്തി, സന്താനഭാഗ്യം, സമ്പത്തും ഐശ്വര്യവും വര്‍ധിപ്പിക്കല്‍, പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായാണ് ഇത് നടത്തപ്പെടുന്നത്. പാലങ്ങളോ വീടുകളോ പാതകളോ നിര്‍മിക്കുമ്പോള്‍ അതിന്റെ ഉറപ്പിന് വേണ്ടിയും യുദ്ധങ്ങള്‍ക്ക് മുമ്പും പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുമ്പോഴും രാജാക്കന്മാര്‍ മരിക്കുമ്പോഴുമെല്ലാം നരബലി നടത്താറുണ്ട്. ചരിത്രാതീത കാലം മുതല്‍ പല സമൂഹങ്ങളും ഇത് അനുഷ്ഠിച്ചിരുന്നു.
അമേരിക്ക, ചൈന, ജപ്പാന്‍, ഗ്രീസ്, ടാന്‍സാനിയ തുടങ്ങി മിക്ക ലോകരാജ്യങ്ങള്‍ക്കും പറയാനുണ്ട് നരബലിയുടെ കഥകള്‍. ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവിന്റെ വടക്കന്‍ തീരത്തെ നരബലിയാണ് ലോക ചരിത്രത്തിലെ ഏറ്റവും വലിയ ബലിയായി കണക്കാക്കുന്നത്. നൂറുകണക്കിനു കുട്ടികളാണ് ഇവിടെ ബലിയര്‍പ്പിക്കപ്പെട്ടത്. ഇവരില്‍ 227 കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തുകയുണ്ടായി. പ്രകൃതിയെ പ്രീതിപ്പെടുത്താനായി 12 മുതല്‍ 15 വരെ നൂറ്റാണ്ടുകളിലാണ് ഈ കുട്ടികള്‍ ബലിയര്‍പ്പിക്കപ്പെട്ടത്.
കൊറിയയിലെ ജിയോംഗ്ജുവില്‍ മൂണ്‍ കാസിലിന്റെ മതിലുകള്‍ക്കു താഴെ പഴക്കമുള്ള ചില അസ്ഥികൂടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. കോട്ടയുടെ കെട്ടുറപ്പിന് വേണ്ടി അതിന്റെ നിര്‍മാണത്തിനു മുമ്പ് ബലിയര്‍പ്പിക്കപ്പെട്ടവരുടേതാണ് ഇവയെന്നാണ് കരുതപ്പെടുന്നത്. ചൈനയിലെയും ഈജിപ്തിലെയും രാജാക്കന്മാരുടെ ശവകുടീരങ്ങളില്‍ നിന്ന് നൂറുകണക്കിന് ആളുകളുടെ ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നു. രാജാക്കന്മാര്‍ മരിക്കുമ്പോള്‍ അവരെ അനുനയിക്കാന്‍ വേണ്ടി കൂട്ടമായി കൊന്ന് രാജാവിനൊപ്പം സംസ്‌കരിച്ചതാകാമെന്നാണ് ഗവേഷകരുടെ അനുമാനം.
ഇന്ത്യയില്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും തമിഴ്നാട് പോലുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും നരബലി നടക്കാറുണ്ട്. തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ തേങ്കനിക്കോട്ട് രണ്ടാഴ്ച മുമ്പ് നരബലി നടന്നിരുന്നു. ബലി നടത്തിയാല്‍ നിധി കിട്ടുമെന്ന വിശ്വാസത്തില്‍ മന്ത്രവാദി കര്‍ഷകനെ പൂജക്കിടെ തലക്കടിച്ചു കൊല്ലുകയാണുണ്ടായത്. 2015ല്‍ തമിഴ്നാട് മധുരയിലെ ഗ്രാനൈറ്റ് ക്വാറിയില്‍ അനധികൃത ഖനനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ഏഴ് മൃതശരീരങ്ങള്‍ കണ്ടെടുത്തതിനു പിന്നാലെ നരബലിയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടത്. ക്വാറിയുടെ സമൃദ്ധിക്കായാണത്രെ ഈ ബലികള്‍. കര്‍ണാടകയിലെ ബദാന ഗോഡിഗ്രാമത്തില്‍ നിധി ലഭിക്കുന്നതിനായി യുവാവ് മുത്തശ്ശിയെ നരബലി നടത്തിയിരുന്നു. 2019ല്‍ ഭഗല്‍പൂരില്‍ മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം പത്ത് വയസ്സുകാരനെ അമ്മാവന്‍ കഴുത്തറുത്തു കൊന്നത് സന്താന സൗഭാഗ്യത്തിനായിരുന്നു.
കേരളത്തില്‍ അത്ര പരിചിതവും വ്യാപകവുമല്ല നരബലി. എങ്കിലും ഇടക്കിടെ സംസ്ഥാനത്തും നടക്കാറുണ്ട് ഈ പ്രാകൃതാചാരം. 2021ല്‍ പാലക്കാട് പുതുപ്പള്ളി തെരുവിലും 2018 ആഗസ്റ്റില്‍ തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനത്തും 2012ല്‍ തിരുവനന്തപുരം പൂവാറിലും 1995ല്‍ രാമക്കല്‍മേടും നരബലി നടന്നിട്ടുണ്ട്. കുട്ടനാടന്‍ കൃഷിയിടങ്ങളില്‍ മട ഉറക്കാതെ വന്നാല്‍ ഒരു മനുഷ്യശരീരം ബലി നല്‍കി അതിനുമേല്‍ മടയുറപ്പിക്കുന്ന പതിവ് അടുത്ത കാലം വരെയുണ്ടായിരുന്നുവത്രെ. തിരുവല്ല ഇലന്തൂരിലെ നരബലിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കൊച്ചി കടവന്ത്ര പഞ്ചവടി കോളനിയിലെ 52 വയസ്സ് പ്രായമായ പത്മ, വടക്കാഞ്ചേരി കാലടിയില്‍ താമസിച്ചിരുന്ന ആലപ്പുഴ കൈനടി സ്വദേശി റോസ്‌ലിന്‍ (49) എന്നിവരാണ് ഇവിടെ നരബലിക്കു വിധേയമായത്. ഇലന്തൂര്‍ സ്വദേശികളായ ദമ്പതികളുടെ സാമ്പത്തിക ഉന്നതിക്കു വേണ്ടിയായിരുന്നു ഈ പൈശാചികവൃത്തി. ബലിക്കു ശേഷം രണ്ട് പേരുടെയും മൃതദേഹങ്ങള്‍ ചെറിയ കഷണങ്ങളായി വെട്ടിനുറുക്കുക മാത്രമല്ല, ഈ മാംസം ദമ്പതികള്‍ പച്ചക്ക് ഭക്ഷിച്ചതായും ചോദ്യം ചെയ്യലില്‍ പ്രതികള്‍ വെളിപ്പെടുത്തുകയുണ്ടായി. ഇത് ഭക്ഷിച്ചാല്‍ ആയുരാരോഗ്യമുണ്ടാകുമെന്ന് ദുര്‍മന്ത്രവാദി അവരെ വിശ്വസിപ്പിക്കുകയായിരുന്നു. ബലിക്കു മുമ്പ് പത്മയും റോസ്ലിനും കൊടിയ പീഡനങ്ങള്‍ക്കിരയാകുകയും ചെയ്തു.
ചില സമുദായങ്ങളില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളാണ് നരബലി പോലുള്ള പൈശാചികാചാരങ്ങളുടെ പിന്നില്‍. ഇന്ത്യയിലെ മുസ്ലിം ഭരണവും സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ നിരന്തര ശ്രമവും കാരണം ഇത്തരം ദുരാചാരങ്ങള്‍ വലിയൊരളവോളം കുറക്കാനായെങ്കിലും എളുപ്പത്തില്‍ പണം സമ്പാദിക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ ആള്‍ദൈവങ്ങളും ദുര്‍മന്ത്രവാദികളും നരബലി പോലുള്ള ആചാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മറ്റുള്ളവരുടെ ജീവിതവും ഭാവിയും തകര്‍ത്തെങ്കിലും സ്വന്തം നില ഭദ്രമാക്കുകയെന്നതാണ് ഇവരുടെ നിലപാട്. അന്ധവിശ്വാസ പ്രചാരണങ്ങളിലൂടെ വിശ്വാസികളെ മാനസികമായി അടിമപ്പെടുത്തുകയും അതിലൂടെയുണ്ടാക്കുന്ന സാമ്പത്തിക അടിത്തറയിലൂടെ ആത്മീയ അധോലോകം വിപുലീകരിക്കുകയും ചെയ്യുന്ന ഇത്തരം വ്യാജസിദ്ധന്മാര്‍ക്കും ആള്‍ദൈവങ്ങള്‍ക്കുമെതിരെ ശക്തമായ നടപടി ആവശ്യമാണ്. അന്ധവിശ്വാസ പ്രചാരകന്‍മാരുടെ സ്വാധീനത്തില്‍ നിന്ന് പാവപ്പെട്ട ജനവിഭാഗങ്ങളെ മോചിപ്പിക്കാന്‍ ശക്തമായ ബോധവത്കരണവും സംഘടിപ്പിക്കേണ്ടതുണ്ട്.
source https://www.sirajlive.com/is-social-progress-retarding-2.html
إرسال تعليق